മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ എന്ന നടി. അഭിനയമികവുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട നടി നിരവധി മികച്ച ചിത്രങ്ങൾ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. തുടക്കം മുതലുള്ള ചിത്രങ്ങൾ എടുത്താൽ എല്ലാം ഒന്നിനൊന്ന് മെച്ചതായിരിക്കും. എങ്കിലും ഒരു പെണ്ണിന്റെ പ്രതികാര കഥ പറയുന്ന കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമ പ്രേക്ഷകർ ഒരുപോലെ സ്വീകരിച്ച സിനിമയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ഭദ്രയുടെ പ്രകടനത്തിനെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ടികെ രാജീവ് കുമാര്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു മഞ്ജുവിനെക്കുറിച്ച് രാജീവ് വാചാലനായത്.
സിനിമയുടെ കഥ പറഞ്ഞതിനെക്കുറിച്ചും മഞ്ജു വാര്യരുടെ സംശയത്തെക്കുറിച്ചും, ചിത്രീകരണത്തിനിടയില്‍ കട്ട് പറയാന്‍ മറന്നുപോയ നിമിഷത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ടികെ രാജീവ് കുമാര്‍.
അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവർ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ മഞ്ജു ഞങ്ങളെയും കൊണ്ട് പുറത്തേക്ക് പോയി.
കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘ ചേട്ടാ ഈ സിനിമയില്‍ നഗ്നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി.
ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്. ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂ. സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചു. മഞ്ജു വാര്യരുടെ അഭിനയത്തിന് മുന്നില്‍ പലപ്പോഴും കട്ട് പറയാന്‍ വരെ മറന്നുപോയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രാജീവ് പറയുന്നു.
Post Your Comments