മഞ്ജു വാരിയർ എന്ന വിദ്യാർത്ഥിയുടെ സ്കൂൾ കലോത്സവത്തിൻ്റെ ഭൂതകാല ഓർമ്മകൾ പങ്കുവച്ച് പ്രമുഖ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ. ഫേസ്ബുക്കിലായിരുന്നു വർഷങ്ങൾക്ക് മുൻപ് താൻ റിപ്പോർട്ട് ചെയ്ത കലോത്സവ നിമിഷങ്ങൾ ഹരികൃഷ്ണൻ പങ്കുവച്ചത്
എന്റെ ജീവിതത്തിലെ സുന്ദരമായ യാദൃച്ഛികതകളിലൊന്ന്…കോവിഡ് കവർന്ന സ്കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഓർമ്മിക്കാൻ കൗതുകമുണ്ട്… 1993 ജനുവരിയോർമ.
മലയാള മനോരമയിലെ റിപ്പോർട്ടർ ട്രെയിനിക്കു കിട്ടിയ വലിയ അവസരമായിരുന്നു ആ വർഷം തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോൽസവത്തിന്റെ മെയിൻ സ്റ്റോറി എഴുത്തും നൃത്ത ഇനങ്ങളുടെയും മറ്റും റിപ്പോർട്ടിങ്ങും .
മുതിർന്ന കലോൽസവ റിപ്പോർട്ടർമാർ പലരും ഉണ്ടായിട്ടും ആ വലിയ ഉത്തരവാദിത്തം പേനയിൽവച്ചു തന്ന ജെക്കോബിയെയും ജോണി ലൂക്കോസിനെയും സ്നേഹത്തോടെ ഒാർമിക്കുന്നു.
ജീവിതത്തിലാദ്യമായി ഭരതനാട്യ മൽസരം റിപ്പോർട്ട് ചെയ്തു.
എഴുതിത്തുടങ്ങിയത് ഇങ്ങനെ:
‘ ഭരതനാട്യം ചലിക്കുന്ന കവിതയാണ്. ഈ കവിതയെ വിരൽത്തുമ്പിലൂടെ, മിഴിയിണകളിലൂടെ, മുദ്രകളുടെ ഘോഷയാത്രയാക്കിയ കണ്ണൂർ ചിൻമയ വിദ്യാലയത്തിലെ മഞ്ജു വാരിയർ ഒന്നാം സമ്മാനം നേടി. കഴിഞ്ഞ വർഷത്തെ സംസ്ഥാന കലാതിലകമാണ് ഈ എട്ടാം ക്ളാസുകാരി…’
റിപ്പോർട്ട് പിന്നെയും നീളുന്നുണ്ട്.
ഞാൻ ഇപ്പോഴും ആ റിപ്പോർട്ട് വായിച്ചുനോക്കി.
കാലമേ, നന്ദി!
പിൽക്കാലത്ത് എന്റെ അടുത്ത സുഹൃത്താവുമെന്നറിയാതെ,
അവർക്കുവേണ്ടി സിനിമയിൽ നായികയെ എഴുതുമെന്നറിയാതെ
അന്ന് മലയാള മനോരമയിൽ എഴുതിയത്.
ജീവിതത്തിന്റെ സൗവർണ യാദൃച്ഛികതകളിൽ വിശ്വസിക്കാതെങ്ങനെ?
Post Your Comments