അന്തരിച്ച നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച് സംവിധായകൻ ഷാഫി. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുമെന്ന് ഷാഫി കുറിക്കുന്നു. നമുക്ക് നഷ്ടപ്പെട്ടത് കല്യാണരാമനിലെ മുത്തച്ഛനെ അല്ല മറിച്ച് നമ്മുടെയെല്ലാം സ്വന്തം മുത്തച്ഛനെയാണെന്ന് ഷാഫി പറയുന്നു.
ഷാഫിയുടെ വാക്കുകൾ
കല്യാണരാമൻ എന്ന സിനിമ ഇപ്പോഴും ആളുകൾ ഓർത്തുവയ്ക്കുന്ന സിനിമയാണ്. ഇപ്പോഴും ചാനലിൽ വരികയും ട്രോളുകളിൽ നിറയുകയും ചെയ്യുന്ന ഒരു സിനിമയാണ് അത്. ആ സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്. അതിൽ വളരെ പുതുമയുള്ള ഒരു സംഭവമായിരുന്നു ഈ മുത്തച്ഛനും മുത്തശ്ശിയുമായുള്ള സൗഹൃദം. അതിനു പറ്റിയ ആളെ തിരയുന്ന സമയത്ത് ഉണ്ണികൃഷ്ണൻ തിരുമേനിയുടെ മുഖം തന്നെയാണ് ഓര്‍മ വന്നത്. മുത്തച്ഛനെയും മുത്തശ്ശിയേയും അഭിനയിപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അവർ വളരെ അനായാസമായി അഭിനയിച്ചു.
എല്ലാവരോടും വളരെ സൗഹൃദത്തിലായിരുന്നു അദ്ദേഹം. പ്രായത്തിന്റെ ഓർമ്മക്കുറവ് വരുന്നതുവരെ എന്നെ ഫോണിൽ വിളിക്കുമായിരുന്നു. എല്ലാവരോടും അദ്ദേഹം സ്നേഹവും സൗഹൃദവും നിലനിർത്തിയിരുന്നു. കാണുമ്പോഴൊക്കെ അദ്ദേഹത്തിന്റെ സ്നേഹം ആ കണ്ണിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. ലൊക്കേഷനിൽ എല്ലാവരുമായി തമാശ പറഞ്ഞു ചിരിച്ച് കളിച്ചായിരുന്നു സമയം ചെലവഴിച്ചിരുന്നത്. അതിലെ കോമഡി രംഗങ്ങൾ അഭിനയിക്കാൻ അദ്ദേഹത്തോട് പറയാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഞങ്ങളെക്കാൾ മനസ്സുകൊണ്ട് ചെറുപ്പമാണെന്ന് അദ്ദേഹം തെളിയിച്ചു, ആ രംഗങ്ങളെല്ലാം ആസ്വദിച്ച് അദ്ദേഹം അനായാസം കൈകാര്യം ചെയ്തു.
അദ്ദേഹത്തിന്റെ ശബ്ദം തന്നെയായിരുന്നു സിനിമയിൽ ഉപയോഗിച്ചത്. അത് ആ കഥാപാത്രത്തിന് മിഴിവ് പകർന്നു. അദ്ദേഹം വെറുതെയിരിക്കുമ്പോൾ പാടിയിരുന്ന പാട്ടുകൾ ഒക്കെ തന്നെയാണ് ആ സിനിമയിൽ ഉപയോഗിച്ചത്. അദ്ദേഹം എന്നെ വിളിച്ചിരുന്നത് സിനിമയുടെ കാര്യം ചോദിക്കാനല്ല മറിച്ച് സ്നേഹം കൊണ്ട് തന്നെയായിരുന്നു. കുറച്ചു നാൾ മുൻപ് ആ വിളി നിന്നിരുന്നു. ഞാൻ ഈയിടെ കൈതപ്രത്തിന്റെ മകനെ കണ്ടപ്പോൾ ഉണ്ണികൃഷ്ണൻ തിരുമേനിയെകുറിച്ച് ചോദിച്ചിരുന്നു. അദ്ദേഹത്തിന് പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ന്യൂസ് കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞത്. നമുക്ക് നഷ്ടപ്പെട്ടത് കല്യാണരാമനിലെ മുത്തച്ഛനെ അല്ല മറിച്ച് നമ്മുടെയെല്ലാം സ്വന്തം മുത്തച്ഛനെയാണ്. വളരെ വിഷമമുണ്ട്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ. ഞാൻ അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
Post Your Comments