ഡയാന എന്ന തിരുവല്ലക്കാരി, നയൻതാര എന്ന പേരില്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായി ഇരിപ്പുറപ്പിച്ചത് സത്യൻ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ്. അന്ന് താൻ കണ്ടെത്തിയ നായിക പിന്നീട് തെന്നിന്ത്യയിലെ ലേഡീ സൂപ്പർ സ്റ്റാർ ആകുമെന്ന് സ്വപ്നത്തിൽപ്പോലും സത്യൻ അന്തിക്കാട് വിചാരിച്ചിട്ടുണ്ടാവില്ല. ‘മനസ്സിനക്കരെ’യിലെ ഗൗരിയിൽ നിന്ന് നായകൻ പോലും അപ്രസക്തമായി നിൽക്കുന്ന തമിഴ് സിനിമയിൽ പ്രധാന കഥാപാത്രമായി നില കൊള്ളണമെങ്കിൽ നയൻതാരയുടെ ആത്മവിശ്വാസം വാക്കുകൾക്ക് അതീതമാണ്. താൻ കൈ പിടിച്ചു കൊണ്ട് വന്ന തെന്നിന്ത്യയിലെ ലേഡീ സൂപ്പർ സ്റ്റാറിന്റെ സിനിമയുടെ സഞ്ചാര വഴിയിലേക്ക് വെറുതെയൊരു തിരിഞ്ഞു നോട്ടം നടത്തുകയാണ് സത്യൻ അന്തിക്കാട് എന്ന ഫിലിം മേക്കർ. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു നയൻതാരയെക്കുറിച്ച് സത്യൻ അന്തിക്കാട് മനസ്സ് തുറന്നത്
‘മനസ്സിനക്കരെ’യിലെ ഗൗരിയാകാനുള്ള ആദ്യ വരവിൽ തന്നെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. തികഞ്ഞ ആത്മവിശ്വാസമുള്ള പെൺകുട്ടിയാണ് നയൻതാര. എങ്ങനെയെങ്കിലും സിനിമയിൽ എത്തിയേതീരുവെന്ന വാശിയൊന്നുമില്ല. ആ കഥാപാത്രത്തിന് ഇണങ്ങുന്നതാണെങ്കിൽ അഭിനയിച്ച് നോക്കാം ഇല്ലെങ്കിൽ ഒരു മനപ്രയാസവുമില്ലാതെ തിരിച്ചു പോകാം. അങ്ങനെയൊരു ഭാവമായിരുന്നു. ‘മനസ്സിനക്കരെ’ വലിയൊരു വിജയമാകുകയും അതിലെ ഗൗരിയെ പ്രേക്ഷകർക്ക് ഇഷ്ടമാകുകയും ചെയ്തതിനു ശേഷമാണ് ഫാസിലിന്റെ ‘വിസ്മയത്തുമ്പത്തി’ലേക്ക് എത്തുന്നത്. നാലഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഒരു ദിവസം നയൻതാര വിളിച്ചു. “ഷൂട്ടിങ് സ്ഥലത്ത് പൊതുവേ നല്ല അന്തരീക്ഷമാണ് എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്, എങ്കിലും എന്റെ അഭിനയത്തിൽ ഫാസിൽ സാർ തൃപ്തനല്ല എന്നൊരു തോന്നൽ”. നയൻ താര വിഷമത്തോടെ പറഞ്ഞു നിർത്തി, “ഫാസിൽ അങ്ങനെ പറഞ്ഞോ” ഞാൻ ചോദിച്ചു, “പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം” ,”എങ്കിൽ ‘ അക്കാര്യം ഫാസിലിനോട് പറയൂ” എന്ന് ഞാൻ പറഞ്ഞു. ഒരു മടിയുമില്ലാതെ അന്ന് തന്നെ അവരത് പറയുകയും ചെയ്തു. പിന്നെ നയൻതാരയുടെ ഫോണിൽ നിന്ന് എന്നെ വിളിക്കുന്നത് ഫാസിൽ തന്നെയാണ്, ചിരിച്ചു കൊണ്ട് ഫാസിൽ പറഞ്ഞു. “ഞാൻ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. എന്ത് നിഷ്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിന്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്, ഞാനത് പറഞ്ഞിരുന്നില്ല. എന്നേയുള്ളൂ. അങ്ങനെ ഫാസിലിന്റെ വാക്കുകൾ കേട്ടു നയന്‍താര ഹാപ്പിയായി’.
Post Your Comments