CinemaGeneralLatest NewsMollywoodNEWS

പത്മരാജന്‍റെ തിരശ്ശീലാപ്രയാണം അവിടെയാണു തുടങ്ങിയത്: അതുല്യ കലാകാരന്റെ ക്ലാസിക് സൃഷ്ടിയെക്കുറിച്ച് പ്രമുഖ തിരക്കഥാകൃത്ത്

അതും കഴിഞ്ഞ് വൈകാതെ, തിരക്കിൽ നിന്നൊഴിഞ്ഞ് എഴുതാൻ അവർ തമിഴ്നാട്ടിലേക്കു പോയി

ഭരതന്‍ എന്ന സംവിധായകനും പത്മരാജന്‍ എന്ന തിരക്കഥാകൃത്തും മലയാള സിനിമയില്‍ തുടക്കം കുറിച്ചത് പ്രയാണം എന്ന ചിത്രത്തിലൂടെയാണ്. പ്രയാണം പ്രണയത്തിന്റെ തീവ്രത വരച്ചു ചേര്‍ത്ത ക്ലാസിക് ഹിറ്റായി അടയാളപ്പെടുമ്പോള്‍ ആ സിനിമയെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു അവലോകനം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍

ഹരികൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

സീൻ ഒന്ന്
പുഴ
വെള്ളി പൊട്ടുമ്പോൾ ചിലങ്ക കെട്ടുന്ന ഭാരതപ്പുഴ. സായാഹ്നപ്പക്ഷിയുടെ ക്ഷീണിച്ച ചിറകുകളുടെ തളർന്ന നിഴലേറ്റുറങ്ങാൻ വിധിക്കപ്പെട്ട പാവം പുഴ.
∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙
സീൻ 86 ( അവസാന സീൻ)
അരവിന്ദന്റെ കണ്ണുകൾ അവളിൽ തറഞ്ഞുനിൽക്കുകയാണ്.
അയാളുടെ കാഴ്ചപ്പാടിലൂടെ, ശക്തിയുള്ള കാറ്റിൽ ഉലഞ്ഞുപറക്കുന്ന മുടിയിഴകളും അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളുമായി നിൽക്കുന്ന സാവിത്രി.
അടുത്ത നിമിഷത്തിൽ അവൾ അവന്റെ മാറിലേക്കു വീണു. ആ പുണരലിൽ ഒരു തേങ്ങിക്കരച്ചിലുണ്ട്.
അതൊരു ദീർഘമായ നിമിഷമാണ്. തീരുമാനത്തിന്റെ, ധീരതയുടെ, യുവത്വത്തിന്റെ നിമിഷം.
പിന്നെ, പൊടുന്നനേ അവർ ആലിംഗനത്തിൽനിന്നുണർന്നു. അവളുടെ കൈകളിൽ അയാൾ കടന്നുപിടിച്ചു.
പോംവഴി കണ്ടെത്താത്തവനെപ്പോലെ അവളുടെ കയ്യുംപിടിച്ച് അയാൾ ഒാടി.
അവളും ആവുന്നത്ര വേഗത്തിൽ അയാളോടൊപ്പം ഒാടി, അകലേക്ക്…അകലേക്ക്…
അകലെയുള്ള ഇരുട്ടിലേക്ക്, ഇരുട്ടിലലിയാൻ വിധിക്കപ്പെട്ട രണ്ടു പുള്ളിക്കുത്തുകളെപ്പോലെ …
സംവിധായകൻ ഭരതന്റെ സമ്മതത്തോടെ , ആ തിരക്കഥയ്ക്ക് അദ്ദേഹം ‘ പ്രയാണം’ എന്നു പേരിട്ടു.
പത്മരാജന്റെ തിരശ്ശീലാപ്രയാണം അവിടെയാണു തുടങ്ങിയത്.
ഭൂമികന്യയെ സ്നേഹിച്ച കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങിയ ആ ഗന്ധർവവിലാപത്തിന്റെ തിരക്കഥയിൽ ആ പ്രയാണം അവസാനിക്കുകയും ചെയ്തു.
അതുവരെ മലയാളം കാണാത്തൊരാളായിരുന്നു പ്രയാണത്തിലെ നായകൻ: അരവിന്ദൻ. ബദരീനാഥിലും ഗംഗയുടെ കരകളിലും കടൽത്തീരങ്ങളിൽ ഉറഞ്ഞാടുന്ന ഹിപ്പി ഗ്രൂപ്പുകൾക്കിടയിലും വേരറ്റലയുന്ന അരവിന്ദൻ. ഗ്രാമവിശുദ്ധമായ സാവിത്രിയിലേക്ക് അരാജകതീർഥംപോലെ ഒഴുകിയെത്തുകയാണ് അയാൾ.
സിനിമ പിറന്ന വർഷം 1975.
∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙
അതിനും ഒരു വർഷംമുൻപാണ് ഭരതൻ പത്മരാജനോടു പറഞ്ഞത്: ഞാനൊരു ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചു. പപ്പൻ തന്നെ അതെഴുതണം എന്നെനിക്കാഗ്രഹമുണ്ട്.
അങ്ങനെയിരിക്കെ, കോവളം കടൽത്തീരത്തിലെ ആളൊഴിഞ്ഞൊരു കോണിൽ, മുങ്ങിത്താണ സൂര്യൻ വാരിവിതറിയ നിറക്കൂട്ടുകൾകൊണ്ട് സമ്പന്നമാക്കിയ ഒരാകാശത്തിന്റെ ചോട്ടിലിരുന്ന് ഭരതൻ പ്രയാണത്തിന്റെ കഥ ചുരുങ്ങിയ വാക്കുകളിൽ കൂട്ടുകാരനോടു പറഞ്ഞു.
അതും കഴിഞ്ഞ് വൈകാതെ, തിരക്കിൽ നിന്നൊഴിഞ്ഞ് എഴുതാൻ അവർ തമിഴ്നാട്ടിലേക്കു പോയി. ചെമ്പ്രമ്പക്കത്തെ ടിബി അങ്ങനെ പ്രയാണത്തിന്റെ ഗർഭഗൃഹമാവുകയായിരുന്നു.
പത്മരാജൻ പിന്നീട് ആ യാത്രയെ ഇങ്ങനെ ഒാർമിച്ചു:
– പഴയ ടാക്സിക്കുള്ളിലേക്ക് ഈർപ്പമില്ലാത്ത തമിഴ്കാറ്റ് വീശിക്കൊണ്ടിരു ന്നു..
വൈകാതെ തിരക്കഥ പൂർത്തിയായി.
അത് എഴുതിത്തീർന്ന് ഒരു സന്ധ്യയ്ക്ക് അവർ ചെമ്പ്രമ്പക്കത്തെ ടിബിയോടും അവിടത്തെ പരിചയക്കാരോടു ം യാത്ര പറഞ്ഞു.
പത്മരാജൻ ആ ഒാർമ ഇങ്ങനെയാണ് എഴുതീത്തീർക്കുന്നത്:
– ഞാൻ അവിടത്തെ ദിവസങ്ങളെ ഇഷ്ടപ്പെടുന്നു. ആ ദിവസങ്ങൾ എന്റെ മനസ്സിൽ വിരിയിച്ച ചിത്രങ്ങളുടെ നിറം മങ്ങിയെങ്കിലോ എന്ന് ആശങ്കയുള്ളതുകൊണ്ട് ഒരിക്കൽക്കൂടി ചെമ്പ്രമ്പക്കത്തേക്കു മടങ്ങിപ്പോകാൻ ഞാൻ ഭയപ്പെടുന്നു.
∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙ ∙
അതു വായിച്ചപ്പോൾ എന്തൊരു സുന്ദരമായ പ്രയാണമെന്ന് ഞാൻ ആശ്ചര്യപ്പെട്ടു. തിരിച്ചുപോക്കുപോലും ആഗ്രഹിക്കാത്തവിധം മനോഹരമായൊരു യാത്ര!
ചെമ്പ്രമ്പക്കത്തെ ആ ടിബിയും സൂര്യന്റെ അവസാനത്തെ നിറപ്പകർച്ച കണ്ട് വിരണ്ടോടുന്ന കിളികളുടെ കൂട്ടങ്ങളും നിലാവിൽ മുറ്റത്തെ കിഴങ്ങുകൾ മാന്താനെത്തുന്ന കാട്ടുമുയലുകളുടെ മുരളലുകളും വരണ്ട പാടങ്ങളുടെ വിസ്തൃതിയിലേക്കു മേയാനിറങ്ങിയ ചെമ്മരിയാട്ടിൻപറ്റങ്ങളുടെ കഴുത്തിൽനിന്നു കൊഴിഞ്ഞുവീണ മണികിലുക്കങ്ങളുമെല്ലാം ഇപ്പോഴുമുണ്ടാവുമോ?
തിരക്കഥയെഴുതാൻ ആരെങ്കിലും അവിടെ പിന്നീടു പോയിരിക്കുമോ?
മനസ്സിൽ വിരിയിച്ച ചിത്രങ്ങളുടെ നിറം മങ്ങിയെങ്കിലോ എന്ന് ആശങ്കയുള്ളതുകൊണ്ട് ഒരിക്കൽക്കൂടി ചെമ്പ്രമ്പക്കത്തേക്കു മടങ്ങിപ്പോകാൻ ഭയപ്പെട്ടിരിക്കുമോ?
ഉണ്ടാവില്ലെന്നു തീർച്ച.
പത്മരാജൻ പ്രയാണംചെയ്ത പഥങ്ങളിലൂടെ പിന്നെയാർക്കു പോകാനാകും !

shortlink

Related Articles

Post Your Comments


Back to top button