മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടായ രാത്രിയെക്കുറിച്ചു പറയുകയാണ് താരം.
അശ്വതി പങ്കുവച്ച വാക്കുകൾ ഇങ്ങനെ
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടായ രാത്രിയുടെ ഓർമ്മയാണിന്ന്. മനുഷ്യന്മാര് ഇങ്ങനങ്ങ് മരിച്ച് പോകാവോ? ഒറ്റ വാക്കും പറയാതെ… പതിവുള്ളൊരുമ്മ പോലും തരാതെ, ഇനി എന്നു കാണുമെന്ന് പറയാതെ…അമ്മ കോരിക്കൊടുത്ത ഇത്തിരി കഞ്ഞി കുടിച്ച്.അയല്പക്കത്തെ ആലീസ് ചേച്ചിയുടെ കൈയിൽ നിന്ന് ഇത്തിരി വെള്ളം വാങ്ങി കുടിച്ച്…എന്റെ ‘നാരായണാ’ ന്നു അമ്മയുടെ മടിയിലേയ്ക് വീണ്, ഒരു രാത്രി ഒറ്റയ്ക്കങ്ങൊരു പോക്ക്.
ആഹ്…പോട്ടെ !! എനിക്കും കാണണ്ട…പക്ഷേ പിന്നേമെന്തിനാ എന്റെ സ്വപ്നത്തിൽ വന്ന് ഉറക്കെ ചുമയ്ക്കുന്നെ? കട്ടിൽ ചോട്ടിൽ കോളാമ്പി തിരയുന്നേ? ധന്വന്തരത്തിന്റെ കുപ്പി കമഴ്ത്തുന്നെ…? നരച്ച മൂടിലെ തുളസിക്കതിർ ഇട്ടേച്ച് പോകുന്നെ? അമ്മയെ നോക്കണേടീ കൊച്ചേ ന്ന് പറയുന്നേ…? ഒരു ഉമ്മ കടമുണ്ടെന്ന് പിന്നെയും ഓർമ്മിപ്പിക്കുന്നെ…?? പോയവർക്ക് അങ്ങ് പോയാ പോരെ…!!
“അമ്മാമ്മച്ചി മരിച്ചു പോയാൽ ഞാനും മരിക്കും എന്ന് ഉറപ്പിച്ചിരുന്നൊരു കൗമാരക്കാരി കരഞ്ഞും പതം പറഞ്ഞും തളർന്നും തുഴഞ്ഞും കടലെത്ര കടന്നിരിക്കുന്നു. പതിനേഴു വർഷം കഴിഞ്ഞും എഴുതി മുഴുമിക്കാൻ വയ്യാത്ത വണ്ണം ഈ ഓർമ്മയിൽ ഇത്രമേൽ പെയ്യണമെങ്കിൽ നോവെത്ര തീരാതെ ബാക്കിയുണ്ടാവണം”, എന്നാണ് അശ്വതി കുറിച്ചത്.
Post Your Comments