Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

ആ തോല്‍വിയുടെ കഥ പറയാനാണ് ഞാന്‍ അവസാനമായി ആശാന്റെ അടുത്ത് പോവുന്നത്, നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനൊരു തബലയില്‍ തൊട്ടു, കരയാതിരിക്കാന്‍ ഞാന്‍ വായിച്ച്‌ തുടങ്ങി; ആര്‍ജെ മാത്തുക്കുട്ടി

അപ്പോഴെക്കും +2 അഡ്മിഷന്‍ തുടങ്ങാറായിരുന്നു. നടുവിരലും മോതിര വിരലും ചേര്‍ത്ത് പിടിച്ച്‌ 'തിരകിട്തിരകിട്' എന്ന് ഒഴുക്കിക്കൊണ്ടിരുന്ന എന്നെ നോക്കി ഗുരു പറഞ്ഞു..

അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടിയ്ക്ക് ആരാധകർ ഏറെയാണ്. സംഗീത സംവിധായകന്‍ ഷാന്‍ റഹമാന്‍ തബല സമ്മാനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി. കുട്ടിക്കാലത്ത് തബലയോടുണ്ടായിരുന്ന ഭ്രമത്തെക്കുറിച്ചും പഠിച്ച കാര്യങ്ങളുമൊക്കെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രസകരമായി പങ്കുവെച്ചിരിക്കുകയാണ് താരം.

ആര്‍ജെ മാത്തുക്കുട്ടിയുടെ കുറിപ്പ്:

കുഞ്ഞെല്‍ദോയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞതിന്റെ ആവേശത്തിലിരിക്കുമ്ബോഴാണ് ഷാന്‍ റഹമാനോട് ഞാനാ കഥ പറയുന്നത്. പത്താം ക്ലാസ്സിലെ റിസള്‍ട്ട് വന്ന് നില്‍ക്കുന്ന സമയം. അതായത്, പാസ് മാര്‍ക്കിനു മീതേക്ക് അതിമോഹങ്ങള്‍ ഒന്നുമില്ലാതെ വിനയപൂര്‍വ്വം ജീവിച്ച എനിക്ക് വിദ്യാഭ്യാസ വകുപ്പ് ഫസ്റ്റ് ക്ലാസ് എന്ന ഭൂട്ടാന്‍ ബംബര്‍ സമ്മാനിച്ച കാലം (അന്നു മുതലാണ് ഞാന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്.) വീട്ടുകാരുടെ ഞെട്ടല്‍ മാറും മുന്‍പ് ഞാന്‍ അവസരം മുതലെടുത്ത് പ്രഖ്യാപിച്ചു.

‘എനിക്ക് തബല പഠിക്കാന്‍ പോണം’, ചെവിയില്‍ ചിറകടിയൊച്ച (കിളി പറന്ന സൗണ്ട്) കേട്ട പോലെ നിന്ന മമ്മിയുടെ കയ്യില്‍ നിന്നും 21 രൂപയും വാങ്ങി ആദ്യം ഞാന്‍ അടക്കാമര ചോട്ടിലേക്കും, പിന്നെ വെറ്റില പറമ്ബിലേക്കും, അവിടുന്ന് പാലായിക്കുന്നിലുള്ള ഗുരുവിന്റെ വീട്ടിലേക്കും എണീറ്റ് നിന്ന് സൈക്കിള്‍ ചവിട്ടി. മനോരമ ഞായറാഴ്ച പതിപ്പില്‍ വന്ന സക്കീര്‍ ഹുസൈന്റെ ഇന്റര്‍വ്വ്യൂ എന്റെ ജീവിതം തന്നെ മാറ്റി മറിക്കും എന്ന് എനിക്ക് തോന്നിയ ദിവസങ്ങളായിരുന്നു പിന്നെ. താളബോധമില്ലാതെ സൈക്കിള്‍ ബെല്ലടിച്ച കൂട്ടുകാരോട് പോലും ഞാന്‍ പറഞ്ഞു ‘അങ്ങനെയല്ല കുട്ടി.. ഇങ്ങനെ.. താ ധിം ധിം താ..’

അപ്പോഴെക്കും +2 അഡ്മിഷന്‍ തുടങ്ങാറായിരുന്നു. നടുവിരലും മോതിര വിരലും ചേര്‍ത്ത് പിടിച്ച്‌ ‘തിരകിട്തിരകിട്’ എന്ന് ഒഴുക്കിക്കൊണ്ടിരുന്ന എന്നെ നോക്കി ഗുരു പറഞ്ഞു.. ‘ ഇനി പ്രാക്ടീസാണ് മെയിന്‍. തബല വാങ്ങണം. എന്റെ ഒരു ശിഷ്യന്റെ കയ്യില്‍ പഴയതൊന്നുണ്ട്. 1000 രൂപ കൊടുത്താല്‍ നമുക്കത് വാങ്ങാം’. പത്താം ക്ലാസ്സ് പാസായി കുടുംബത്തിന്റെ അഭിമാനം കാത്ത ഞാന്‍ വീട്ടില്‍ അടുത്ത പ്രഖ്യാപനം നടത്തി. ‘തബല വാങ്ങണം’. ഉത്തരം ലളിതവും വ്യക്തവുമായിരുന്നു ‘പറ്റില്ല’.

read also:കൊവിഡ് രോഗിയാക്കി ബോഡി പോലും ആരെയും കാണിക്കില്ലെന്ന് പറഞ്ഞു, നഴ്സായ യുവതിയുടെയും വിഐപിയുടെയും പേരുകള്‍ പുറത്തു വിടും; ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും കലാഭവന്‍ സോബി

വീട്ടില്‍ അള്ളാ രേഖയും സക്കീര്‍ ഹുസൈനും തമ്മിലുള്ള ഒരു ജുഗല്‍ബന്ധി ഉയര്‍ന്നു. പല താളക്രമങ്ങളിലൂടെ അത് വളര്‍ന്നു. ഒടുക്കം ഇനി വായിക്കാന്‍ മാത്രകളൊന്നുമില്ലാതെ എന്റെ വിരല്‍ വിറച്ചു. ആ തോല്‍വിയുടെ കഥ പറയാനാണ് ഞാന്‍ അവസാനമായി ആശാന്റെ അടുത്ത് പോവുന്നത്. ‘ഇന്ന് പ്രാക്ടീസ് ചെയ്യുന്നില്ലേ’ എന്ന ചോദ്യത്തിന് ഞാന്‍ ഉത്തരം പറഞ്ഞില്ല. മൂടി തുറക്കാതെ വെച്ച തബലക്ക് മുന്നില്‍ നിന്നും എണീറ്റ് നടന്നു.

ഞാന്‍ ഇമൊഷണലായി കഥ പറഞ്ഞിരുക്കുമ്ബോള്‍ ഷാന്‍ മൊബൈലിലും നോക്കിയിരിക്കുവായിരുന്നു. അവനത് കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കിലും നമ്മള്‍ കഥ നിര്‍ത്തൂല്ലാലോ..! അതിനിടയില്‍ പാട്ട് പാടാന്‍ പോയ വിനീത് ശ്രീനിവാസന്‍ സാര്‍ തിരിച്ച്‌ വന്നു. അല്‍പം കഴിഞ്ഞ് ആരോ വാതിലില്‍ മുട്ടി. ഷാന്‍ എന്നേയും കൊണ്ട് വാതില്‍ക്കലേക്ക് ചെന്നു. താടി നരച്ചൊരു ചേട്ടനായിരുന്നു പുറത്ത്. അയാളുടെ കയ്യില്‍ വലിയൊരു ബാഗുണ്ടായിരുന്നു. അതെനിക്ക് തന്നിട്ട് തുറക്കാന്‍ പറഞ്ഞു. ഞാന്‍ സിബ്ബിന്റെ ഒരു സൈഡ് തുറന്ന് തുടങ്ങുമ്ബോള്‍ ഷാന്‍ പറഞ്ഞു..

‘കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല തബല തന്നെ വേണമെന്ന് ഞാനവര്‍ക്ക് മെസ്സേജ് അയച്ചിരുന്നു. കൊതിച്ചതില്‍ കുറച്ചെങ്കിലും നമ്മളു സ്വന്തമാക്കണ്ടേ?’ എന്റെ കണ്ണിനും കയ്യിലിരിക്കുന്ന ബാഗിനും കനം കൂടുന്ന പോലെ തോന്നി. ഞാന്‍ നിലത്തിരുന്നു. നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനൊരു തബലയില്‍ തൊട്ടു. കരയാതിരിക്കാന്‍ ഞാന്‍ വായിച്ച്‌ തുടങ്ങി.
ത ധിം ധിം ത.. ത ധിം ധിം ത…

shortlink

Related Articles

Post Your Comments


Back to top button