തന്റെ സിനിമയിൽ ഇനി ഒരിക്കലും പുനവതരിപ്പിക്കാൻ കഴിയാത്ത കഥാപാത്രമാണ് കല്യാണ ബ്രോക്കറെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ‘മനസ്സിനക്കരെ’ , ‘അച്ചുവിന്റെ അമ്മ’ തുടങ്ങിയ സിനിമകളിലെ കല്യാണ ബ്രോക്കർ കഥാപാത്രങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു സത്യൻ അന്തിക്കാടിന്റെ തുറന്നു പറച്ചിൽ. മകനോട് വധുവിനെ നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ അവൻ നൽകിയ മറുപടിയെക്കുറിച്ചും സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവയ്ക്കുന്നു.
‘കക്ഷത്തൊരു ബാഗും ആ ബാഗുനിറയെ ജാതകക്കുറിപ്പുകളും യുവതീയുവാക്കളുടെ ഫോട്ടോകളുമായി നടക്കുന്ന കല്യാണ ബ്രോക്കർമാരെയും ഇപ്പോൾ കാണാനില്ലാതായി. ‘മനസ്സിനക്കരെ’യിൽ മാമുക്കോയയും ‘അച്ചുവിന്റെ അമ്മ’യിൽ കെ.പി.എ.സി. ലളിതയും കല്യാണബ്രോക്കർമാരാണ്. പുതിയൊരു സിനിമയിൽ അങ്ങനെയൊരു കഥാപാത്രത്തെപ്പറ്റി ആലോചിക്കാൻ പറ്റില്ല. മാട്രിമോണിയലുകളും കല്യാണ ഏജൻസികളുമൊക്കെ ആ രംഗം കീഴടക്കിക്കഴിഞ്ഞു. സ്വന്തം കല്യാണം സ്വയം അന്വേഷിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞുകൊണ്ടാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ തുടങ്ങുന്നതുപോലും. അത് സംവിധാനംചെയ്ത അനൂപിനോട് ഞാൻ പറഞ്ഞു:
‘‘നിനക്കൊരു വധുവിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞാനൊരു പരസ്യം കൊടുക്കട്ടെ?’’
അവിവാഹിതനായ യുവസംവിധായകനായി ഞാൻ ഷൈൻ ചെയ്യുന്നതിന്റെ അസൂയയാണ് അച്ഛന് എന്നുപറഞ്ഞ് അവൻ മുങ്ങിക്കളഞ്ഞു.
തമാശയല്ല. പണ്ടായിരുന്നെങ്കിൽ അവിവാഹിതനായ ഒരു മകനുണ്ടെന്നറിഞ്ഞാൽ പല പെൺകുട്ടികളുടെയും ആലോചനകളുമായി കല്യാണ ബ്രോക്കർമാർ ഇവിടെ കയറിയിറങ്ങിയേനെ’.
Post Your Comments