പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. നിരവധി ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ ജീവിത ഓർമകളിലേക്ക് ഒരു മടക്കയാത്ര എന്ന പോലെ സുന്ദരമായ നിമിഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. തന്റെ ചെറുപ്പകാലത്തെ ക്രിസ്മസ് ആഘോഷങ്ങളും രസകരമായ സംഭവങ്ങളെപ്പറ്റിയും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാൽജോസ് പങ്കുവെച്ചത്.
ഒറ്റപ്പാലം അന്നൊരു നായര്‍ ഭൂരിപക്ഷ പ്രദേശമായിരുന്നെന്നും അവിടെയെത്തുന്ന ആദ്യത്തെ മൂന്ന് ക്രിസ്തീയ കുടുംബങ്ങളിലൊന്നായിരുന്നു തങ്ങളുടേതെന്നും ലാല്‍ ജോസ് പറയുന്നു. ഒറ്റപ്പാലത്ത് സെന്റ് ജോസഫ്‌സ് ചര്‍ച്ച് വന്നതോടെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ജീവന്‍ വെച്ചത്.’അക്കാലത്തെ പാതിരാക്കുര്‍ബാനയുടെ വിഷ്വല്‍സ് ഇപ്പോഴും എന്റെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. ചൂട്ട് കത്തിച്ച് ബീഡിയും വലിച്ച് തലയിലൊരു മഫ്‌ളറും കെട്ടി കുഞ്ഞുകുട്ടി പരാധീനതകളുമായി മലയിറങ്ങി വരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിത്രം ഇപ്പോഴും മനസിലുണ്ട്.
പൊടിമീശ മുളയ്ക്കണ കാലമാകുമ്പോഴേക്കും എനിക്ക് അള്‍ത്താര ബാലനായും പള്ളി ക്വയറിലെ ഗിറ്റാറിസ്റ്റായും പ്രമോഷന്‍ കിട്ടി. പെണ്‍കുട്ടികളുമായി ചില പ്രേമവും ചുറ്റിക്കളികളുമൊക്കെ സംഭവിക്കേണ്ട സമയമാണ്. പക്ഷേ രൂപത്തിൽ ഞാൻ ഒരു ചെറിയ പയ്യനായിരുന്നു. മീശയടക്കമുള്ള രോമവളര്‍ച്ച തീരെക്കുറവും. അതുകൊണ്ടാവാം പെൺകുട്ടികൾ പലരും എന്നെ ഒരു കൊച്ചു പയ്യനായിട്ടെ കണ്ടിരുന്നുള്ളൂ.
നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ തിരിച്ചെല്ലാവരും സഹോദരനായേ കണ്ടുള്ളൂ.അപ്പനും അമ്മയും അധ്യാപകരായതുകൊണ്ട് പെണ്‍കുട്ടികള്‍ക്കെല്ലാം എന്നെ ചെറിയ പേടിയുമുണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഒരാളും നമ്മളോട് അടുത്തില്ല. അങ്ങനെ പള്ളിയും പാട്ടുമായി സമാധാനത്തോടെ ക്രിസ്മസ് കാലം കഴിഞ്ഞുപോയി’, ലാല്‍ ജോസ് പറയുന്നു.
Leave a Comment