താന്‍ എഴുതിയ സിനിമകള്‍ക്കപ്പുറം മലയാളത്തില്‍ അടയാളപ്പെട്ട മറ്റു ക്ലാസിക് ചലച്ചിത്രങ്ങള്‍ക്കും വേറിട്ട നിരൂപണമെഴുതി ഹരികൃഷ്ണന്‍ എന്ന തിരക്കഥാകൃത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. രാജീവ് രവി സംവിധാനം ചെയ്തു സന്തോഷ് എച്ചിക്കാനം തിരക്കഥ രചിച്ച അന്നയും റസൂലും എന്ന സിനിമയെക്കുറിച്ച് തന്റെ മുഖ പുസ്തകത്തില്‍ അതി മനോഹരമായി വര്‍ണിക്കുകയാണ് മലയാളത്തിന്റെ ഈ ഹിറ്റ് തിരക്കഥാകൃത്ത്
കണ്ടു രണ്ട് കണ്ണ്….
(അതു നിന്റേതായിരുന്നു, അന്ന)
കൊച്ചിനഗരത്തിന്റെ മുഖമറിയാത്തിരക്കിൽ വേണമെങ്കിൽ അന്നയ്‌ക്കും റസൂലിനും കാണാതിരിക്കാമായിരുന്നു,
മിണ്ടാതിരിക്കാമായിരുന്നു,
പ്രണയിക്കാതിരിക്കാമായിരുന്നു,
പിരിയാതെയുമിരിക്കാതിരിക്കാമായിരുന്നു..
പക്ഷേ, അതായിരുന്നില്ല സംഭവിച്ചത്.
അവർ കണ്ടു. മിണ്ടി. പ്രണയിച്ചു. കെട്ടി. പിന്നെ…
‘ വേൾഡില് ഏറ്റവും കൂടുതൽ സുന്ദരിമാരുള്ള സ്‌ഥലമേതാ’ എന്നു ചോദിക്കുന്ന റസൂലിനോട് കൂട്ടുകാരനായ ആഷ്‌ലി ഉറപ്പോടെ പറഞ്ഞുകൊടുക്കുന്ന അതേ വൈപ്പിനിൽനിന്നുതന്നെയായിരുന്നു അന്നയുടെ വരവ്.
അവൾ: നഗരത്തിലെ തുണിക്കടയിലെ സെയിൽസ് ഗേൾ. ജോലിക്കു വരുന്നതും പോവുന്നതും ബോട്ടിൽ. പ്രാരാബ്‌ധക്കാരി. വീട്ടിൽനിന്നു സന്തോഷം ഇറങ്ങിപ്പോയിട്ടും കാലമേറെയായി. അപ്പൻ അന്നയോടൊന്നു മിണ്ടീട്ടുതന്നെയായി പത്തിരുപതു വർഷം. അനിയൻ കുഞ്ഞുമോൻ ഉള്ളതും ഇല്ലാത്തതും കണക്കാ….
പ്രണയിച്ചുതുടങ്ങിയശേഷം ഒരിക്കൽ *ഇത്രയും കാര്യങ്ങൾ റസൂലിനോടു പറഞ്ഞുകൊടുത്തശേഷം, അന്ന അതുകൂടി പറഞ്ഞു:
– …സത്യായിട്ടും ചത്ത്‌കളഞ്ഞാലോന്ന് വിചാരിച്ചതാ…അപ്പഴാ റസൂലിനെ കണ്ടത്.
റസൂൽ അന്നയെ കണ്ടതോ?
അവൻ അന്നയെ ആദ്യം കണ്ടപ്പോൾ അവനോടിക്കുന്ന ടാക്‌സി കാറിനു കുറുകെ അവൾ റോഡ് ക്രോസ് ചെയ്യുകയായിരുന്നു. അങ്ങനെ നഗരത്തിൽ ഓരോ നിമിഷവും കാണുന്ന എത്രയെത്രയോ പേരിലൊരാൾ എന്നു പറഞ്ഞ് കണ്ണിന് എഴുതിത്തള്ളാവുന്ന കാഴ്‌ച.
പക്ഷേ, അങ്ങനെ പലരിൽ ഒരാളായിരുന്നില്ലല്ലോ, റസൂലിനെങ്കിലും അന്ന.
പിറ്റേന്ന് രാത്രിതന്നെ അവൾ അങ്ങനെയൊരു വെറുംകാഴ്‌ച മാത്രമല്ലെന്നു തിരിച്ചറിയുകയാണ് റസൂൽ.
വൈപ്പിനിലെ പള്ളിപ്പെരുന്നാളിനിടയിലുണ്ടായ അടിക്കിടയിൽനിന്നു രക്ഷപ്പെട്ടോടുകയായിരുന്നു റസൂൽ. അവൻ ഒരു രൂപക്കൂടിനുമുന്നിലെ തൂണിന്റെ മറവിലാണ് ഒളിക്കുന്നത്. അവിടെ പതുങ്ങിയിരിക്കുമ്പോഴതാ രൂപക്കൂടിനുമുന്നിലെ തട്ടിൽ മെഴുകുതിരി കൊളുത്തിവയ്‌ക്കാനായി അവളെത്തുന്നു.
റസൂൽ സൂക്ഷിച്ചുനോക്കി. മെഴുതിരിവെളിച്ചത്തിൽ മാലാഖമാരുടേതുപോലെ തിളങ്ങുന്ന സുന്ദരമുഖം. പെട്ടെന്ന് അവന്റെ ഹൃദയമിടിപ്പു കൂടുകയായി…
ഇതുവരെ ഞാൻ ഇവളെ കണ്ടില്ലല്ലോ എന്ന് ഒന്നാം നിമിഷത്തിലും ഇതുവരെ ഞാൻ ഇവളെ മാത്രമാണല്ലോ കണ്ടിരുന്നത് എന്നു രണ്ടാം നിമിഷത്തിലും തോന്നിപ്പിക്കുന്നൊരു മുഖം.
ആദ്യത്തെ അന്നക്കാഴ്‌ചയിൽതന്നെ നിറഞ്ഞ് അലിഞ്ഞ് ഉലഞ്ഞുപോവുകയാണ് റസൂൽ.
ഇവൾ. ഇവളെയല്ലാതെ മറ്റൊന്നും കാണാൻ എന്റെ കണ്ണുകൾ സമ്മതിക്കുന്നില്ലല്ലോ..ഇവളൊഴിച്ച് മറ്റെല്ലാം ഈ വൈപ്പിനിൽ, ഈ കൊച്ചിയിൽ, ഈ ഭൂമിമലയാളത്തിൽ അപ്രസക്‌തം.
ഓ…അവളിതാ എന്റെ കാഴ്‌ചയിൽനിന്നു നടന്നുപോകുന്നു. ഒരു കൈകൊണ്ട് ഷാൾ തലയിലേക്കു വലിച്ചിട്ട്, മറ്റേ കയ്യിൽ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി ഇതാ പെരുന്നാൾക്കൂട്ടത്തിലേക്കു നടന്നകലുന്നു. എന്നെ അവൾ കാണാത്തതെന്ത്?
അവന്റെയുള്ളിൽ രൂപംകൊണ്ട പ്രണയത്തിന്റെ ഇളംകാറ്റ് അവളുടെ കയ്യിലെ മെഴുകുതിരിനാളത്തെ ആർദ്രമായി ഒന്നു തൊട്ടു. അതവളറിഞ്ഞില്ല.
അപ്പോൾമുതൽ റസൂൽ ഒന്നു മാത്രമറിഞ്ഞു: ഇവളെന്റെ പെണ്ണാണ്.
ആ നിമിഷംതൊട്ടാണ് റസൂൽ വേറൊരു റസൂലായത്.
കൊച്ചി വേറൊരു കൊച്ചിയായത്.
കൊച്ചിക്കാറ്റും കൊച്ചിക്കായലും കൊച്ചിയാകാശത്തിനുമേൽ പൂത്തുനിൽക്കുന്ന ആയിരം നക്ഷത്രങ്ങളുമൊക്കെ വേറൊന്നായിത്തീർന്നത്.
കാരണം, റസൂൽ അവന്റെ പെണ്ണിനെ കണ്ടെത്തിയിരിക്കുന്നു.
ഇനി അന്ന അവളുടെ ആണിനെക്കൂടി തിരിച്ചറിയേണ്ടേ? ബോട്ടിൽ, തെരുവിൽ, അവൾ ജോലിചെയ്യുന്ന തുണിക്കടയിൽ അങ്ങനെ അവൾ പോകുന്നിടത്തെല്ലാം അവളെ പിൻതുടരുന്ന ചെറുപ്പക്കാരന്റെ കണ്ണിലെ കായലാഴമുള്ള പ്രണയം കാണാതിരിക്കുന്നതെങ്ങനെ? അവളതു കാണുകയും ചെയ്‌തു.
പക്ഷേ, രണ്ടു മതക്കാരായ ഞങ്ങളെങ്ങനെ തമ്മിൽ ചേരും?
‘ഇത് നടക്കില്ല’ എന്ന് ഉറപ്പിച്ചുപറഞ്ഞ അന്നയോട് പക്ഷേ റസൂലിനു ചോദിക്കാതെവയ്യ:
– തനിക്കെന്നെ ഇഷ്‌ടമാണോ? അത് പറ…
– എനിക്ക് പേടിയാണ്.
അതോടെ റസൂലിന് പിന്നെ അവളോടു പറയാൻ ഒന്നുമില്ലാതെയായി. നഗരത്തിലെ തിരക്കും ബഹളവുമൊന്നും അവൻ കേൾക്കാതെയായി.
ജീവിതത്തിലാദ്യമായി ഒറ്റപ്പെട്ടതുപോലെ അവനു തോന്നി.
അവളിൽനിന്ന് അവനെ ദൂരേക്കു കൊണ്ടുപോകാനായിരുന്നു ലോകത്തിന്റെ ആവശ്യം. കൊച്ചിയിൽനിന്നു ദൂരെ, പൊന്നാനിയിൽ ബാപ്പയുടെ അരികിൽ റസൂലെത്തിയത് അങ്ങനെയാണ്.
കടലിലേക്കൊഴുകുന്ന പുഴയുടെ അഴിമുഖത്തിരുന്ന് അവൻ ഓർത്തു, കൊച്ചിക്കായലിലേക്ക് ഇതുപോലെ ഒറ്റയ്‌ക്കു നോക്കിയിരിക്കുന്ന അവന്റെ പെണ്ണിനെ.
അപ്പോഴാണ് കൂട്ടുകാരൻ ജമാൽ പറഞ്ഞത്:
– സ്‌നേഹിച്ച പെണ്ണിനെ പിരീണ ബെഷമം നമുക്കറിയാം. ജ്‌ജ് ബേജാറാവണ്ട റസൂലേ…ഇഷ്‌ടള്ള ആളെ കാണണോന്നു തോന്ന്യാല് ഈ പുഴയിലേക്ക് ചാടി കണ്ണ് തൊറന്നൊന്ന് പിടിച്ചാമതി. ഓളെയൊരു മീനിനെപോലെ കാണാം…
അവൻ കണ്ടു, പുഴവെള്ളത്തിനടിയിൽനിന്നു കണ്ണുതുറക്കുമ്പോൾ അന്നയെ.
ചേരാനാവാതെപോയ അവരുടെ പ്രണയത്തിനുവേണ്ടി കഴുത്തിൽ കയർക്കഷ്‌ണം മുറുക്കുമ്പോൾ അന്നയുടെ ആശ്വാസവും അതായിരിക്കണം:
ജലമിഴികളിലൂടെ റസൂൽ ഇനിയുമെന്നെ കാണും.
ഏതു ജന്മത്തിലും ഏതിരുട്ടിലും.
Post Your Comments