സിനിമയില്‍ ആദ്യമായി ലഭിച്ച അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് നടന് നന്ദു. ചെപ്പ് എന്ന പ്രിയദര്‍ശന്റെ സിനിമയില്‍ ലഭിച്ച അവസരം നഷ്ടമായതിന്റെ കഥ ഈ ലക്കം വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് താരം.
‘തൈക്കാട് എംജി രാധാകൃഷ്ണന് ചേട്ടന്റെ അയല്‍വാസിയായിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ സഹായിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് കൊച്ചു രാജന് ചേട്ടനാണ് എന്തെങ്കിലും ചെറിയ കഥാപാത്രം അഭിനയിക്കാനുള്ള അവസരം എനിക്ക് നല്‍കണമെന്ന് രാധാകൃഷ്ണന് ചേട്ടനോട് പറഞ്ഞത്. അദ്ദേഹം പലരോടും എന്റെ കാര്യം പറഞ്ഞു. ഒരു ദിവസം ശ്രീക്കുട്ടന് ചേട്ടന് (എംജി ശ്രീകുമാര്‍) മദ്രാസില്‍ നിന്നു വന്നപ്പോള്‍ പറഞ്ഞു, പ്രിയന്റെ അടുത്ത സിനിമയില്‍ നിനക്ക് നല്ലൊരു വേഷമുണ്ട്. ‘ചെപ്പ്’ എന്നാണ് സിനിമയുടെ പേര്. വലിയ സന്തോഷത്തോടെ വീട്ടിലെത്തി കുഞ്ഞമ്മയോടും ചിറ്റപ്പനോടും പറഞ്ഞു. അപ്പോള്‍ ചിറ്റപ്പന്റെ മറുപടി. ‘ഡിഗ്രിയ്ക്ക് നിനക്കൊരു പേപ്പര്‍ കിട്ടാനില്ലേ, അതുകൂടി എഴുതിയെടുത്തിട്ട് മതി സിനിമ’!. ചിറ്റപ്പന് പറഞ്ഞാല്‍ പിന്നെ മറുത്തൊന്നും പറയുന്ന ശീലം എനിക്കില്ല. ചിറ്റപ്പന് ഇങ്ങനെയാണ് പറയുന്നതെങ്കില്‍ അടുത്ത സിനിമയ്ക്ക് നോക്കാമെന്ന് ശ്രീക്കുട്ടന് ചേട്ടനും പറഞ്ഞു. എന്റെ വിഷമം കണ്ടിട്ടാകണം, അടുത്ത ദിവസം ചിറ്റപ്പന് പറഞ്ഞു, നിനക്ക് അത്രയ്ക്ക് താല്പര്യമാണെങ്കില് ഈ സിനിമയില്‍ അഭിനയിക്കാന്‍ പൊയ്ക്കോ. പക്ഷേ തിരിച്ചു വന്നു പരീക്ഷയെഴുതണം. ഞാനുടനെ പ്രിയന് ചേട്ടനെ വിളിച്ചു. അപ്പോള്‍ പ്രിയന് ചേട്ടന്റെ മറുപടി. ‘എടാ ആ വേഷം അരമണിക്കൂര്‍ മുന്‍പ് മറ്റൊരാള്‍ക്ക് കൊടുത്തല്ലോ ഇനി അടുത്ത സിനിമയിലാകട്ടെ’, അങ്ങനെ അരമണിക്കൂര്‍ മുന്‍പേ ആദ്യ വേഷം നഷ്ടപ്പെട്ട ഒരാളായി ഞാന്‍’.
Post Your Comments