വേദികളിൽ ചിരിയുടെ പൂരം തീർക്കുന്നവരാണ് കോമഡി താരങ്ങൾ.എന്നാൽ മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും കരയുന്നവരാണ് ഇവർ. കോമഡി പരിപാടികളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സാജന് പള്ളുരുത്തി. ഒൻപത് വർഷം കലാരംഗത്ത് നിന്നും മാറിനിൽക്കേണ്ടി വന്നത് കുടുംബ പ്രശ്നം മൂലമായിരുന്നു. ആ വേദനകളെക്കുറിച്ചു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് താരം. അമ്മയുടെ മരണവും രോഗിയായ അച്ഛനും സഹോദരനും അടങ്ങുന്ന കുടുംബവുമെല്ലാം സാജന് പങ്കുവച്ചു.
തന്റെ കലാവാസനയില്‍ വീട്ടുകാര്‍ക്കും വലിയ സന്തോഷമായിരുന്നു. എന്നാൽ കയറുകെട്ട് തൊഴിലാളി ആയ അച്ഛന് എന്നെ ഏതെങ്കിലും മാസ്റ്ററുടെ അടുത്തു വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നുവെന്നും കണ്ടും കേട്ടും എല്ലാം പഠിക്കുക ആയിരുന്നുവെന്നും താരം പറഞ്ഞു .
കലാഭാവന്റെ പ്രോഗ്രാം, ഹരിശ്രീയുടെ പ്രോഗ്രാം അങ്ങനെ പ്രശസ്തമായ ട്രൂപ്പുകളുടെ പരിപാടികൾ സജീവമായ കാലത്ത് സാജന് പള്ളുരുത്തി ഒരു പേരായി വരുന്നത് സംഘകല എന്നൊരു ട്രൂപ്പിനു വേണ്ടി കളിച്ചപ്പോഴാണ്. മാസം 90 കളികളുണ്ടായ സമയമുണ്ടായിരുന്നുവെന്നും സാജൻ ഓർക്കുന്നു. ”ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന കാസറ്റ് വര്‍ഷത്തിലൊരിക്കല്‍ വരും. അതിലും എന്റെ പേര് കേറി വന്നു. സ്റ്റേജില്‍ എനിക്ക് പേരായി. പല ട്രൂപ്പുകള്‍ക്കു വേണ്ടി എഴുതി. ട്രൂപ്പിന്റെ പേരിനേക്കാള്‍ സാജന് പള്ളുരുത്തിയുടെ പ്രോഗ്രാം എന്ന വിശേഷണം കിട്ടിത്തുടങ്ങി.”
”രണ്ടാളുടെ ബുദ്ധിയും സംസാരശേഷിയും എനിക്ക് തന്നിരിക്കുകയാണ്. കാരണം എന്റെ അനുജന് ഒരു ഭിന്നശേഷിക്കാരനാണ്. അവനെക്കൊണ്ടു തന്നെ എന്റെ അമ്മ ഏറെ ദുഃഖത്തിലായിരുന്നു. എന്നിലെ കലാവാസന അമ്മയ്ക്ക് ഇഷ്ടമാണ്. എന്റെ ഇല്ലായ്മയിലും പോരായ്മയിലും ഒപ്പം നിന്നവരാണ് അച്ഛനും അമ്മയും.
12 വര്‍ഷം മുന്‍പ് അമ്മയ്ക്ക് പ്രഷര്‍ കൂടി ആശുപത്രിയില്‍ ആയപ്പോള്‍ ആ 27 ദിവസങ്ങളും അമ്മയെ നോക്കിയത് ഞാനായിരുന്നു. പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. അമ്മ പോയി. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു വശം തളര്‍ന്ന് കിടപ്പിലായി. ആ ഒന്‍പതര വര്‍ഷം എന്റെ വനവാസം ആയിരുന്നു. ഒരു മുറിയില്‍ അനുജന്, മറ്റൊരു മുറിയില്‍ അച്ഛന്! ഇവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് ഒന്‍പതര കൊല്ലം കടന്നു പോയി. ഇതിനിടയില്‍ ആരെങ്കിലും വിളിച്ചാല്‍ മാത്രം പ്രോഗ്രാമിനു പോകും. ഗള്‍ഫിലാണ് പരിപാടിയെങ്കിലും പ്രോഗ്രാം കഴിഞ്ഞ് അടുത്ത ഫ്ലൈറ്റിന് തിരികെയെത്തും. രണ്ടു വര്‍ഷം മുന്‍പാണ് അച്ഛന് മരിക്കുന്നത്. അതിനുശേഷമാണ് ഞാന്‍ വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയത്. ” താരം പറഞ്ഞു.
ചെണ്ട എന്ന യുട്യൂബ് ചാനലിൽ വെബ് സീരിസുമായി താരം എത്തുന്നുണ്ട്. ”ആഴ്ചയില്‍ ഒരു എപ്പിസോഡ് വീതം വരും. ചെണ്ട കാണാത്തവര്‍ ആരുമില്ല, ചെണ്ടകൊട്ട് കേള്‍ക്കാത്തവരായി ആരുമില്ല. ചെണ്ടയുടെ താളത്തിനൊത്ത് തുള്ളാത്തവരില്ല. ചെണ്ട കൊണ്ട് എവിടെയാണെങ്കിലും അവിടെ ആളു കൂടും. കൊട്ട് കണ്ടവരും കൊട്ട് കേട്ടവരും കാത്തിരിക്കുക, ഒരു പുതിയ കൊട്ടുമായി ഞങ്ങള്‍ വരുന്നു. അതാണ് ചെണ്ട.” സാജന് പറഞ്ഞു.
Post Your Comments