എട്ടുവർഷമായി നിവിൻ പോളിക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്ന മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളിയുടെ വിയോഗ വേദനയിലാണ് സിനിമാ ലോകം. സൗഹൃദങ്ങളുടെ പൂമരമായിരുന്നു ഷാബുവെന്നു പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറയുന്നു. ആരെയും ഹൃദയം തൊട്ടു സ്നേഹിക്കുന്ന, എല്ലാവരെയും തന്നോടു ചേർത്തു നിർത്തുന്ന നൻമയായിരുന്ന ഷാബുവിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചു ബാദുഷ ഒരു മാധ്യമത്തോട് പറഞ്ഞതിങ്ങനെ…
‘‘ഷോക്കിങ് എന്നേ പറയാൻ പറ്റൂ. വളരെ ചെറുപ്പമാണല്ലോ അവൻ. ഷാബുവിന്റെ ചേട്ടൻ ഷാജി ഇപ്പോൾ എനിക്കൊപ്പം ‘റെസ്റ്റ് ഇൻ പീസ്’ എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഷാബുവിന് ഇങ്ങനെ ഒരു അപകടം പറ്റി എന്നു കോൾ വന്നപ്പോൾ ഞങ്ങളെല്ലാവരും കൂടി ഷാജിയെ അങ്ങോട്ടേക്ക് അയച്ചു. പക്ഷേ, ഷാജി തൃശൂർ കഴിഞ്ഞപ്പോഴേക്കും ഷാബു മരിച്ചു എന്ന അറിയിപ്പ് കിട്ടി’’
‘‘എവിടെ വച്ചു കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിച്ച് വർത്തമാനം പറയുന്നതായിരുന്നു ഷാബുവിന്റെ രീതി. എപ്പോൾ വിളിച്ചാലും കൃത്യമായി കാര്യങ്ങൾ പറയും അത് നിവിനെ അറിയിക്കും. എട്ടു വർഷമായി ഷാബു നിവിന്റെ ഒപ്പമുണ്ട്. നേരത്തെ സിനിമയില്‍ മേക്കപ്പ് സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ഈ അടുത്ത് നിവിൻ നായകനായ ‘കനകം കാമിനി കലഹം’ എന്ന പടത്തിന്റെ മേക്കപ്പ്മാനും ഷാബു ആയിരുന്നു.സംഭവം അറിഞ്ഞപ്പോൾ മുതൽ നിവിനെ വിളിക്കുന്നു. കിട്ടുന്നില്ല. ഇന്നലെ രാത്രി സംവിധായകൻ ഹനീഫ് അദേനി എന്നെ വിളിച്ചു. നിവിൻ ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു. നിവിന്‍ അത്ര അടുപ്പമായിരുന്നു ഷാബുവുമായി’’.– ബാദുഷ വനിതയോട് പറയുന്നു.
37 വയസ്സായിരുന്നു ഷാബുവിന്. മരത്തിൽ നിന്നു വീണായിരുന്നു മരണം. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്.
Post Your Comments