കാലഘട്ടത്തിന്റെ മാറ്റങ്ങളെ അടയാളപ്പെടുത്തി സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു ലേഖനത്തിലെ മാധവിക്കുട്ടിയുടെയും ചെറുമക്കളുടെയും സംഭാഷണം കടമെടുത്തു കൊണ്ടായിരുന്നു സത്യൻ അന്തിക്കാടിന്റെ വർണന. തന്റെ സിനിമകളെക്കുറിച്ചാലോചിക്കുമ്പോൾ ഇന്നത്തെ തലമുറയും അത് ആസ്വദിക്കുന്നു എന്നുള്ളത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും സത്യൻ അന്തിക്കാട് തന്റെ ഫേസ് ബുക്കിൽ കുറിച്ചു.
സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കാലം മാറുകയാണ്. പണ്ട് മാധവിക്കുട്ടി എഴുതിയ ഒരു ലേഖനം ഓർമ വരുന്നു. ഒരിക്കൽ പേരക്കുട്ടികളോട് മാധവിക്കുട്ടി പറഞ്ഞുവത്രെ: ‘‘നിങ്ങളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് സങ്കടമുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്ത് എന്തുമാത്രം കളികളായിരുന്നു. ഓലപ്പന്തുകളിയും വേലിയിറമ്പിൽ നിന്ന് മഷിത്തണ്ട് പറിച്ചെടുത്ത് സ്ലേറ്റ് മായ്ക്കലും അപ്പൂപ്പൻതാടിയുടെ പിന്നാലെ ഓടിക്കളിക്കലും നാട്ടുചെടിയുടെ പശ ഊതി കുമിളകൾ പറപ്പിച്ചുകളിക്കലും – അതൊന്നും അനുഭവിക്കാൻ നിങ്ങൾക്ക് ഭാഗ്യമില്ലാതായല്ലോ?’’ കുട്ടികൾ പറഞ്ഞത്രെ: ‘‘അമ്മൂമ്മയുടെ കുട്ടിക്കാലമോർത്ത് ഞങ്ങൾക്കാണ് സങ്കടം, അന്ന് ഇന്റർനെറ്റില്ല. വീഡിയോ ഗെയിമില്ല. കംപ്യൂട്ടറില്ല-കഷ്ടം.’’ നമുക്ക് മറുപടിയില്ല. എങ്കിലും ഒരു നഷ്ടബോധമുണ്ട്. പ്രത്യേകിച്ചും പഴയ സിനിമകൾ കാണുമ്പോൾ. ഒരുപാട് നല്ല കഥാപാത്രങ്ങൾ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പിന്നെ ഒരാശ്വാസമുള്ളത് ആ സിനിമകൾ ഇന്നത്തെ തലമുറയും ആസ്വദിക്കുന്നു എന്നുള്ളതാണ്. അന്നു ജനിച്ചിട്ടില്ലാത്തവർ പോലും തട്ടാനിലെ ‘പശുവിനെ കളഞ്ഞ പാപ്പി’യെക്കണ്ട് കൈയടിക്കുന്നു. ‘‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’’ എന്നു പറയുന്നു. ‘‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’’ എന്നു പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. ‘‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’’ എന്ന് സമാധാനിക്കാം
Post Your Comments