മലയാള സിനിമയിൽ രാജസേനന്റെ അസോസിയേറ്റായി തുടക്കം കുറിച്ച തുളസീദാസ് താൻ സംവിധാനം ചെയ്യാനിരുന്ന ഒരു സിനിമയിൽ നിന്ന് തന്നെ പുറത്താക്കിയ അനുഭവം വെളിപ്പെടുത്തുകയാണ്.
“ഞാൻ ആദ്യമായി സംവിധാനം ചെയ്ത ‘ഒന്നിന് പിറകെ മറ്റൊന്ന്’ എന്ന സിനിമയുടെ നിർമ്മാതാവ് അടുത്ത സിനിമയും ഞാൻ തന്നെ ചെയ്യണമെന്ന് പറഞ്ഞു. രാജസേനന്റെ സിനിമകൾ സ്ഥിരമായി ചെയ്തിരുന്ന അദ്ദേഹം രാജസേനനുമായുള്ള ചില തർക്കത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ അടുത്ത സിനിമ എന്നോട് ചെയ്യാൻ പറഞ്ഞു. അങ്ങനെ ആ സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. അതുമായി ബന്ധപ്പെട്ടു ഞാൻ തൃശൂർ ഹോട്ടലിൽ ചെല്ലുമ്പോൾ അവിടെ നിന്ന് എനിക്ക് ഒരു കത്ത് കിട്ടി. അത് നടൻ മാളചേട്ടൻ എഴുതിയതാണ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു. ‘ഈ സിനിമ നടക്കാൻ പാടാണ്, ശ്രദ്ധിച്ചു മുന്നോട്ടു പോകുക, നിങ്ങൾക്ക് എതിരായി ചിലർ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞത് പോലെ ആ സിനിമ നടന്നില്ല, പിന്നെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഞാൻ ചെയ്യാനിരുന്ന സിനിമയിലെ നായകനടനും അതിന്റെ പ്രൊഡക്ഷൻ കൺട്രോളറും ചേർന്ന് നിർമ്മാതാവിനോട് പറഞ്ഞു. നിങ്ങൾ അവസരം നൽകിയ രാജസേനനുമായി ഉടക്കി ഇനി അയാളുടെ അസോസിയേറ്റ് ഡയറക്ടറുമായി ഒന്നിച്ചാൽ അതും പിന്നീട് പ്രശ്നത്തിലേക്ക് പോകും എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അങ്ങനെ ആ പ്രോജക്ട് എനിക്ക് ചെയ്യാൻ സാധിച്ചില്ല”. സഫാരി ടിവിയിലെ (‘ചരിത്രം എന്നിലൂടെ’) എന്ന പ്രോഗ്രാമിൽ സംവിധായകൻ തുളസീദാസ് പങ്കുവച്ചത്.
Post Your Comments