മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ മനോഹരമായി ചെയ്തിട്ടുള്ള സിദ്ദിഖ് എന്ന നടന്റെ ആദ്യകാല വില്ലൻ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിജി തമ്പി. വിജി തമ്പിയുടെ ‘സത്യമേവ ജയതേ’, ‘ബഡാദോസ്ത്’ എന്നീ സിനിമകളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിഖ് പിന്നീട് ശക്തമായ പ്രതിനായക കഥാപാത്രങ്ങളിലേക്കാണ് നടന്നു കയറിയത്. സിദ്ദിഖിന് ആദ്യമായി ഒരു വില്ലൻ വേഷം നൽകിയത് തന്റെ സിനിമയിലൂടെയായിരുന്നുവെന്നും അന്ന് സിദ്ദിഖിനത് ഏറ്റെടുക്കാൻ ധൈര്യമില്ലായിരുന്നുവെന്നും വിജി തമ്പി പറയുന്നു.
‘സത്യമേവ ജയതേ’ എന്ന സിനിമയിൽ വില്ലൻ വേഷം ആര് ചെയ്യും? എന്ന ഒരു ചോദ്യം ഞങ്ങൾക്കിടയിൽ വന്നിരുന്നു. ഒടുവിൽ എന്റെ പെട്ടെന്നുള്ള ചിന്തയിൽ തോന്നി, സിദ്ദിഖ് ഇത് ചെയ്താൽ നന്നാവില്ലേ എന്ന് .കമലിന്റെ സിനിമയിൽ ജോലി ചെയ്യുന്ന സമയം മുതൽ എനിക്ക് സിദ്ദിഖിനെ അറിയാം. അങ്ങനെ ഞാൻ ഇതിലെ ബാലു ഭായ് എന്ന വില്ലൻ വേഷം ചെയ്യാൻ സിദ്ദിഖിനെ വിളിച്ചു. അയ്യോ എനിക്ക് ഇത് പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് സിദ്ദിഖ് ‘സ്ത്രീ’ സീരിയലിൽ അഭിനയിക്കുന്ന സമയമായിരുന്നു. സ്ത്രീ പ്രേക്ഷകരുടെ ഇഷ്ട നടനായി മിനി സ്ക്രീനിൽ തിളങ്ങുമ്പോഴാണ് ഞാൻ അത്രയും ശക്തമായ നെഗറ്റീവ് വേഷം ചെയ്യാൻ വിളിച്ചത്. പലർക്കും സിദ്ദിഖ് ആ വേഷം ചെയ്യുന്നതിൽ താൽപര്യമില്ലായിരുന്നു. ഞാൻ ധൈര്യം കൊടുത്തതോടെ കുറച്ച് ധൈര്യം സിദ്ദിഖിനും വന്നു തുടങ്ങി. അങ്ങനെ എന്റെ റിസ്കിൽ ബാലുഭായ് ചെയ്യാൻ സിദ്ദിഖ് മേക്കപ്പിട്ടു. ഇന്നും ഞാൻ സിദ്ദിഖിനെ ബാലു ഭായ് എന്നാണ് വിളിക്കുന്നത്’. വിജി തമ്പി പറയുന്നു
Post Your Comments