അനുപമ പരമേശ്വരനും ആര്‍ ജെ ഷാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുകയാണ്. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഡോ. നിഷ എസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുകയാണ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് പൊളിറ്റിക്കലി കറക്റ്റ് അല്ലായിരിക്കാം. പക്ഷെ, കേരളത്തിലെ പല സ്ത്രീകളുടെയും അവസ്ഥ അതാണ്. കുടുംബബന്ധങ്ങളില്‍ വിര്‍ച്വല്‍ ബന്ധങ്ങള്‍ വില്ലന്‍ ആവുന്നിടത്ത് കാര്യങ്ങളുടെ യഥാര്‍ത്ഥമായ പോക്കിന് ആ ശൈലിയുമായി സാമ്യം ഉണ്ട്. ഡിപ്രഷനോളം പോകുന്ന പല സ്ത്രീകളും, വളരെ പതുക്കെ ഇവോള്‍വ് ചെയ്യുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.ആശ്വാസം കണ്ടെത്താന്‍ പുരുഷസുഹൃത്തുക്കളോട് അടുക്കുന്നവരും അങ്ങനെ മറ്റൊരു കുടുംബത്തിലേക്കും കൂടി നീളുന്ന പ്രശ്‌നങ്ങളും ഉണ്ട്. ഭര്‍ത്താവിന്റെ അവിഹിതം അറിഞ്ഞാലേ സ്വന്തം സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുകയുള്ളോ എന്ന് ചോദിക്കാന്‍ എളുപ്പമാണ്. മധ്യവര്‍ഗമലയാളി പെണ്‍കുട്ടിക്ക് കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളും ഭര്‍ത്താവുമായി സന്തോഷമായി കഴിയുക എന്നതാണ് ഇപ്പോഴും വലിയ സ്വപ്നം.അതൊരു ശെരി എന്നല്ല പറഞ്ഞത്. അതാണ് അവസ്ഥ.ഭര്‍ത്താവിന്റെ കുടുംബത്തില്‍ തന്നെ താമസിക്കേണ്ടി വരുന്നവര്‍ക്ക് അവിടുത്തെ നിലവിളക്ക് ആകുക എന്ന ക്‌ളീഷേ ഉപദേശം ആകും അമ്മ കൊടുത്തു വിടുക. അതിനൊരു സാമ്ബത്തിക വശം കൂടി ഉണ്ട്. മക്കളെ പഠിപ്പിച്ചു പ്രോഫഷണല്‍ ഒക്കെ ആക്കി വിട്ട് മാതാപിതാക്കള്‍ ഒന്ന് സ്വസ്ഥമാകുക ആണ് ചെയ്യുക. അതൊരു ഭാരമിറക്കല്‍ ഒന്നും ആയി കാണേണ്ടതുമില്ല. വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരം വാദിക്കാന്‍ ഉള്ള പ്രിവിലേജില്‍ അവര്‍ ഇന്നത്തെ യുവതലമുറയെ എത്തിച്ചത് അവരുടെ പല താല്പര്യങ്ങളും മാറ്റി വെച്ച് പ്ലാന്‍ ചെയ്‌തൊക്കെ ജീവിച്ചിട്ടാകും. ഇന്ന് അറുപതുകളില്‍ ഒക്കെ നിക്കുന്ന മാതാപിതാക്കളുടെ കാര്യമാണ്.അത് ഭര്‍ത്താവിന്റെ ആയാലും അങ്ങനെ തന്നെ. അപ്പോള്‍ അതൊക്കെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കണ്ടങ്ങു ഓടിതുടങ്ങും. അതൊരു മനോഹരമായ കൊടുക്കല്‍ വാങ്ങലുമാകാം. ചൂഷണവും ആകാം. അങ്ങനെ ഉള്ള സാഹചര്യത്തില്‍,തിറിച്ചറിവ് ഏറെ താമസിച്ചു വരുന്നവരും വരാത്തവരും കാണും.അതാണ് റിയാലിറ്റി.
read also:14 വര്‍ഷംതന്നെ ബലാത്സംഗം ചെയ്തു; മന്ത്രിക്കെതിരെ പരാതിയുമായി ഗായിക
തിരക്കഥയിലെ പാളിച്ചകളും ആശയപരമായ ക്ലാരിറ്റി ഇല്ലായ്മയും ഒക്കെ സത്യമായിരിക്കെ തന്നെ, ഇതിനെ വിമര്‍ശിക്കുന്നവരില്‍ എത്രപേര്‍ ഇണയുടെ മറ്റൊരു ഇണ എന്ന സത്യത്തോട് പകയില്ലാതെ പൊരുത്തപ്പെടും എന്ന് പറയണം. ഒരു സ്ത്രീയുടെ കേസ് ഓര്‍മയുണ്ട്. അഞ്ചാറു കൊല്ലം മുന്‍പ്,അവര്‍ വളരെ സ്വസ്ഥമായി ജീവിച്ചിരുന്ന ലോകത്തേക്ക് ഭര്‍ത്താവിന്റെ മുന്‍കാമുകിയുടെ സാന്നിധ്യം വരുന്നത് അയാളുടെ വാട്‌സ്‌ആപ് ഗാലറിയില്‍ മറ്റേതോ ചിത്രം കാണിക്കുന്നതിനിടയില്‍ കണ്ണില്‍പ്പെട്ട അവരുടെ ഫോട്ടോയിലൂടെ ആണ്. അവര്‍ അതാരാണ് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ആരോ എന്ന് പറയുന്നു. പക്ഷെ മുന്‍കാമുകി ഇതിനു മുന്നേ ഭാര്യയോട് ഫേസ്ബുക്കില്‍ സംസാരിച്ചിട്ടുണ്ട്. അവരെപ്പറ്റി പറഞ്ഞിട്ടുണ്ട് എങ്കിലും അയാള്‍ അവരുടെ ഫോട്ടോ ഒന്നും കാണിച്ചിരുന്നില്ല.fb പരിചയം പുള്ളി അറിഞ്ഞിട്ടില്ല. സില്ലുനുക്ക് ഒരു കാതല്‍ സ്‌റ്റൈല്‍ കണ്‍സപ്റ്റ് ഒക്കെ ആയിരുന്നു ഭാര്യയുടെ മനസ്സില്‍. അവര്‍ അത് കാര്യമാക്കുന്നില്ല. പതുക്കെ ഭര്‍ത്താവ് ഫോണ്‍ അങ്ങോട്ട് ലോക്ക് ചെയ്തു വെക്കുന്നു. അത് അയാളുടെ പ്രൈവസി ആണ്. ശെരി ആയിരിക്കാം. പക്ഷെ, ഭര്‍ത്താവ് ഉള്ളപ്പോ അല്ലാതെ അയാളുടെ ഫോണില്‍ തൊടുക പോലും ചെയ്യാത്ത, സ്വന്തമായി ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇല്ലാത്ത ഒരാള്‍ ആയിരുന്നു അവര്‍ അത് വരെ. അപ്പോള്‍ നമ്മള്‍ അവരുടെ സ്വാതന്ത്ര്യബോധത്തെ പരിഹസിക്കാം. പക്ഷെ, സ്വന്തം ലോകം എന്നത് ഒരാളിലേക്ക് ചുരുക്കുക എന്നത് ചോയിസായി എടുക്കുന്നവര്‍ ഉണ്ട്. അവിടെ, ആ വ്യക്തിയുടെ ബ്രോട്ട് അപ്പ് തുടങ്ങി പല കാര്യങ്ങളും ഭാഗമാകുന്നുണ്ട്. വിവാഹം എന്ന ഇന്‌സ്ടിട്യൂഷന്‍ ചൂസ് ചെയ്യുന്ന ഒരാള്‍ക്ക് മറുവശം നില്‍ക്കുന്ന ഒരാള്‍ക്ക് വേണ്ടി ചില മനസിലാക്കലുകള്‍ നടത്താനുള്ള ബാധ്യതയുണ്ട്. അല്ലെങ്കില്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പിനെ ഒക്കെ പറ്റി അറിയുകയും അതിലേക്ക് മനസ് എത്തുകയും ചെയ്തിട്ടുള്ള ആളാണോ ഇണ എന്ന് നോക്കി കണ്ട് ഒക്കെ തെരഞ്ഞെടുക്കണം.
മുന്‍പ് പറഞ്ഞ കേസിലേക്ക് വരാം. ഭര്‍ത്താവിന്റെ വീട്ടില്‍, അദ്ദേഹത്തിന്റെ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും നോക്കി കഴിയുകയും സ്വന്തം കരിയര്‍ തല്ക്കാലം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒതുക്കി വെക്കുകയും ചെയ്ത സ്ത്രീയോട് അയാള്‍ പറഞ്ഞു, ഇത് എന്റെ പോളിസിയാണ് ഇനി മുതല്‍. എന്റെ ഫോണ്‍ എന്റെ പ്രൈവസി ആണ് എന്ന്.ആ സ്ത്രീ ആകെ ഷാറ്റേഡായി.അത് വരെ ആ വീട്ടില്‍ അവര്‍ പ്രൈവസി എന്താണ് എന്ന് അറിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്.അവര്‍ പല രീതിയില്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ നോക്കി. അയാളോട് അവര്‍ ആദ്യം പറഞ്ഞത്, ആരോടെങ്കിലും താല്പര്യം ഉണ്ടെങ്കില്‍ അത് താന്‍ അറിയാതെ നോക്കണം, മെസേജ് ഒക്കെ ഡിലീറ്റ് ചെയ്‌തോളൂ, പക്ഷെ ഫോണ്‍ ലോക്ക് ചെയ്യരുത് എന്നാണ്. അവരുടെ ഭര്‍ത്താവ് അവരുടേതാണ് എന്ന ഒരു തോന്നല്‍ അവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ആവശ്യമാണ്.അവര്‍ അയാള്‍ക്ക് ഏറെ സമയം കൊടുത്തു. പക്ഷെ, അയാള്‍ അതൊരു സൗകര്യം ആക്കി എടുത്തു.
ഇനിയാണ് അവര്‍ മാറുന്നത്. മാറ്റങ്ങള്‍ക്കുള്ള കാരണം അവരുടെ ഇമോഷണല്‍ ഇന്‍സെക്യൂരിറ്റി തന്നെയാണ്. അത് ഒരു ശരാശരി മലയാളി സ്ത്രീയ്ക്ക് ഇപ്പോഴും ആവശ്യമാണ്. അത് എളുപ്പം ഒന്നും മാറിപ്പോകില്ല. പക്ഷെ, അവര്‍ക്ക് അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനോട് അവര്‍ കൂടുതല്‍ അടുക്കുകയും അത് അയാളുടെ വീട്ടില്‍ പ്രശ്‌നമാകുകയും ഒക്കെയാണ് പിന്നീട് ഉണ്ടായത്. ഡിപ്രഷന്‍ കടുത്തു വല്ലാത്ത അവസ്ഥയിലായിരുന്നു അവരെ ആദ്യം കണ്ടത്. പക്ഷെ, ആ സമയം ഭര്‍ത്താവ് അവരുടെ കൂടെ സപ്പോര്‍ട്ടായി നിക്കുന്നുണ്ട്. അവര്‍ അയാളിലേക്ക് മടങ്ങുകയും പിന്നീട് എന്നേക്കുമായി അയാളില്‍ നിന്ന് പുറത്തു കടക്കുകയും എന്നിട്ടും അവര്‍ ഒരുമിച്ചു തന്നെ ജീവിക്കുകയും ചെയ്യുന്നു എന്നതാണ് കഥയുടെ അറിഞ്ഞിടം വരെയുള്ള ക്ലൈമാക്‌സ്. (അവര്‍ കണ്ട സൈക്യാട്രിസ്റ്റ് അവര്‍ ഭര്‍ത്താവില്‍ നിന്ന് ഒരല്‍പ്പം ഡിറ്റാച്ച്‌ഡ് ആകാന്‍ തന്നെയാണ് അവരെ ഉപദേശിച്ചത്.അയാളോട് ബഹുമാനം തോന്നി) താന്‍ കേട്ട കഥകള്‍ എന്ന സിനിമാക്കാരന്റെ വാക്ക് ശെരിയാകും. ഇമോഷണല്‍ സെക്യൂരിറ്റി നഷ്ടമാകുമ്ബോള്‍ മാത്രം സെക്ഷ്‌വല്‍ ലൈഫിനെ പ്പോലും കാര്യമായി ശ്രദ്ധിച്ചു തുടങ്ങുന്ന പെണ്ണുങ്ങള്‍ ഇപ്പോഴുമുണ്ട്. മനുഷ്യന്‍ പോളിഗാമസ് ഒക്കെ ആയിരിക്കും. പക്ഷേ, ഒരാളില്‍ കുടുങ്ങി കിടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ട്. പുരുഷന്മാരിലും അത്തരക്കാര്‍ ഉണ്ട്. സെക്‌സിനെ വെറും ജൈവീക ചോദനയായി മാത്രം കാണുന്നവര്‍ക്ക് അപ്പുവിന്റെ സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് ഒക്കെ രസകരമായി തോന്നാം. സഹിക്കാന്‍ ആവാത്ത സ്‌നേഹത്തിന്റെ അവസാനം ആയി സെക്‌സിനെ കാണുന്നവര്‍ക്ക് അത് വല്ലാത്തൊരു ഡയലോഗ് ആയിരിക്കും. ഇണയോട് പൊസസീവ് ആകുക എന്നത് പ്രണയമനശാസ്ത്രത്തില്‍ സ്വഭാവികമാണ്.അത് ആഗ്രഹിക്കുന്നവര്‍ ധാരാളം ഉണ്ട്. അത് ഇണയുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന ലെവല്‍ ആകുമ്ബോളാണ് നെഗറ്റീവ് ആകുന്നത്. ഫ്രീഡം ആറ്റ് മിഡ്‌നൈറ്റില്‍ ശരികള്‍ മാത്രം എന്നല്ല പറഞ്ഞത്. യാഥാര്‍ഥ്യങ്ങള്‍ കുറച്ചു കൂടുതല്‍ ഉണ്ട് എന്നാണ്.
Post Your Comments