പ്രേഷകരുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ നടന്ന പൂജയിൽ പൃഥ്വിരാജ്, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ എന്നിവർ തിരി തെളിയിച്ചു. പൂജയുടെ ചിത്രങ്ങൾ സുപ്രിയ സമൂഹമാധ്യമം വഴി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് സുപ്രിയ.
അമ്മായിയമ്മയുടെ സാരികൾ അടിച്ചുമാറ്റാൻ പറ്റുന്നതാണ്’ എന്ന കമന്റിന് ‘അമ്മയ്ക്ക് അതറിയാം’ എന്നാണ് സുപ്രിയയുടെ മറുപടി. പിങ്ക് സാരിയിൽ ഗോൾഡ് ബോർഡർ വന്നിട്ടുള്ള ഭംഗിയുള്ള സാരി ആയിരുന്നു മല്ലിക ഉടുത്തിരുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ്. ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന് മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന് ആചാരി, നെസ്ലൻ, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന നിർവഹിക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. അനിഷ് പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്.
Post Your Comments