ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കണ്ണൂരില്‍ എത്തിയപ്പോള്‍ സിബി മലയില്‍ എന്ന സംവിധായകനായിരുന്നു അപൂര്‍വ്വമായ ആ ഭാഗ്യം ലഭിച്ചത്. ഇത്രയും പോപ്പുലറായ ഒരു കായിക താരത്തെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി ഒരു പരസ്യ ചിത്രം സംവിധാനം ചെയ്ത മലയാളത്തിലെ ഒരേയൊരു ഫിലിം മേക്കറായി സിബി മലയില്‍ അടയാളപ്പെടുമ്പോള്‍ ആ ഓര്‍മ്മകള്‍ ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് സിബി മലയില്‍.
‘അന്ന് കണ്ണൂരിലേക്ക് മറഡോണയെ കാണാന്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വന്‍ജനാവലി ഒഴുകിയെത്തിയിരുന്നു. ഞങ്ങളുടെ പരസ്യ ചിത്രീകരണത്തിനായി രാവിലെ പതിനൊന്ന് മണിക്ക് മറഡോണ എത്തും എന്നാണ് പറഞ്ഞിരുന്നത്. അദ്ദേഹം താമസിക്കുന്ന മുറിയുടെ മുകളിലാണ് ഞങ്ങള്‍ ചിത്രീകരണത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. പക്ഷേ യാത്രാക്ഷീണം കാരണം അദ്ദേഹം ഉറങ്ങിപ്പോയി. ഷൂട്ടിനായി എത്തിയത് വൈകുന്നേരം നാല് മണിക്ക്. ഞങ്ങളുടെ പ്ലാനിംഗ് എല്ലാം തെറ്റി. ചിത്രീകരണം തുടങ്ങിയപ്പോള്‍ അതുവരെ കാത്തുന്നിന്ന മാധ്യമ പ്രവര്‍ത്തകരെല്ലാം ഇരച്ചു കയറി. അതോടെ ഹാളില്‍ നിന്ന് തിരിയാന്‍ പോലും പറ്റാത്ത അവസ്ഥയായി. സ്പാനിഷ് ഭാഷയിലായിരുന്നു മറഡോണ സംസാരിച്ചത്. ചിത്രീകരിക്കേണ്ട സീനുകളെക്കുറിച്ച് ദ്വിഭാഷിയിലൂടെ ഞങ്ങള്‍ മറഡോണയ്ക്ക് ആശയം കൈമാറി. ഫുട്ബോളില്‍ മുത്തമിട്ടു തുടങ്ങിയ മറഡോണയുടെ മാന്ത്രിക വേഗങ്ങള്‍ ഞങ്ങള്‍ നാല് ക്യാമറയിലായി പകര്‍ത്തി. പക്ഷേ ഓഡിറ്റോറിയത്തില്‍ കൂടിവന്ന തിക്കും തിരക്കും കാരണം പ്ലാന്‍ ചെയ്തത് പോലെ ചിത്രീകരണം നടന്നില്ല’. സിബി മലയില്‍ പറയുന്നു.
Post Your Comments