മമ്മൂട്ടിയും മോഹൻലാലും നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ സൂപ്പർ താര ഇമേജിൽ തിളങ്ങുമ്പോൾ അഭിനയത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ചതാരെന്ന സംവാദം എല്ലായ്പ്പോഴും നടക്കാറുണ്ട് .രണ്ട് തരം കെമസ്ട്രിയോടെ മലയാള സിനിമയിൽ അഭിനയിച്ച് തകർക്കുന്ന സൂപ്പർ താരങ്ങളെക്കുറിച്ച് കത്യമായ വിലയിരുത്തൽ നടത്തുകയാണ് പ്രമുഖ തിരക്കഥാകൃത്തായ ഹരികൃഷ്ണൻ
മമ്മൂട്ടിക്കും മോഹൻലാലിനുംവേണ്ടി തിരക്കഥകൾ എഴുതിയയൊരാളെന്ന നിലയ്ക്ക് അവരെ താരതമ്യപ്പെടുത്തിപ്പറയാമോ എന്ന ചോദ്യം പല സിനിമാക്യാംപുകളിൽനിന്നും കേൾക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും കേട്ടു, ഇതേ ചോദ്യം.
എത്ര സങ്കീർണമായ ചോദ്യം! ചെറിയ ചോദ്യങ്ങൾക്കു പക്ഷേ ചെറിയ ഉത്തരങ്ങളില്ല!!
മലയാളിയുടെ സിനിമാ ആസ്വാദനശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടു മികച്ച നടന്മാർ. പക്ഷേ, മമ്മൂട്ടി ചെയ്ത പല റോളുകളും ലാലിന് അങ്ങനെ ചെയ്യാൻ പറ്റില്ല, തിരിച്ചും. അതുകൊണ്ടുതന്നെ, ഇവർ തമ്മിലൊരു ലളിത താരതമ്യം സാധ്യമല്ലെന്ന് തോന്നുന്നു.
ഞാനെഴുതിയ ‘കുട്ടിസ്രാങ്ക്’ മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. പല ഋതുക്കൾ സംഗമിക്കുന്നൊരാൾ. ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂർണതയുണ്ട് മമ്മൂട്ടിക്ക്.
അതേസമയം, അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാൽ; അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. ആ അഴിച്ചുവിടലാണ് ‘ഒടിയനി’ൽ അദ്ദേഹം അനന്യമാക്കിയതും.
തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹൻലാലിലുണ്ട്. മമ്മൂട്ടിയിൽ അങ്ങനെയൊരു തുറന്നുവിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്. അതുകൊണ്ടാണ് അവർ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്നു തോന്നുന്നത്. ഏതു സമയത്തും ഏതു കഥാപാത്രത്തിലേക്കും വളരെ മാജിക്കലായി പരകായപ്രവേശം ചെയ്യുന്ന മോഹൻലാൽ ഇപ്പുറത്ത്, സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവൻ സ്വാംശീകരിക്കുന്ന മമ്മൂട്ടി എന്ന ഗാംഭീര്യം അപ്പുറത്ത്. ഗാംഭീര്യം, പൗരുഷം എന്നിങ്ങനെ നമുക്കുള്ള നായക സങ്കൽപങ്ങളുടെ മൂർത്തീകരണമാണ് മമ്മൂട്ടി.
പക്ഷേ, സ്വകാര്യനേരങ്ങളിലും അല്ലാത്തപ്പോഴും സ്വയം അഴിച്ചുവിടുന്ന ഒരാളാണ് ലാൽ. കാറ്റായലയുന്നു ഞാൻ ചക്രവാളങ്ങളിൽ എന്നോർമിപ്പിക്കുന്ന ഒരാൾ.
ഈയിരിക്കുന്നതും ഞാനല്ല, ആ പറക്കുന്നതും ഞാനല്ല എന്നു പറയുന്നൊരാൾ!!
Post Your Comments