മലയാള സിനിമാലോകത്തിനു നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി . ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തന്റെ തൂലിക ചലിപ്പിക്കുന്നു.’ഒരു കട്ടിൽ, ഒരു മുറി… ഒരു പെണ്ണും ഒരാണും’ എന്ന പേരിട്ടിരിക്കുന്ന തിരക്കഥയെക്കുറിച്ച് അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത് .
“ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാംഗുലിയുടെയും മാത്തച്ചൻറെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛൻറെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അഛൻറെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ.” അദ്ദേഹം കുറിച്ചു.
1983ലെ ‘നസീമ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമാരംഗത്ത് കടന്നു വന്നത്. മൈ ഡിയർ കുട്ടിച്ചാത്തനും, മഴവിൽ കാവടിയും, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ രചനയാണ്. ഒന്ന് മുതൽ പൂജ്യം വരെ, വിസ്മയം തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments