ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന് ഇന്ന് എൺപത്തിയൊന്നാം ജന്മദിനം. അരനൂറ്റാണ്ടിലേറെയായി പ്രേക്ഷകർക്കായി ആ സ്വരരാഗം ആലപിക്കാൻ തുടങ്ങിയിട്ട്. ഒമ്പതാം വയസിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
എല്ലാ പിറന്നാൾ ദിവസവും കൊല്ലൂരിൽ മൂകാംബികാ ക്ഷേത്രത്തിൽ മുടങ്ങാതെ എത്താറുണ്ടായിരുന്നു അദ്ദേഹം. ഇത്തവണ കൊവിഡ് മൂലം അതും മുടങ്ങി. അമേരിക്കയിലെ ഡല്ലാസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കഴിഞ്ഞ 48 വർഷത്തിൽ ഒരു തവണ പോലും ജന്മദിനമായ ജനുവരി 10-ന് അദ്ദേഹം കൊല്ലൂരെത്തുന്നത് മുടക്കിയിരുന്നില്ല.
പക്ഷേ, ക്ഷേത്രനടയിൽ ഇത്തവണയും അദ്ദേഹത്തിന്റെ ശബ്ദം പാടും. വെബ് കാസ്റ്റ് വഴി അദ്ദേഹത്തിന്റെ സംഗീതാർച്ചന നടത്താനാണ് തീരുമാനം. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ ഇതിനായി പ്രത്യേക സ്ക്രീൻ സൗകര്യമൊരുക്കും.
22-ാം വയസിൽ 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത ’കാൽപ്പാടുകൾ”എന്ന സിനിമയിൽ ’ജാതിഭേദം മതദ്വേഷം…’എന്ന ഗാനത്തോടെ സിനിമ സംഗീത ലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചു.സംഗീതജ്ഞനായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോർട്ട്കൊച്ചിയിൽ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ.യേശുദാസിന്റെ ജനനം.
Post Your Comments