മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാൻ വിവാഹിതയായി. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദായിരുന്നു വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
‘ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, വിവാഹം ചെയ്യുന്നു, ഈ ലോകത്തിൽ നമ്മളെ എല്ലാവരേയും ദൈവം ചേർത്തു നിർത്തട്ടെ, സ്വർലോകത്തിൽ നമ്മളെ വീണ്ടും ചേർക്കട്ടെ’- സന കുറിച്ചു.
സിനിമാ മേഖല പൂർണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി, സന ഖാൻ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായുള്ള ബന്ധം സന ഖാൻ അവസാനിപ്പിച്ചത് ഈ വർഷം തുടക്കത്തിലായിരുന്നു. ഗാർഹിക പീഡനാരോപണവും മെൽവിന് എതിരെ സന നടത്തിയിരുന്നു.
കണ്ണൂർ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബെെ സ്വദേശിയും. മുംബെെയിൽ ജനിച്ചു വളർന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Post Your Comments