അത് രണ്ടും വന്‍നഷ്ടം വരുത്തിയ സിനിമ: താന്‍ ചെയ്യേണ്ടായിരുന്നുവെന്നു തോന്നിയ സിനിമകളെക്കുറിച്ച് ജയരാജ്

എന്നാല്‍ ബോക്സ് ഓഫീസില്‍ വിജയിക്കുമെന്ന് പ്രതീക്ഷയില്ലാതെ ചെയ്ത 'ദേശാടനം' പോലെയുള്ള സിനിമകള്‍ വിജയമായി

കലാമൂല്യവും കൊമേഴ്സ്യല്‍ വിജയവും മലയാള സിനിമയ്ക്ക് സമ്മാനിച്ച ജയരാജ് എന്ന സംവിധായകന്‍ താന്‍ ചെയ്ത സിനിമകളുടെ ബോക്സ് ഓഫീസ് വിജയ ചരിത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ്. വിജയം പ്രതീക്ഷിക്കാതെ ചെയ്ത ദേശാടനം പോലെയുള്ള സിനിമകള്‍ വലിയ വിജയം നേടിയപ്പോള്‍ പ്രതീക്ഷയോടെ ചെയ്ത മില്ലേനിയം സ്റ്റാഴ്സും അറേബ്യയും വന്‍ നഷ്ടം വരുത്തിവെച്ച സിനിമകള്‍ ആണെന്നും ഇത് രണ്ടും പിന്നീട് ചെയ്യേണ്ടായിരുന്നുവെന്ന് സ്വയം തോന്നിയെന്നും ഒരു ടിവി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയരാജ്‌ പറയുന്നു.

‘ഞാന്‍ ചെയ്തതില്‍ ഏറ്റവും വലിയ പരാജയമുണ്ടാക്കിയ സിനിമകളായിരുന്നു മില്ലേനിയം സ്റ്റാഴ്സും, അറേബ്യയും. രണ്ടും പ്രതീക്ഷയോടെ ചെയ്ത സിനിമകളായിരുന്നു പക്ഷേ പരാജയപ്പെട്ടു. എന്നാല്‍ ബോക്സ് ഓഫീസില്‍ വിജയിക്കുമെന്ന് പ്രതീക്ഷയില്ലാതെ ചെയ്ത ‘ദേശാടനം’ പോലെയുള്ള സിനിമകള്‍ വിജയമായി. ‘ഫോര്‍ ദി പീപ്പിള്‍’ എന്ന സിനിമയും എനിക്ക് കൊമേഴ്സ്യലി വിജയം നല്‍കിയ സിനിമയാണ്. പക്ഷേ അതിന്റെ തുടര്‍ച്ചയായ ‘ബൈ ദി പീപ്പിള്‍’ കാര്യമായ ചലനമുണ്ടാക്കാതെ പോയി. ‘ഒറ്റാല്‍’, ‘കരുണം’, ‘ശാന്തം’ പോലെയുള്ള സിനിമകള്‍ പോലും നഷ്ടമുണ്ടാക്കിയില്ല. പക്ഷേ വന്‍ വിജയമാകുമെന്ന് പ്രതീക്ഷിച്ച് ചെയ്ത സിനിമകള്‍ ബോക്സ് ഓഫീസില്‍ വീണു. മോഹന്‍ലാലുമായി ഒരു സിനിമ നടക്കാതെ പോയതിലും സങ്കടമുണ്ട്. ദേശാടനത്തിനു ശേഷം ഒരു കഥ പ്ലാന്‍ ചെയ്തതാണ്. പക്ഷേ എന്റെ ചില സ്വകാര്യ വിഷയങ്ങള്‍ കാരണം അത് പിന്നീട് നടന്നില്ല’. ജയരാജ് പറയുന്നു.

Share
Leave a Comment