അഭിനയ രംഗത്ത് മലയാള സിനിമയിൽ സജീവമാകുകയാണ് രഘുനാഥ് പാലേരി എന്ന പ്രശസ്ത തിരക്കഥാകൃത്ത് മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് സിനിമകൾ ഒരുക്കിയ രഘുനാഥ് പലേരി മധു വാരിയർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് ഫേസ്ബുക്കിൽ തുറന്നെഴുതുകയാണ്. മനോഹരമായ ഭൂപ്രദേശത്ത് നിന്ന് അതി മനോഹരമായി ഒപ്പിയെടുത്ത സിനിമയിലെ കുടുംബ ഫോട്ടോയെക്കുറിച്ചാണ് രഘുനാഥ് പാലേരിയുടെ വർണന.
“ലളിതം സുന്ദരം”
മധു വാരിയർ സംവിധാനം ചെയ്യുന്ന പ്രഥമ സിനിമയുടെ ഭാഗമായി പ്രവർത്തിച്ച ദിവസങ്ങൾ എന്നിലുടെ കടന്നുപോയത്, തൊട്ടുരുമ്മി നിന്ന് പെയ്തകന്ന ഒരു മഴ പോലെയാണ്. അത്രക്കും ആനന്ദകരം. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ചിത്രികരണം തീരാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, നിർത്തി വെക്കേണ്ടി വന്ന “ലളിതം സുന്ദരം”, മാസങ്ങൾക്കു ശേഷം സർവ്വവിധ മുൻകരുതലോടെ ഭംഗിയായി സുന്ദരമാകുന്നത് കണ്ടപ്പോൾ, ഒരു നിർവ്വതി.
ചിത്രീകരണത്തിന്റെ അവസാന നാളുകളിൽ ഒന്നിൽ വാഗമൺ മലനിരകളുടെ പച്ചപ്പും കണ്ടുനിൽക്കേ അരികിൽ നിൽക്കുന്ന ബിജു മേനോൻ സംവിധായകനോട് ഒരാഗ്രഹം പ്രകടിപ്പിച്ചു.
” ഇവിടെ നിന്നൊരു കുടുംബ ഫോട്ടോ എടുത്താൽ മനോഹരമായിരിക്കില്ലേ ?”
പപ്പയും മമ്മയും മക്കളും പേരക്കുട്ടികളും ഉള്ള ഏത് കടുംബത്തിനും പ്രകൃതിയുടെ കരുത്തുറ്റ ആവരണം കൂടി തങ്ങൾക്ക് ചുററും ഉണ്ടെന്നറിയുമ്പോൾ, കൈവിട്ടു പോകുന്ന സ്നേഹത്തിന്റെ കാറ്റും കുളിരും അവരിലേക്ക് താനെ വന്നു നിറയും.
സിനിമയിലായാലും ജീവിതത്തിലായാലും,
ഒരു മലനിരയുടെ നടുവിൽ പ്രകാശം ചിതറി നിൽക്കുന്ന ജലാശയംപോലാണ് കുടുംബം.
Post Your Comments