
കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബ തകര്‍ച്ചയുടെ കാരണക്കാരി ഒന്നാം സാക്ഷിയായ നടി ആണ് എന്ന് ദിലീപ് ഭാമയോട് പറഞ്ഞു എന്ന ഇരയുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. ഭാമ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നാണ് ഇരയാക്കപ്പെട്ട നടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.
‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും അവള്‍ എന്റെ കുടുംബം തകര്‍ത്ത ആണ് എന്ന് ദിലീപ് പറഞ്ഞതായി ഭാമ എന്നോട് പറഞ്ഞു. മഴവില്ലഴകില്‍ റിഹേഴ്സല്‍ ക്യാമ്ബില്‍ വച്ച് ഞാനും ഭാമയും സംസാരിക്കുന്നത് കണ്ടപ്പോഴാണ് ദിലീപ് ഇക്കാര്യം പറഞ്ഞതായി നടി ഭാമ എന്നോട് പറഞ്ഞത്’ എന്നായിരുന്നു കേസിലെ ഒന്നാം സാക്ഷി കോടതിമുറിയില്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം കോടതി രേഖപ്പെടുത്താന്‍ തയാറായില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇതു രേഖപ്പെടുത്തണമെന്ന് കോടതിയോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കോടതി ഇക്കാര്യം രേഖപ്പെടുത്താന്‍ തയാറായില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൂടാതെ മുഖ്യസാക്ഷികളില്‍ ഒരാളായ നടി മഞ്ജു വാര്യരുടെ വെളിപ്പെടുത്തല്‍ വിചാരണക്കോടതി രേഖപ്പെടുത്താന്‍ വിസമ്മതിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതില്‍ അറിയിച്ചു. ദിലീപ് മകള്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചതായി മഞ്ജു കോടതിയില്‍ വെളിപ്പെടുത്തിയിരുന്നെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു.
ദിലീപ് സാക്ഷികളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പലവട്ടം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. നടന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതികളെ സഹായിക്കും വിധം പക്ഷപാതിത്വത്തോടെയാണ് ജഡ്ജി ഇടപെടുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
Post Your Comments