‘കുട്ടിസ്രാങ്ക്’, ‘ഒടിയൻ’ തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ രചിച്ച ഹരികൃഷ്ണൻ തനിക്ക് സിനിമയാക്കാൻ മോഹം തോന്നിയ ഒരേയൊരു കഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. ഒ വി വിജയന്റെ ‘നിദ്രയുടെ താഴ്വര’ എന്ന കഥയാണ് തന്റെ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കുന്നതെന്ന്‍ ഹരികൃഷ്ണൻ പറയുന്നു. കഥയുടെ ഉള്ളടക്കം അതി മനോഹരമായി വർണിച്ചു കൊണ്ടായിരുന്നു തനിക്ക് സിനിമയാക്കണമെന്ന് തോന്നിയ ഒ വി വിജയന്റെ കഥയെക്കുറിച്ച് ഹരികൃഷ്ണൻ പങ്കുവച്ചത്.
ഹരികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
സിനിമയാക്കണമെന്ന് അതിയായ മോഹംതോന്നിയത് ഒരു കഥയോടു മാത്രം.
ഒ.വി.വിജയന്റെ ‘ നിദ്രയുടെ താഴ്‍വര’.
വിജയന്റെതന്നെ ഭാഷയിൽ, ജീവിതം മുഴുവൻ എന്നെ ‘നായാടിക്കൊണ്ടിരിക്കുന്ന’ മറ്റൊരു കഥയില്ല.
ഒരിക്കൽ വിജയൻ എന്നോട് ഇഷ്ടകഥ ചോദിച്ചപ്പോഴും ഈ കഥയുടെ പേരാണു പറഞ്ഞത്. കാരണവും പറഞ്ഞു:
– വായിച്ചപ്പോൾ മുതൽ നായാടുന്നു. സ്വസ്ഥത തരുന്നില്ല.
അപ്പോൾ വിജയൻ പറഞ്ഞു:
– അതൊരു പാവം കഥയാണ്. ദർശനമോ വേറെ വേഷംകെട്ടോ ഒന്നുമില്ല. ഒരു പാവം കഥ.
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങൾ ഇക്കഥ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നമ്മുടെ ഭാഷയിൽ എഴുതപ്പെട്ട ഏറ്റവും സുന്ദരമായ കഥകളിലൊന്നാണു നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. നോൺ ലീനിയർ കഥപറച്ചിലിന്റെ ആഘോഷമാണ് ആ കഥ. ഒരോർമയിൽനിന്നു മറ്റൊന്നിലേക്കും പിന്നെ വേറൊന്നിലേക്കും ഒടുവിലൊടുവിലൊടുവിൽ ഏതോ സാന്ധ്യതാഴ്‍വരയിലേക്കും മരണത്തിലേക്കും മൗനത്തിലേക്കുമുള്ള വ്യഥിതകഥായാനം.
Post Your Comments