കൊവിഡ് കാലത്ത് തീയേറ്ററുകള്‍ അടഞ്ഞുകിടന്ന നീണ്ട മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ റിലീസ് ആണ് മാസ്റ്റർ. നീണ്ട കാത്തിരിപ്പിനൊടുവിൽ സൗത്ത് ഇന്ത്യ കാത്തിരുന്ന ആ ചിത്രം റിലീസ് ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായ മാസ്റ്റർ. കൈതി എന്ന ചിത്രത്തിനു ശേഷം ലോകേഷും ദളപതിയും ഒന്നിക്കുമ്പോൾ പ്രേക്ഷകനു കിട്ടുന്നത് ഒരു ഒന്നൊന്നര തിയേറ്റർ അനുഭവം തന്നെയാണ്. എന്തുകൊണ്ടാണ് മാസ്റ്റർ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞതെന്ന് സിനിമ കണ്ട് തുടങ്ങുമ്പോൾ തന്നെ മനസിലാകും. മാസ് എന്ന് പറഞ്ഞാൽ അതിരടി മാസ്.
മാസ്റ്റർ ഒരു തിയേറ്റർ അനുഭവം തന്നെയാണ്. കൈയ്യടിച്ചും വിസിലടിച്ചും കണ്ട് തീർക്കേണ്ടുന്ന ചിത്രം. എല്ലാത്തരം ആരാധകരേയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണ് മാസ്റ്റർ. തീയേറ്ററുകളില്‍ത്തന്നെ കാണാനുള്ള പടമെന്നും വിജയ്‍-വിജയ് സേതുപതി കോമ്പിനേഷന്‍ മികച്ചുനിന്നെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. വിജയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് വിജയ് സേതുപതിയുടെയും. ഒപ്പം അർജുൻ ദാസും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.
വിജയുടെ സിമ്പിൾ ഇൻട്രോ പ്രേക്ഷകന് ചെറിയ നിരാശ ആദ്യം നൽകിയിരുന്നു. എന്നാൽ, അധികം വൈകാതെ തന്നെ കൊലമാസ് സെക്കന്റ് ഇൻട്രോ എത്തി. ഇതോടെ, തിയേറ്റർ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പാവുകയായിരുന്നു. കേരളത്തിൽ 9 മണിക്കാണ് ഷോ തുടങ്ങിയതെങ്കിൽ തമിഴാട്ടിൽ രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു.
കുടിച്ചുകിടന്നാൽ പിന്നെ ഭൂകമ്പം നടന്നാൽ പോലും ഒന്നും അറിയാത്ത ആൽക്കഹോളിക് പ്രൊഫസ്സർ JD യുടെ കഥപറയുന്ന ആദ്യ പകുതി പ്രേക്ഷകനെ രസിപ്പിച്ച് മുന്നേറുന്നു. തുപ്പാക്കിക്ക് ശേഷം ഇത്രയധികം മാസ് സീനുകളും ക്ളാസ് ഷോട്ടുകളുമായി മറ്റൊരു വിജയ് ചിത്രം ഉണ്ടായിട്ടില്ല.
Also Read: മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കുഞ്ഞ് ‘അൻവി’; മനോഹര ചിത്രം പങ്കുവെച്ച് അർജുൻ അശോകൻ
പാട്ട്, ഡാൻസ്, ആക്ഷൻ എല്ലാം ഒരു ടിപ്പിക്കൽ വിജയ് സ്റ്റൈൽ തന്നെ. ആദ്യപകുതി അവസാനിക്കുന്നത് ഒരു മാസ് സീനിൽ തന്നെ. ഇന്റർവെൽ പഞ്ച് ആയിരിക്കും നാളെ ഏറ്റോം കൂടുതൽ ആഘോഷിക്കപ്പെടാൻ പോകുന്നതെന്ന് വ്യക്തം.
ആദ്യപകുതി കഴിയുമ്പോൾ കഥാഗതിയിൽ മാറ്റങ്ങളെല്ലാം സംഭവിക്കുന്നു. ഒട്ടും തന്നെ ലാഗ് ഇല്ലാതെ സിനിമ കണ്ട് തീർക്കാം. അനിരുദ്ധ് ഒരുക്കിയ സംഗീതം ഒരു പ്രത്യേക ഫീൽ തന്നെയാണ് പ്രേക്ഷകന് നൽകുന്നത്. എല്ല വിജയ് ചിത്രത്തിലേത് പോലെ തന്നെ ബി ജി എം ആണ് മാസ്റ്ററുടെയും നട്ടെല്ല്. ഫൈറ്റ് സീനുകളെല്ലാം കെങ്കേമം. ലോറി ഫൈറ്റ് ഒക്കെ വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ള വകയുണ്ട്.
പക്കാ മാസ്സ് ആക്ഷൻ സീക്വൻസുകൾ കൊണ്ട് സമ്പന്നമാണ് മാസ്റ്റർ. ഒരു ലോകേഷ് കനകരാജ് പടം എന്ന് തന്നെ പറയാം. വിജയ്നെ സാമാന്യ നല്ല രീതിയിൽ തന്നെ കണ്ട്രോൾ ചെയ്താണ് സംവിധായകൻ പ്ളെയ്സ് ചെയ്തിരിക്കുന്നത്. നായികയായി എത്തിയ മാളവിക മോഹനനും മോശമില്ലായിരുന്നു. തനിക്ക് ലഭിച്ച കഥാപാത്രം അതിമനോഹരമായി തന്നെ അവർ ചെയ്തു. ചുരുക്കി പറഞ്ഞാൽ പൈസ വസൂൽ പടം തന്നെയാണ് മാസ്റ്റർ. ഒരു വർഷം കഴിഞ്ഞുള്ള തിയേറ്റർ എക്സ്പീരിയൻസ് എന്ന് പറയുമ്പോൾ അത് മാസ്റ്റർ പോലുള്ള മാസ് പടം തന്നെ ആകണം.
റേറ്റിംഗ്: 4/5
Post Your Comments