പുറത്തിറങ്ങിയ നിരവധി മോഹൻലാൽ സിനിമകൾ മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ചപ്പോൾ റിലീസ് ചെയ്യാൻ വിധിക്കപ്പെടാതെ പോയ എത്രയോ മോഹൻലാൽ സിനിമകൾ മലയാള സിനിമയുടെ ചരിത്രത്തിലാണ്ടു പോയിട്ടുണ്ട്. അവയിൽ ഒന്നാണ് ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യാനിരുന്ന ‘കാർത്തിക തിരുനാൾ കാർത്തികേയൻ’. ഡെന്നിസ് ജോസഫ് തിരക്കഥ പൂർത്തിയാക്കിയ ചിത്രം ചില പ്രതിസന്ധികൾ മൂലം നടക്കാതെ പോകുകയായിരുന്നു. തന്റെ സിനിമാ ജീവിതത്തിലെ വലിയ നഷ്ടമായിരുന്നു ഇതെന്നും സിനിമ നടന്നിരുന്നേൽ വലിയൊരു ഹിറ്റ് പിറക്കുമായിരുന്നുവെന്നും ചിത്രത്തിൽ അഞ്ച് നായികമാർ ഉണ്ടായിരുന്നെന്നും ഇത് വരെ കാണാത്ത രീതിയിലുള്ള സസ്പൻസായിരുന്നു സിനിമയുടെതെന്നും സംവിധായകന് ടി എസ് സുരേഷ് ബാബു പറയുന്നു
‘എനിക്ക് മാനസികമായി ഏറെ വിഷമമുണ്ടാക്കിയ സംഭവമായിരുന്നു മോഹൻലാലിന്റെ ‘കാർത്തിക തിരുനാൾ കാർത്തികേയൻ’ എന്ന ചിത്രം നടക്കാതെ പോയത്. സിനിമ ഇറങ്ങിയിരുന്നേൽ എനിക്ക് ഉറപ്പുണ്ടായിരുന്നു അത് സൂപ്പർ ഹിറ്റ് ആകുമെന്ന്. അഞ്ച് നായികമാരായിരുന്നു ചിത്രത്തിൽ, ഇതുവരെ കാണാത്ത ഗംഭീര സസ്പൻസായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമ നടക്കാതെ പോയ വിവരമറിഞ്ഞ് മമ്മുക്ക വരെ ഡെന്നീസിനെ വിളിച്ചു കാര്യങ്ങള് ചോദിച്ചു. ‘ലാൽ പറഞ്ഞല്ലോ നല്ല കഥയാണെന്ന് എന്താണ് സംഭവിച്ചതെന്നൊക്കെ ചോദിച്ചു. ‘മാടമ്പി’ റിലീസ് ചെയ്ത ഓണ സമയത്തായിരുന്നു ‘കാർത്തിക തിരുനാൾ കാർത്തികേയൻ’ ചാർട്ട് ചെയ്തത്. പക്ഷേ ചിത്രം നടക്കാതെ പോയതോടെ ‘മാടമ്പി’ അതിന്റെ സ്ഥാനത്ത് വരികയും അതൊരു ഗംഭീര വിജയമാകുകയും ചെയ്തു’. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമിൽ സംസാരിക്കവേയാണ് ടി എസ് സുരേഷ് ബാബു നടക്കാതെ പോയ മോഹൻലാൽ സിനിമയെക്കുറിച്ച് മനസ്സ് തുറന്നത്.
Post Your Comments