തനിക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിച്ച അതുല്യ പ്രതിഭകളുടെ വേര്‍പാടിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടന്‍ നന്ദു. ‘നാറാണത്ത് തമ്പുരാന്‍’ എന്ന സിനിമയുടെ സെറ്റില്‍ നിന്ന് ബോബി കൊട്ടാരക്കാര എന്ന നടന്‍ മരണത്തിലേക്ക് യാത്ര പോയ അപൂര്‍വ്വ അനുഭവ കഥ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് നന്ദു.
‘ജീവിതത്തില്‍ നിന്ന് അരങ്ങൊഴിഞ്ഞ പല പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ആ ഓര്‍മ്മകള്‍ നൊമ്പരങ്ങളാണ് പലപ്പോഴും. ബഹദൂര്‍ക്ക, ആലുംമൂടന്‍ ചേട്ടന്‍, രാജന്‍ പി ദേവ്, കല്‍പ്പന അങ്ങനെ കുറച്ചു പ്രിയപ്പെട്ടവര്‍. ബോബി കൊട്ടാരക്കരയുടെ മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. നാറാണത്ത് തമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുന്നു. ജയറാമാണ് നായകന്‍. സഹനടന്മാരായി ഞാനും പൂജപ്പുര രാധാകൃഷ്ണനും ബോബി കൊട്ടാരക്കരയും. ഉച്ചയൂണിനു ശേഷം ഞങ്ങള്‍ മൂന്നു പേര്‍ക്കും ബ്രേക്ക് കിട്ടി. ജയറാമിന്റെ സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞിട്ടേ ഞങ്ങള്‍ക്കുള്ളൂ. അങ്ങനെ ഞങ്ങള്‍ സെറ്റിലിരുന്നു പാട്ട് പാടി. ഷോട്ട് റെഡിയായി എന്ന് അറിയിപ്പ് വന്നപ്പോള്‍ അവസാനത്തെ പാട്ടാണ് എന്ന് പറഞ്ഞു ബോബി പാടി. ‘മരണം വാതില്‍ക്കല്‍ ഒരു നാള്‍ മഞ്ചലുമായി വന്നു. നില്‍ക്കുമ്പോള്‍’…. സിനിമയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി എട്ടു മണിയായപ്പോള്‍ ഒരു സുഹൃത്ത് വിളിക്കുന്നു. ബോബി മരിച്ചു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലാണ്. ഞാന്‍ ഉടനെ ആശുപത്രിയിലെത്തി. മൂന്നു മണിക്കൂര്‍ മുന്‍പ് മരണത്തെക്കുറിച്ച് പാടിയ ബോബി തണുത്തു മരവിച്ചു കിടക്കുന്നു. മറക്കാന്‍ പറ്റില്ല ആ രാത്രി’.
Post Your Comments