വിഖ്യാത സംവിധായകൻ കിം കി ഡൂക്കിൻ്റെ ചലച്ചിത്രങ്ങൾ മനുഷ്യ മനസിൻ്റെ സങ്കീർണ്ണാവസ്ഥകളിലേയ്ക്കു സഞ്ചരിച്ചവയായിരുന്നു. വന്യമായ കാമനകളുടെ കുത്തിയൊഴുക്കുകളായിരുന്നു കിമ്മിന്റെ ചിത്രങ്ങൾ ഓരോന്നും
1960 ൽ ജനിച്ച കിമ്മിൻ്റെ വളർച്ചയെ സ്വാധീനിച്ച ഘടകം.വ്യവസായ മേഖലയായിരുന്നു. ഫാക്ടറികളിൽ നിന്നും ഫാക്ടറികളിലേക്ക് മാറിയുള്ള ജീവിതം പാരീസി ലേക്കു മാറിയപ്പോഴാണ് കിമ്മിലെ ചലച്ചിത്ര പ്രതിഭയ്ക്കു ഉയർച്ചയുണ്ടാകുന്നത് . 1996 ൽ ക്രൊക്ക് ഡെൽ എന്ന ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലെത്തിയ കിമിൻ്റെ വളർച്ച സമാനതകൾ ഇല്ലാത്തതായിരുന്നു. എണ്ണം പറഞ്ഞ കൊറിയൻ സിനിമകളിലൂടെ ആഗോളതലത്തിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തു.
സ്പ്രിങ്ങ് സമ്മർ ഫാൾ വിൻ്റർ ആൻറ് സ്പ്രിങ്ങ്, പിയത്ത, മോബിയസ്, ത്രീ അയേൺ, വൺ
ഉൾപ്പെടെയുള്ള ചിത്രങ്ങൾ മനുഷ്യ മനസിൻ്റെ നിഗൂഢതകളിലേയ്ക്കുള്ള അതി തീവ്രമായ കടന്നുകയറ്റങ്ങളായിരുന്നു. ശാന്തതയിൽ തുടങ്ങി ശാന്തതയിൽ അവസാനിക്കുന്നതായിരുന്നില്ല അദ്ദേഹത്തിൻ്റെ സമീപന രീതി. ശാന്തതയിൽ നിന്നും അതി ഹിംസയുടെ രൂക്ഷ ഭാവതലങ്ങളെ സങ്കോചങ്ങളില്ലാതെ പകർത്തിയ ഈ സംവിധായകൻ ഹിംസയ്ക്കു പുതിയ നിർവ്വചനങ്ങൾ തന്നെ സമർത്ഥിച്ചു.
മോബിയസ് എന്ന ചിത്രം മലയാളി സമൂഹത്തെ ഞെട്ടിച്ചത് അതിലെ രതി കാമനകളുടെ പ്രത്യക്ഷ വൽക്കരണങ്ങൾ കൊണ്ടു മാത്രമായിരുന്നില്ല മറിച്ച് ഹിംസയുടെ സീമാതീത ദൃശ്യഭാഷയെ ചടുലമായി തയ്യാറാക്കിയതു മൂലമായിരുന്നു.സാമ്പ്രദായിക രതിബന്ധങ്ങളുടെ വ്യതിചലനങ്ങൾ സൃഷ്ടിക്കുന്ന പ്രതി സന്ധികൾ വ്യക്തി ബന്ധങ്ങൾക്കിടയിൽ പ്രകടമാകുന്നതിൻ്റെ കാഴ്ചകളായിരുന്നു മോബിയസ് .പിയേത്തയും ഇത്തരത്തിലുള്ള പുനർവിചിന്തനങ്ങളിലേക്ക് നയിച്ച ചിത്രമായിരുന്നു. ത്രീ അയേണും വ്യക്തി
ബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള സഞ്ചാരങ്ങൾ കൂടിയായിരുന്നു
രതിയേയും ഹിംസയേയും. വിട്ട് ഭരണകൂട ഭീകരത, അധികാരം വ്യക്തി ബന്ധം എന്നിവയെ നിർവ്വചിക്കാൻ നടത്തിയ ശ്രമങ്ങളായിരുന്നു ദ നെറ്റ് പോലെയുള്ള ചിത്രത്തിൽ പ്രകടമായത്. ഉത്തര .ദക്ഷിണ കൊറിയകളുടെ വിഭജനത്തിൻ്റെ പ്രതിസന്ധികളോട് ഒരു മൽസ്യത്തൊഴിലാളിക്കുള്ള പ്രതികരണങ്ങളായിരുന്നു ദനൈറ്റിൻ്റെ ഉള്ളടക്കം .ഭരണകൂടത്തിൻ്റെ കരാളഹസ്തങ്ങളിൽ പെട്ടുഴലുന്ന മനുഷ്യന് അതിൽ നിന്നും വിമോചനങ്ങൾ സാധ്യമല്ല എന്ന യാഥാർത്ഥ്യത്തെ നെറ്റ് തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ അവതരിപ്പിക്കുന്നു
സ്പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ്, സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, വൈല്‍ഡ് ആനിമല്‍സ്, ബ്രിഡ്കേജ് ഇന്‍, റിയല്‍ ഫിക്ഷന്‍, The Isle, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ്, ദി ബോ, ബ്രീത്ത്, ഡ്രീം, പിയാത്ത, മോബിയസ് എന്നിവയാണ് കിം കി ഡുക്കിന്റെ പ്രധാന ചിത്രങ്ങള്‍. ആത്യന്തികമായി മനുഷ്യ മനസിൻ്റെ ഉള്ളറകളിലേയ്ക്കുള്ള സഞ്ചാരങ്ങളായിരുന്നു കിമ്മിൻ്റെ സിനിമകൾ. സാമ്പ്രദായികമായ കൊറിയൻ ചലച്ചിത്ര ഭാവനകളിൽ നിന്നും വേർപ്പെട്ടു നിൽക്കുന്ന കമ്മിൻ്റെ ചിത്രങ്ങൾ
കൊറിയയുടെ ഭൂമി ശാസ്ത്രങ്ങളെ മാത്രമല്ല ഭരണകൂടനിലപാടുകൾ ഹിംസ\അഹിംസ വ്യക്തി ബന്ധങ്ങൾ സാമൂഹ്യ ജീവിതങ്ങൾ എന്നിവയിലേക്കുള്ള സഞ്ചാരങ്ങൾ കൂടിയായിരുന്നു.
രശ്മി, അനിൽ കുമാർ
Post Your Comments