മലയാള സിനിമയില്‍ പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ചു നിന്ന അനശ്വര നടന്‍ ജയന്റെ 40-ആം ഓര്‍മ്മ ദിനത്തില്‍ താരത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ എം.എ നിഷാദ്. ‘നവംബറിന്റെ നഷ്ടം’ എന്നാണ് സംവിധായകന്‍ എം.എ നിഷാദ് ഈ വിയോഗത്തെ വിശേഷിപ്പിച്ചത്. ജയന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല, ജയന്റെ ചിത്രങ്ങള്‍ ശേഖരിച്ചതിനെ കുറിച്ചൊക്കെ സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
എം.എ നിഷാദിന്റെ കുറിപ്പ്:
നവംബറിന്റെ നഷ്ടം ‘ജയന്‍’
The definition of Stardom…
1979…ചുട്ടുപൊളളുന്ന ഒരു വേനല്‍ക്കാലത്ത് പുനലൂരിലെ ചന്ദ്രാ ടാക്കീസില്‍, തീനാളങ്ങള്‍ എന്ന ജയന്‍ സിനിമ കാണുന്ന അന്ന് തുടങ്ങുന്നു ജയനെന്ന മലയാള സിനിമ കണ്ട എക്കാലത്തേയും ആക്ഷന്‍ ഹീറോയെ പറ്റിയുളള എന്റെ ബാല്യകാല ആരാധനാ ചരിത്രം…എനിക്ക് മാത്രമല്ല..ആബാല വൃദ്ധ ജനങ്ങള്‍ക്കും ജയന്‍ ഒരു ഹരമായിരുന്നു…ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന വീര നായകന്‍…
നാല്‍പ്പത് വര്‍ഷം മുമ്ബ്, നവംബര്‍ 17-ന് ഇറങ്ങിയ ഇന്‍ഡ്യന്‍ എക്‌സപ്രസ്സ് പത്രത്തില്‍ വന്ന തലവാചകം ഇന്നുമെന്റെ ഓര്‍മ്മയില്‍ ഒരു നൊമ്ബരമായി അവശേഷിക്കുന്നു ‘Cine hero Jayan dies due to helicopter crash ‘. നവമ്ബര്‍ 16-നായിരുന്നു അദ്ദേഹം മരണപ്പെട്ടത്…അദ്ദേഹത്തിന്റെ മരണം എന്റെ പിതാവറിഞ്ഞെങ്കിലും കടുത്ത ജയന്‍ ആരാധകനായ എന്നോട് പറഞ്ഞിരുന്നില്ല.. പക്ഷെ പിറ്റേന്നിറങ്ങിയ പത്രത്തിലെ വാര്‍ത്ത എന്നെ തളര്‍ത്തി കളഞ്ഞു…അന്ന് സ്‌ക്കൂളില്‍ പോയില്ല…ജയന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ എനിക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞിരുന്നില്ല….
പിന്നെ ഒരുപാട് കഥകള്‍…ജയന്‍ അമേരിക്കയില്‍ ഉണ്ടെന്നും ജയനെ കൊന്നതാണെന്നും…അങ്ങനെ അങ്ങനെ ഒരുപാട് നിറം പിടിപ്പിച്ച കഥകള്‍…കഥകളുണ്ടാക്കാന്‍ നമ്മള്‍ മലയാളികളെ കഴിഞ്ഞാരുമില്ലല്ലോ.. അന്ന് സോഷ്യല്‍ മീഡിയയും രാത്രികാല ചാനല്‍ ചര്‍ച്ചകളില്ലായിരുന്നെങ്കിലും എല്ലാ വീടുകളിലും, അങ്ങാടികളിലും, അയല്‍പ്പക്കത്തെ ചേച്ചിമാരുടെ ഗോസിപ്പ് കോര്‍ണറുകളിലും ജയന്റെ മരണ വാര്‍ത്തയുടെ കഥകള്‍ നിറഞ്ഞു നിന്നു… ജയന്‍ ആരാധകന്മാരേക്കാളും വിഷമം ആരാധികമാര്‍ക്കായിരുന്നു…ബെല്‍ ബോട്ടം പാന്റ്റ്‌സും, കോളര്‍ ഷര്‍ട്ടും, ലെതര്‍ ബെല്‍റ്റും, കൂളിംഗ് ഗ്ലാസ്സും, കൈയ്യില്‍ കറങ്ങുന്ന കീച്ചെയിനുമായി, അഭിനവ ജയന്‍ ഡ്യൂപ്പുകള്‍ കേരളത്തിന്റെ നിരത്തുകളില്‍ നിറഞ്ഞ് നിന്ന മനോഹരവും ചിലപ്പോഴൊക്കെ അരോചകവുമായ കാഴ്ച്ചകള്‍ കൊണ്ട് സമ്ബന്നമായ കാലം ഇന്നും ഓര്‍മ്മയിലുണ്ട്…
പക്ഷെ ജയന് സമം ജയന്‍ മാത്രം… നോട്ട് ബുക്കിലെ പുറം ചട്ടയില്‍ ജയന്റെ ചിത്രങ്ങളും പുസ്തകത്തിനുളളില്‍ ജയന്റെ സ്റ്റിക്കറുകളും ഒട്ടിക്കുന്നതില്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിച്ചിരുന്നു…കലണ്ടറുകളില്‍ ജയന്റെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ ഇടം പിടിച്ചു…പുനലൂരിലെ എന്റെ തറവാടിനടുത്തുളള മുരളീ പ്രസ്സില്‍ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ട് വന്ന ജയന്റെ സിനിമയിലെ ചില രംഗങ്ങള്‍ അടങ്ങിയ ഫിലിം തുണ്ടുകള്‍ ഒറ്റ കണ്ണില്‍ കാണുന്ന ഉത്സവ പറമ്ബില്‍ വില്‍ക്കുന്ന ബൈനാക്കുളറിന്റെ ഡ്യൂപ്പ് (പേര് ഓര്‍മ്മയില്ല)..അതായിരുന്നു ഏറ്റവും വലിയ നൊസ്റ്റാള്‍ജിയ…
അങ്ങനെ ജയന്‍ എന്ന നടന്‍ മലയാളിയുടെ പുരുഷ സങ്കല്‍പ്പത്തിന്റെ പര്യായമായി മാറി… കോളിളക്കം എന്ന സിനിമ, പുനലൂരിലെ എല്ലാ തീയറ്ററുകളിലുമുണ്ടായിരുന്നു എന്നാണോര്‍മ്മ…രാംരാജിന്റെ മുന്നിലുളള പെട്ടിക്കടയില്‍ ഒട്ടിച്ചിരുന്ന ജയന്റെ പോസ്റ്റര്‍ കീറി, എന്റെ അമ്മാവന്‍ ഖുറൈഷി ജയന്റെ കടുത്ത ആരാധകനായ എനിക്ക് നല്‍കിയതും, അത് പിന്നെ എന്റെ മുറിയിലെ ചുവരില്‍ വര്‍ഷങ്ങളോളം ഒട്ടിയിരുന്നതും മായാത്ത ഓര്‍മ്മ തന്നെ… ഒരു പക്ഷെ, ജയന്‍ എന്ന സൂപ്പര്‍ താരം കൂടുതല്‍ ആഘോഷിക്കപെട്ടത് അദ്ദേഹത്തിന്റെ മരണശേഷമാണെന്ന് തോന്നുന്നു…ഇത്രമേല്‍ മലയാളിയുടെ മനസ്സിനെ മദിച്ച മറ്റൊരു നടനുണ്ടോ എന്നും ഉറപ്പില്ല…
അദ്ദേഹത്തിന്റെ നടന വൈഭവത്തെ പറ്റി വിമര്‍ശനങ്ങളുണ്ടാകാം.. പക്ഷെ ശരപഞ്ചരവും, ഇടിമുഴക്കവും പോലെയുളള, സിനിമകള്‍ അദ്ദേഹത്തിലെ നടനെ തിരിച്ചറിയുന്ന സിനിമകള്‍ ആണ്…ഒരു നവംബര്‍ പതിനാറു കൂടി എത്തുന്നു… ജയനെന്ന മലയാളത്തിന്റെ ആദ്യ സൂപ്പര്‍ താരത്തിനെ പറ്റിയുളള വിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല…നവംബറിന്റെ നഷ്ടം തന്നെയാണ് ‘ജയന്‍’.
Post Your Comments