മലയാള സിനിമയിൽ മികച്ച ക്യാരക്ടർ റോളുകൾ ചെയ്ത സീമ തന്റെ കരിയറിന്റെ തുടക്കം തൊട്ട് കുറേ വർഷങ്ങൾ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നായികയായിരുന്നു. പി ചന്ദ്രകുമാറിന്റെ ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ച സീമ ‘അവളുടെ രാവുകൾ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഐ വി ശശിയുടെ സ്ഥിരം നായികയായി മലയാള സിനിമയിൽ വിലസിയ സീമയ്ക്ക് മികച്ച സ്ത്രീ കഥാപാത്രങ്ങളെ നൽകുന്നതിൽ മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എം ടിയും വലിയ പങ്ക് വഹിച്ചിരുന്നു. എം ടിയുടെ മികച്ച രചനകളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സീമ, ലോഹിതദാസിന്റെ ‘മഹായാനം’ എന്ന സിനിമയോടെയാണ് സിനിമയിൽ നിന്ന് ആദ്യത്തെ ബ്രേക്ക് എടുക്കുന്നത്. .പിന്നീട് ഭദ്രന്റെ ‘ഒളിമ്പ്യൻ അന്തോണി ആദം’ എന്ന സിനിമയിലൂടെ മടങ്ങിയെത്തിയ സീമ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയായിരുന്നു.
‘അവളുടെ രാവുകൾക്ക്’ ശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന തന്നെ സിനിമയുടെ ഗ്ലാമറസ് റോളിൽ നിന്ന് രക്ഷിച്ചെടുത്തത് നടൻ മധുവാണെന്നാണ് സീമയുടെ തുറന്നു പറച്ചിൽ. ‘അർച്ചന ടീച്ചർ’ എന്ന സിനിമയാണ് അതിന് തനിക്ക് വഴിയൊരുക്കിയതെന്നും തന്റെ പഴയകാല സിനിമാ നിമിഷങ്ങൾ പങ്കുവച്ച് കൊണ്ട് സീമ പറയുന്നു.
Post Your Comments