കോളേജ് പഠന കാലത്ത് തന്റെ മുഖ്യ ശത്രു ആരായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായനും നടനും അവതാരകനുമൊക്കെയായ രമേഷ് പിഷാരടി. ക്യാമ്പസ് പഠന കാലത്ത് തന്റെ ക്ലാസ്സിലെ പെൺകുട്ടികൾ ഹൃദയത്തോട് ചേർത്തു നിർത്തിയ ഒരേയൊരാൾ നടൻ കുഞ്ചാക്കോ ബോബനായിയിരുന്നുവെന്നും അതുകൊണ്ട് തന്നെ ഈ ലോകം എത്ര പുരോഗമിച്ചാലും മരുന്ന് കണ്ടു പിടിക്കാൻ കഴിയാത്ത അസൂയ എന്ന വലിയ രോഗം തന്നെ ആ കാലയളവിൽ പിടികൂടിയിരുന്നുവെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ രമേഷ് പിഷാരടി തുറന്നെഴുതുന്നു.
‘എന്റെ പ്രീഡിഗ്രി തീരുന്ന സമയം. ഒന്നാലോചിച്ചാൽ പ്രീഡിഗ്രി തന്നെ എന്നേന്നേക്കുമായി തീരാൻ പോകുന്ന സമയമായിരുന്നു അത്. കൂടെ പഠിച്ച പെൺകുട്ടികളിൽ പലരും ഓട്ടോഗ്രാഫിനായി വന്നു. ഒന്നും എഴുതിയില്ല, എഴുതിയതിൽ തന്നെ വലിയ ആത്മാർത്ഥത കാണിച്ചതുമില്ല. അതിനു കാരണം കുഞ്ചാക്കോ ബോബനാണ്. എല്ലാ ഓട്ടോ ഗ്രാഫ് ബുക്കുകളുടെയും കവറിൽ അയാളുടെ ഫോട്ടോ ആയിരുന്നു. മെഡിക്കൽ സയൻസ് ഇനിയൊരു നൂറ്റാണ്ടുകൂടി പുരോഗമിച്ചാലും മരുന്നു കണ്ടു പിടിക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ള അസുഖമായിരുന്നു എനിക്ക്. “അസൂയ”. പെൺകുട്ടികൾക്ക് ഒരാളെ ഇത്രയേറെ സ്നേഹിക്കാൻ പറ്റുമോ? ഞാനും മറ്റൊരു രോഗിയായ അനീഷും ഞങ്ങളുടെ ദു:ഖങ്ങൾ കടച്ചമർത്തി. വടക്കേ ഇന്ത്യയിൽ ‘ഒഡിഷ സൈക്ലോൺ’ എന്ന കൊടുങ്കാറ്റ് ഉണ്ടായ ദിവസം ‘നിറം’ എന്ന സിനിമയുടെ പോസ്റ്റർ കൊണ്ട് കോളേജും പരിസരവും നിറഞ്ഞു. കാന്റീനിൽ ഇരുന്ന് പൊറോട്ട തിന്നുകയായിരുന്നു ഞാനും അനീഷും, അവന്റെ കണ്ണിൽ ചാത്തന്റെ തീക്ഷണത’.രമേഷ് പിഷാരടി രസകരമായി പറഞ്ഞു നിർത്തുന്നു.
Post Your Comments