മമ്മൂട്ടിയെ നായകനാക്കി പരിമിതമായ സിനിമകള്‍ മാത്രമേ സത്യന് അന്തിക്കാട് ചെയ്തുള്ളൂവെങ്കിലും അവയില്‍ നൂറു ദിനമോടിയ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമുണ്ട്. എസ്എന്‍ സ്വാമി രചന നിര്‍വഹിച്ചു മമ്മൂട്ടി തസ്കര വേഷത്തിലെത്തിയ ‘കളിക്കള’മായിരുന്നു അത്. പോലീസ് – കള്ളന് ഗെയിം തീമാക്കി അതി മനോഹരമായി ആവിഷ്കരിച്ച ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒരു പേരില്ല എന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പല സാഹചര്യങ്ങളിലും പല പേരുകള്‍ പറയുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു നിശ്ചിത പേര് ഇല്ലാതെ പോയതുള്‍പ്പടെയുള്ള ചിത്രത്തിലെ പുതുമ അന്ന് പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.
‘കളിക്കളം’ എന്ന സിനിമ സംവിധായകനായ സത്യന് അന്തിക്കാടിന് ചെയ്യാന്‍ തോന്നാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമി. താന്‍ തന്നെ രചന നിര്‍വഹിച്ച ‘അടിക്കുറുപ്പ്’ എന്ന സിനിമ കണ്ടതോടെ കുറച്ചു സ്റ്റൈലിഷായി മമ്മൂട്ടിയെ അവതരിപ്പിച്ചാല്‍ അതിലൊരു പുതുമയുണ്ടാകുമെന്ന തോന്നലാണ് ‘കളിക്കളം’ എന്ന ചിത്രമെഴുതാന്‍ കാരണമായതെന്നും അങ്ങനെ ഒരു കാര്യം തന്നോട് സത്യന് അന്തിക്കാട് പറഞ്ഞപ്പോള്‍ അതിനു പറ്റുന്ന രീതിയില്‍ ഒരു കഥ എഴുതിയതാണെന്നും അത് പിന്നീട് ‘കളിക്കളം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ പിറവിക്ക് കാരണമായെന്നും എസ്എന്‍ സ്വാമി പറയുന്നു. തുടക്കം തൊട്ടു ഒടുക്കം വരെയുള്ള മമ്മൂട്ടിയുടെ കോസ്റ്റ്യൂം കളര്‍ഫുള്‍ ആയിരിക്കണമെന്ന ചിന്തയില്‍ നിന്നാണ് ആ സിനിമ സംഭവിച്ചതെന്നും എസ്എന്‍ സ്വാമി ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
Post Your Comments