പട്ടാളക്കാരുടെ ജീവിത കഥ സിനിമയാക്കികൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച സംവിധായകനാണ് മേജർ രവി. ഒരു പട്ടാളക്കാരനായി ജീവിതം അനുഷ്ടിച്ച അദ്ദേഹത്തിന് ഒരു യഥാർത്ഥ പട്ടാളക്കാരൻ തന്റെ രാജ്യത്തോട് പുലർത്തുന്ന കടമ ഏറ്റവും നന്നായി മലയാളിക്കു കാണിച്ചു തരാൻ തന്റെ സിനിമകളിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പുതിയ വർഷത്തെ വരവേൽക്കാനൊരുങ്ങുന്ന മേജർ രവിയുടെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ഒരാളും ഒരിക്കലും ചിന്തിക്കാത്ത രീതിയിൽ ജീവിതംതന്നെ കീഴ്മേൽ മറിഞ്ഞ ഒരു വർഷത്തിന്റെ അവസാനമാണിത്. ഞാനിപ്പോൾ യൂണിഫോമിലുള്ള പട്ടാളക്കാരനല്ലെങ്കിലും എന്റെ സേവനം മറ്റൊരു രീതിയിൽ നാടിന് ആവശ്യമുണ്ടെന്നു മനസ്സിലാക്കിയ കാലം. കോവിഡ് കാലത്ത് കഷ്ടപ്പെടുന്ന ഓരോരുത്തർക്ക് വേണ്ടിയും എന്നാൽ ആകുംവിധമുള്ള സഹായം ചെയ്യാൻ ഞാൻ മുന്നിട്ടിറങ്ങി.
കോവിഡ് സമയത്ത് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ സേവനം ചെയ്തിരുന്ന പൊലീസുകാരെ കണ്ടിരുന്നു. മറ്റു പല വിഭാഗക്കാരും സേവനവുമായി തെരുവിലുണ്ടായിരുന്നു. വണ്ടിയിൽ കുപ്പിവെള്ളം വാങ്ങിവച്ച് ഇവർക്കു വിതരണം ചെയ്താണ് എന്നാലാകുന്ന സഹായം ചെയ്തത്.
ഒരു കുപ്പി വെള്ളത്തിന്റെ വിലയറിഞ്ഞ ദിനങ്ങൾ. പ്രമുഖ കമ്പനികളിൽ ചിലർ അവരുടെ പാനീയങ്ങൾ സൗജന്യമായി നൽകി. ജോലിയും പെൻഷനും മറ്റു വരുമാനവും കൊണ്ട് എന്നെപ്പോലുള്ളവർ പിടിച്ചുനിന്നു. പക്ഷെ ജോലിയും പൈസയും ഇല്ലാതെ എത്രയോ വീടുകൾ പട്ടിണിയിൽ കിടന്നു. അവർക്ക് ഒകെ കഴിയും വിധം സഹായം എത്തിച്ചു.
ഒറ്റപ്പെട്ടുകിടക്കുന്ന ഒരു മേഖലയിലെ നൂറ്റൻപതോളം വീട്ടുകാർ പട്ടിണിയിലേക്കു നീങ്ങുകയാണെന്നറിഞ്ഞപ്പോൾ അരിയും സാധനങ്ങളുമടങ്ങുന്ന കിറ്റുമായി അവിടെ ചെന്നു. എല്ലാവരും കിറ്റ് വാങ്ങിപ്പോയി. ആരും നന്ദി വാക്കുകൾ ഒന്നും പറഞ്ഞില്ല.
പക്ഷേ, പിന്നീട് എന്റെ വലിയ ഫ്ലെക്സ് അവിടെ വച്ചതായി ഞാൻ അറിഞ്ഞു. ഫ്ലെക്സുകൾ പലതും ഉയരും താഴും. അതിലൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ അവരുടെ മനസ്സിൽ നമ്മുടെയൊരു ചിത്രമുണ്ടാകും. എനിക്ക് അതുമതി.അതിൽ ഞാൻ സന്തോഷവാനാണ് മേജർ രവി പറയുന്നു.
Post Your Comments