
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ നിര്‍ത്തിവെച്ചിരുന്നു. ഈ കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. അടുത്ത വെളളിയാഴ്ച വരെ വിചാരണ കോടതിയിലെ കേസിന്റെ വിസ്താരത്തിനും സ്റ്റേ നല്‍കിയിരിക്കുകയാണ് ഹൈക്കോടതി.
കടുത്ത മാനസിക പീഡനം, സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുളള ചോദ്യങ്ങള്‍, പലവട്ടം കോടതിയില്‍ കരയുന്ന സാഹചര്യം എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഉന്നയിച്ചത്. ”ചോദിക്കാന്‍ പാടില്ലാത്ത പല ചോദ്യങ്ങളും അഭിഭാഷകര്‍ ചോദിച്ചപ്പോള്‍ അത് കോടതി തടഞ്ഞില്ല. ഈ സമയത്തെല്ലാം അനേകം മറ്റ് അഭിഭാഷകര്‍ കോടതിയില്‍ ഉണ്ടായിരുന്നു. അവരുടെ മുന്പില് വെച്ച് ആണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്കണ്ടി വന്നത്. പല വട്ടം കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത സാഹചര്യം വന്നപ്പോഴാണ് ഹര്‍ജിയിലേക്ക് നീങ്ങിയത്. എതിര് കക്ഷികള്‍ വിചാരണ തടയാനായി പലവട്ടമാണ് കോടതിയെ സമീപിച്ചത്. 80 സാക്ഷികളെയാണ് വിസ്തരിച്ചത്. ദിലീപിന് വേണ്ടി 19 അഭിഭാഷകര്‍ ഹാജരായി. പലപ്പോഴും കോടതിക്ക് മുന്നില്‍ കരയേണ്ട സാഹചര്യമുണ്ടായി. ഒരു വനിതാ ജഡ്ജി തന്നെ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുന്നില്ല.” നടി ഹൈക്കോടതിയില്‍ പറഞ്ഞു
ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോള്‍ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഇരയ്ക്ക് ആവശ്യമുളള ഇടവേളകള്‍ നല്കി വേണം വിചാരണ എന്ന സുപ്രീംകോടതി വിധി പാലിക്കാതെ പലപ്പോഴും വൈകുന്നേരം ആറ് മണിക്കുശേഷവും ക്രോസ് എക്സാമിനേഷന് തുടര്‍ന്നിരുന്നുവെന്നും സര്‍ക്കാരും അറിയിച്ചു
Post Your Comments