
ഫേസ്ബുക്കിൽ വീണ്ടും നൊസ്റ്റാൾജിയ സുഖം നൽകി തിരക്കഥാകൃത്ത് രഘുനാഥ് പലേരി . സഹോദരന്റെ വീട്ടുമുറ്റത്തെ ചാമ്പക്ക മരത്തിന്റെ സന്തോഷക്കാഴ്ചയും മറ്റും വാക്കുകൾക്കതീതമായ ശൈലിയിൽ വരച്ചിടുകയാണ് മലയാള സിനിമയുടെ ഹിറ്റ് തിരക്കഥാകൃത്ത്.
രഘുനാഥ് പലേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അനിയൻ അജിയുടെ വീട്ടുമുറ്റത്തെ കുഞ്ഞു തോട്ടത്തിലെ ചാമ്പക്ക മരത്തിൻറെ സന്തോഷക്കാഴ്ച്ച. മന്ദഹസിക്കുന്ന ഫലങ്ങളും, കാറ്റ് മാറിമാറി വന്ന് വിശ്രമിക്കുന്ന ഇലകളും. വലിയ ചോണനുറുമ്പുകൾ കയറിയിറങ്ങുന്ന ശിഖരങ്ങളും. അവയ്ക്കിടയിലൂടെ അമൃത് വർഷിക്കുന്ന ആകാശവും.
ആകാശം ചുമക്കുന്ന വൃക്ഷങ്ങൾ എന്താവും ചിന്തിക്കുന്നുണ്ടാവുക.
വൃക്ഷങ്ങളുടെ മനസ്സിനെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങളിലൂടെ കടന്നു പോകുമ്പോൾ അതിമനോഹരവും അത്ഭുതവുമായൊരു ലോകതലം നമുക്കു ചുറ്റും ഉരുത്തിരിയും. ഓരോ ചെടിയും ഒരോ രാഷ്ട്രതുല്ല്യമാണെന്ന് തോന്നും. ഒരു മരത്തിന് എത്രയാണ് പ്രജകൾ. എത്ര ഭംഗിയായാണ് ഓരോ പ്രതിസന്ധിയും ഒരോ വൃക്ഷവും ചെടിയും അതിജീവിക്കുന്നത്.
ഇന്നൊരു മുറ്റത്തെ പുൽക്കൂട്ടങ്ങളെ വെട്ടിമാറ്റി വൃത്തിയാക്കുന്ന തൂമ്പയുടെയും ചൂലിൻറെയും ചലനങ്ങളിൽ കണ്ണുടക്കി കുറെ നേരം നിന്നിരുന്നു. അവ നിന്നിടം എത്ര പെട്ടെന്നാണ് വെളുത്ത മൺനിലമായത്. എങ്കിലും നിലത്തവ ഉപേക്ഷിച്ച എത്രയോ പുനർജനി തുമ്പുകൾ അടുത്ത തണുപ്പിൻ തുള്ളികൾ വീണയുടൻ ആകാശ വാതിലിന്നു നേരെ മുഖം ഉയർത്തുമെന്ന് അവയ്ക്കുറുപ്പാണ്. ആ ഉറപ്പോടെയാണ് അവയെല്ലാം ചുരുണ്ടുകൂടി പറമ്പിൻറെ ഒരു മൂലയിൽ ഇപ്പോൾ വിശ്രമിക്കുന്നതും.
Post Your Comments