ലഖ്നൗ: ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയെത്തുടർന്ന് താണ്ഡവ് വെബ് സീരിസിന്‍റെ അണിയറക്കാര്‍ക്കും, ആമസോണ്‍ പ്രൈമിനും എതിരെ കേസെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. ചിലപ്പോള്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം എന്നാണ് എന്‍ഡി ടിവി റിപ്പോർട്ടിൽ പറയുന്നു.
താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബിജെപി എംഎല്‍എ റാം കഥം നല്‍കിയ പരാതിയിലാണ് നടപടി. ആമസോൺ ഒറിജിനൽ കണ്ടെന്റ് മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ്,നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന താരങ്ങളായ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് സീരിസ് എന്നാണ് എഫ്ഐആര്‍ പറയുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മാധ്യമ ഉപദേശകന്‍ മണി ത്രിപാഠി കേസ് ഫയല്‍ ചെയ്തതിന്‍റെ രേഖകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിന് വേണ്ടി തയ്യാറാകൂ എന്നും ട്വീറ്റിലുണ്ട്.
ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത ‘താണ്ഡവ്’ ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments