കോഴിക്കോട്: കോവിഡിനെ തുടർന്ന് പത്ത് മാസമായി അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകൾ ഇന്നാണ് തുറന്നത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ ചിത്രം മാസ്റ്ററാണ് ആദ്യം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. തമിഴ്‌നാട്ടിൽ ഉൾപ്പടെയുള്ള തിയറ്ററുകളിൽ ഇന്നലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം പ്രൊജക്ടറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ ഏറ്റവും വലിയ തീയേറ്ററായ അപ്സരയിൽ പ്രദർശനം മുടങ്ങിയത് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി.
പുലർച്ചെയുള്ള സ്പെഷ്യൽ ഫാൻ ഷോ തുടങ്ങുന്നതിന് മുൻപാണ് ഇവിടെ പ്രൊജക്ടറിൽ പ്രശ്നം കണ്ടെത്തിയത്. രാവിലെ മുതലുള്ള ഷോയ്ക്കായി നൂറുകണക്കിന് വിജയ് ആരാധകർ തീയേറ്ററിൽ എത്തിയിരുന്നു. പ്രദർശം മണിക്കൂറുകൾ വൈകിയതോടെ ഇവർ
പ്രതിഷേധമാരംഭിച്ചു. തുടർന്ന് കോഴിക്കോട് ടൌണ് പൊലീസ് സ്ഥലത്ത് എത്തി ആരാധകരെ പിരിച്ചു വിടുകയായിരുന്നു. മറ്റൊരു പ്രൊജ്കടർ എത്തിച്ച് പ്രദർശനം തുടങ്ങാൻ ശ്രമം നടത്തുന്നുണ്ടെന്നും പത്തരയോടെ ഷോ ആരംഭിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും തീയേറ്റർ മാനേജ്മെൻ്റ് അറിയിച്ചു. അല്ലാത്ത പക്ഷം ഇന്നത്തെ മുഴുവൻ ഷോകളും ക്യാൻസൽ ചെയ്യേണ്ടി വരുമെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു.
Post Your Comments