സിദ്ധിഖ് – ലാല്‍ കോമ്പിനേഷന്‍ മലയാള സിനിമയില്‍ ഒരുക്കിയിട്ടുള്ള ഹിറ്റുകള്‍ നിരവധിയാണ്. ഫാസിലിന്റെ സഹസംവിധായകരായി തുടങ്ങിയ ഇരുവരും ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ഹിറ്റ് സിനിമ ചെയ്തു കൊണ്ടാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഇരുവരും തമ്മിലുള്ള രസതന്ത്രത്തിന്റെ പ്രധാന വിജയം ഈഗോയില്ലാതെ വര്‍ക്ക് ചെയ്യുന്നതാണെന്നും തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അത് സമ്മതിക്കാനുള്ള മനസ്സ് രണ്ടു പേര്‍ക്കുമുണ്ടായിരുന്നുവെന്നും ‘ഗോഡ് ഫാദര്‍’ എന്ന സിനിമയിലെ ഒരു അനുഭവം പങ്കുവച്ചു കൊണ്ട് സിദ്ധിഖ് പറയുന്നു.
‘ഈഗോ ഇല്ലാതെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ഞങ്ങളുടെ സിനിമകളുടെ വിജയം. ‘ഗോഡ് ഫാദര്‍’ ചിത്രീകരിക്കുമ്പോള്‍ അതില്‍ ലളിത ചേച്ചിയുടെ വീട്ടിലേക്ക് ജഗദീഷ് വരുന്ന ഒരു രംഗമുണ്ട്, അതില്‍ കാണിക്കുന്ന വീടായിരുന്നില്ല ആദ്യം തീരുമാനിച്ചത്. മറ്റൊരു വീട്ടില്‍ അത് എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എനിക്ക് അവിടെ അത് ചിത്രീകരിച്ചാല്‍ നന്നാകില്ല എന്ന് തോന്നി, പക്ഷേ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം അവിടെ റെഡിയാണ്. ഞാന്‍ ഈ കാര്യം ലാലിനെ അറിയിച്ചു, ലാല്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇതില്‍ ഒരുപാട് കോമഡി സ്വീക്വന്‍സ് വര്‍ക്ക് ചെയ്യേണ്ട ഒരു രംഗമാണ് അത് ഇങ്ങനെയൊരു വീട്ടില്‍ വച്ച് ചെയ്‌താല്‍ ഏല്‍ക്കില്ല. എന്റെ തീരുമാനം ലാല്‍ ശരി വച്ചു. അങ്ങനെ ആ സീന്‍ അവിടെ ചിത്രീകരിച്ചില്ല . പിന്നീട് മറ്റൊരു വീട്ടില്‍ അത് എടുത്തപ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു അന്ന് സിദ്ധിഖ് അങ്ങനെയൊരു തീരുമാനമെടുത്തത് നന്നായി എന്ന്’.
Post Your Comments