മലയാള സിനിമയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു നിവിൻ പോളിയുടെ മേക്കപ്പ് മാൻ ഷാബുവിന്റെ മരണം. ഇന്നലെയായിരുന്നു ഷാബുവിന്റെ മരണവാർത്ത സിനിമാലോകം ഞെട്ടലോടെ കേട്ടത്. നിരവധി സിനിമാതാരങ്ങൾ ഷാബുവിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും, നിവിൻ പോളിയെ ആശ്വസിപ്പിക്കുകയും ചെയ്തു. നിവിന്റെ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ഷാബു. അതുകൊണ്ട് തന്നെ നിവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഷാബുവിന്റെ വേർപാട്.
ഇപ്പോഴിതാ ഷാബുവിനെ അനുസ്മരിച്ച് ജോയ് മാത്യു എഴുതിയ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. മേക്കപ്പ്മാൻ എന്നതിലുപരി നിവിൻ പോളിയെ ഒരു സഹോദരനെപ്പോലെ നോക്കിയിരുന്ന വ്യക്തിയാണ് ഷാബുവെന്ന് ജോയ് മാത്യു പറയുന്നു.
ജോയ് മാത്യുവിന്റെ വാക്കുകൾ:
പൊടുന്നനെയുള്ള വേർപാടുകൾ സൃഷ്ടിക്കുന്ന മുറിവുകൾ എളുപ്പത്തിൽ കരിയുകയില്ല. പത്തുവർഷക്കാലം മലയാള സിനിമയിൽ മേക്കപ്പ് കലാകാരനായിരുന്ന ഷാബു പുൽപ്പള്ളി അപകടത്തിൽ മരിച്ച വാർത്ത ഒരു നടുക്കത്തോടെയാണ് കേട്ടത്. കുട്ടികൾക്ക് സന്തോഷിക്കാൻ ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നതിനിടയിലായിരുന്നു മരണം ഷാബുവിനെ തട്ടിയെടുത്തത്.
നിവിൻ പോളിയുടെ സ്വന്തം മേക്കപ്പ്മാൻ എന്നതിലുപരി അദ്ദേഹത്തെ സഹോദരതുല്യം കരുതലോടെ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്ന ഷാബു മറ്റെല്ലാ നടീനടന്മാർക്കും സഹപ്രവർത്തകർക്കും സഹോദരനെപ്പോലെതന്നെയായിരുന്നു.
ശാന്തതയും സൗമനസ്യവുമായിരുന്നു ഷാബുവിന്റെ കൈമുതൽ. ലോക്ഡൗൺ നൽകിയ മടുപ്പിൽ നിന്നും പുറത്തുകടക്കാൻ സഹായിച്ച “കനകം കാമിനി കലഹം “സിനിമയുടെ ഒരു മാസത്തിലധികം നീണ്ടുനിന്ന ഷൂട്ടിങ്. ഒരു കൂരയ്ക്ക് കീഴെ താമസിച്ചു ഒരേപാത്രത്തിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ ദിവസങ്ങൾ ! മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ഛായം ഇന്നെന്റെ കണ്ണീരിനാൽ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ.
പ്രിയ സുഹൃത്തെ നിന്റെ ഓർമ്മക്ക് മുന്നിൽ ശിരസ്സ് കുനിക്കട്ടെ . ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങൾ കാണുമ്പോഴും ഞങ്ങളുടെ മനസ്സിൽ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ പ്രകാശം പൊഴിക്കും ,പ്രിയ സുഹൃത്തെ വിട.
Post Your Comments