സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി, മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കനിഹ സുബ്രഹ്മണ്യം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ശരീര സൗന്ദര്യത്തെ കുറിച്ചും ആത്മിവിശ്വാസത്തെ കുറിച്ചുമുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.
പഴയൊരു ഫോട്ടോയ്ക്കൊപ്പമാണ് കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘എന്റെ ഒരു പഴയ ചിത്രം തന്നെയാണിത്. നിങ്ങളില്‍ പലരെയും പോലെ ഞാനും എന്റെ ചില പഴയ ചിത്രങ്ങള്‍ എടുത്ത് നോക്കി ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്റെ വയര്‍ എത്രമാത്രം ഒട്ടി നില്‍ക്കുകയായിരുന്നു, എന്റെ മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു. പെട്ടന്ന് എനിക്കൊരു തിരിച്ചറിവ് തോന്നി, ഞാനെന്തിനാണ് ഇങ്ങനെ ചിന്തിയ്ക്കുന്നത്. അതിനര്‍ത്ഥം ഇപ്പോഴത്തെ എന്റെ സൗന്ദര്യത്തില്‍ ഞാന്‍ സന്തോഷവതിയല്ല എന്നാണോ. ഒരിക്കലുമല്ല. സത്യത്തില്‍ പണ്ടത്തേതിലും അധികം ഇന്ന് ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു. എന്റെ ശരീരത്തിലുള്ള ഓരോ പാടുകള്‍ക്കും അടയാളങ്ങള്‍ക്കും ഓരോ മനോഹരമായ കഥകള്‍ പറയാനുണ്ട് എന്നാണ് എന്റെ വിശ്വാസം. എല്ലാം പഴയത് പോലെ തന്നെയാണെങ്കില്‍ അതിലെന്താണ് കഥ.
സത്യം അംഗീകരിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തെ സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം, മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് ദയവുചെയ്ത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ കഥകളുണ്ട്. ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ. നിങ്ങളുടെ ശരീരം ഇഷ്ടപ്പെട്ടു തുടങ്ങൂ. ആരെങ്കിലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാല്‍ അവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൊടുത്ത്, നടന്ന് പോകുക- കനിഹ കുറിച്ചു.
Post Your Comments