കോവിഡിനെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ അടുത്തിടയിലാണ് തുറന്നത്. തമിഴ് ചിത്രം ‘മാസ്റ്ററി’ന്‍റെ റിലീസോടെയാണ് തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയും തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ കൂട്ടമായെത്തിയതും കേരളത്തിലെ തിയറ്റര്‍ വ്യവസായത്തിന് പ്രതീക്ഷ പകരുകയാണ്. അതിന്റെ ഭാഗമായി ഇരുപതിലേറെ മലയാള സിനിമകളാണ് അണിയറയിൽ റിലീസിനായി തയ്യാറെടുത്തിരിക്കുന്നത്.
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ അടക്കം ആറ് ചിത്രങ്ങളാണ് ഇതുവരെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ മരക്കാറിന് മുമ്പായി മാര്‍ച്ച് 26നു മുന്‍പ് റിലീസിന് സന്നദ്ധത അറിയിച്ചിരിക്കുന്നത് ഇരുപതിലേറെ സിനിമകളാണ്. മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’, ‘വണ്‍’, കുഞ്ചാക്കോ ബോബന്‍റെ ‘മോഹന്‍ കുമാര്‍ ഫാന്‍സ്’, ‘നിഴല്‍’, പൃഥ്വിരാജിന്‍റെ ‘കോള്‍ഡ് കേസ്’ എന്നിവയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍.
എന്നാല്‍ റിലീസിന് തയ്യാറെന്നു പറഞ്ഞ് നിര്‍മ്മാതാക്കള്‍ തീയേറ്ററുകള്‍ക്ക് നല്‍കിയിരിക്കുന്ന തീയതികളാണ് ഇതെന്നും റിലീസ് തീയതികളില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്നും ഫിയോക് വൈസ് പ്രസിഡന്‍റ് സോണി തോമസ് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ (തിയറ്ററിലെ 50 ശതമാനം പ്രവേശനം) റിലീസിന് തയ്യാറാണെന്നു പറഞ്ഞ് 23 ഓളം സിനിമകളുടെ നിര്‍മ്മാതാക്കള്‍ മുന്നോട്ടുവന്നിരുന്നു. റിലീസിന് താല്‍പര്യമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്ന തീയതികളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്തായാലും തിയറ്ററുകൾ തുറന്നതിൽ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലാണ്. നല്ല ചിത്രങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഏവരും.
Post Your Comments