മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അർജുൻ രാംപാലിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) വീണ്ടും വിളിപ്പിച്ചു. നാളെ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നടൻ സുശാന്ത് സിംഗ് രജ്പുത് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാനാണ് താരത്തെ വിളിപ്പിച്ചിരിക്കുന്നത്.ജൂണിലാണ് സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
എൻസിബി അർജുൻ രാംപാലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരോധിത മരുന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. തിരച്ചിലിനിടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ടാബ്ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഏജൻസി പിടിച്ചെടുക്കുകയും ചെയ്തു.
തുടർന്ന് അർജുനെ മണിക്കൂറുകളോളം എൻസിബി ചോദ്യം ചെയ്തു.രാംപാലിന്റെ പങ്കാളി ഗബ്രിയേല ദെമെത്രിഅദെസിനെ തുടർച്ചയായ രണ്ട് ദിവസം എൻസിബി ചോദ്യം ചെയ്തു. ഇവരുടെ സുഹൃത്ത് പോൾ ബാർടെലിനെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ഏജൻസി അധികൃതർ പറഞ്ഞു.
മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ വസതിയിൽ നിന്ന് കണ്ടെത്തിയ മരുന്നിന്റെ കുറിപ്പടി എൻസിബി ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും രാംപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments