നടൻ അബു സലിമിനെ മലയാളികള്‍ കൂടുതല്‍ കണ്ടിട്ടുള്ളത് വില്ലന്‍ വേഷങ്ങളിലാണ്. പൊലീസായും ഗുണ്ടയായുമെല്ലാം തിളങ്ങാറുള്ള താരം അടുത്തിടെ കോമഡിയിലേക്കും ചുവടുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിക്കുകയായണ് അബു സലീം പ്രധാന വേഷത്തില്‍ എത്തിയ ഒരു ഷോര്‍ട്ട്ഫിലിം. ദ് ഷോക്ക് എന്ന ഷോര്‍ട്ട്ഫിലിമാണ് ശ്രദ്ധ കവരുന്നത്.
അതി ഭീകരമായ പ്രകൃതി ദുരന്തത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ട ഹംസ എന്ന കഥാപാത്രത്തെയാണ് അബു സലിം അവതരിപ്പിക്കുന്നത്. മകനും ഭാര്യയും നഷ്ടപ്പെട്ട കുടുംബത്തില്‍ ബാക്കിയാകുന്നത് മകന്റെ മകള്‍ സൈറ മാത്രമാണ്. ഉപ്പൂപ്പയുടേയും സൈറയുടേയും അതിജീവനത്തിന്റ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
വയനാട് പശ്ചാത്തലമാക്കി ശരത്ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ദ് ഷോക്ക്’. എം.ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മുനീര്‍ ടി. കെ., റഷീദ് എം.പി. എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പോള്‍ ബത്തേരി നിര്‍വഹിക്കുന്നു. അബു സലീമിനൊപ്പം അമേയയാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്. അതിനിടെ അബു സലീമിന്റെ പ്രകടനത്തെ പ്രശംസിച്ച് നടന്‍ ദേവന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ദേവന്റെ കുറിപ്പ് വായിക്കാം
ഞാൻ ഇന്ന് ഒരു ഹൃസ്വചിത്രം കണ്ടു.. ‘The Shock’… ശരിക്കും ഷോക്ക് ആയിപോയി… ഒന്നാമത്തേത് അബു സലിം എന്നാ നടന്‍ തന്നെ.. നമ്മള്‍ എത്രയോ സിനിമകളിലൂടെ ഈയാളെ കണ്ടിട്ടുണ്ട്… വില്ലനും ഗുണ്ടയും ആയി നായകന്മാരുടെ കൈയില്‍നിന്നും വാരിക്കോരി അടിവാങ്ങുന്ന നടന്‍… അയാളിലെ നടനെ കണ്ടെത്തിയിരിക്കുന്നു ശരത്ചന്ദ്രന്‍ വയനാട് ഈ ചിത്രത്തിലൂടെ…
രണ്ടാമത്തെ ഷോക്ക്, ശരത്ചന്ദ്രന്‍ എന്നാ സംവിധായകന്‍ തന്നെ… ഈ സംവിധായകനെ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി… വന്നും പോയും, ഇപ്പോള്‍ ഉള്ളവരുമായാ നല്ല പ്രതിഭാശാലികളായ എതു സംവിധായകരോടൊപ്പം നിര്‍ത്താന്‍ പറ്റിയ ഒരു കലാകാരന്‍… ന്നാമത്തെ ഷോക്ക്, ഇതിലെ ഇതിവൃത്തം തന്നെ.. കണ്ണില്‍ ഈറനണിയാതെ കാണാന്‍ പറ്റാത്തരീതിയില്‍ കഥയെ അവതരിപ്പിച്ചിരിക്കുന്നു… അനാവശ്യ മായ ഒരു ഷോട്ട് പോലുമില്ല…
ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത കുറെ നല്ല അഭിനേതാക്കള്‍. മനോഹരമായിത്തന്നെ അവര്‍ തിളങ്ങി…..നാലാമത്തെ ഷോക്ക്…. കഥ അവസാനിക്കുന്നിടത്തു ഒരു ഗാനമുപയോഗിച്ചു നമ്മളെ ഇരുത്തിക്കളഞ്ഞു… കഥ കഴിഞ്ഞാലും കുറച്ചുനേരംകൂടി സ്‌ക്രീനില്‍ തന്നെ നോക്കിരിന്നുപോയി ഞാന്‍… മനോഹരമായ ഗാനം, അര്‍ത്ഥവത്തായ പശ്ചാത്തല സംഗീതം… അതിലുടെ പറയാന്‍ ഉദ്ദേശിച്ച ആ വലിയ സന്ദേശം ബലവത്തായിത്തന്നെ കാഴ്ചക്കാരിലെത്തുന്നു.. ഛായാഗ്രഹണം അതിമനോഹരമായിരിക്കുന്നു ..അവസാനം പുഴ ചോദിക്കുന്നതും പറയുന്നതും അപേക്ഷിക്കുന്നതും ഇതാണ്…. നമ്മള്‍ മനുഷ്യരോട്…
‘എന്റെ വഴി നിങ്ങള്‍ തടയരുത്… തടഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ വഴിയേ സഞ്ചരിക്കേണ്ടിവരും ‘…. അമ്മയുടെ മണമാണ് മണ്ണിനു… മണ്ണിനെ സ്നേഹിക്കുക…. പ്രിയപെട്ടവരെ, The Shock നിങ്ങള്‍ ഓരോരുത്തരും കാണണം… കാണിക്കണം… സ്നേഹാശംസകള്‍..ദേവന്‍ ശ്രീനിവാസന്‍….
Post Your Comments