‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയെക്കുറിച്ച് വേറിട്ട എഴുത്തുമായി പ്രമുഖ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. സിനിമയിലേക്കുള്ള മോഹന്‍ലാലിന്‍റെ വരവിനെക്കുറിച്ചും ഫാസില്‍ സിനിമ അവതരിപ്പിച്ച കയ്യടക്കത്തെക്കുറിച്ചും ഹരികൃഷ്ണന്‍ മനസ്സ് തുറന്നെഴുതുമ്പോള്‍ പഴയ സിനിമയുടെ പുതിയ വിശകലനം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുകയാണ്.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയെക്കുറിച്ച് ഹരികൃഷ്ണന്റെ വാക്കുകള്‍
പ്രൗഢഗംഭീരമായൊരു മാറ്റത്തിന്റെ ചന്ദ്രോൽസവപ്പുലർച്ച!!
നാൽപതു വർഷം മുൻപൊരു ക്രിസ്മസ് നാളിൽ മലയാളിത്തിരശ്ശീലയിലെത്തിയൊരു സിനിമയുടെ പരസ്യവാചകമായിരുന്നു ഇത്.
എത്ര സുന്ദരവും പ്രവചനാത്മകവുമായ വാചകം!
അതുതന്നെ സംഭവിച്ചു!
സിനിമയ്ക്കു മലയാളം നൽകിയ ഏറ്റവും സുന്ദരമായൊരു പ്രണയലേഖനങ്ങളിലൊന്നായിരുന്നു അത്: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.
ഫാസിൽ എന്ന സംവിധായകനു മലയാളസിനിമാചരിത്രത്തിൽ പല പ്രസക്തികളുമുണ്ടാകും. പക്ഷേ, മലയാളി പ്രേക്ഷകർക്കുവേണ്ടി ഫാസിൽ ഇട്ട പ്രധാനപ്പെട്ട രണ്ടാമത്തെ കയ്യൊപ്പ്, ഇവിടെയുള്ള കുറേ പേരെയെങ്കിലും ആ സിനിമയിലൂടെ പ്രണയസാക്ഷരരാക്കി എന്നതുതന്നെയാവും.
(ഒന്നാം കയ്യൊപ്പ് നമുക്കൊക്കെയുമറിയാം: ഒരു ലേഡീസ് കുടയുമായി, ഒരു വശത്തേക്കു ചരിഞ്ഞുനടന്ന് ആദ്യത്തെ ഇന്റർവ്യൂവിന് എത്തി, സംവിധായകന്റെ കയ്യിൽനിന്ന് 95 മാർക്ക് നേടി പ്രതിനായകനാവുകയും അധികംവൈകാതെ മലയാള സിനിമാചരിത്രത്തിലെതന്നെ ഏറ്റവും വലിയ നായകരിലൊരാളാവുക.യും ചെയ്ത മോഹൻലാൽ.)
അതുവരെ മലയാളി പരിചയിച്ച രീതിയിൽനിന്നു വിഭിന്നമായാണു പ്രണയം കൊള്ളേണ്ടതെന്നും തള്ളേണ്ടതെന്നും ഫാസിൽ പരിശീലിപ്പിച്ചു. ആ പരിശീലനത്തിന്റെ ഏറ്റവും സഫലമായ കൈപ്പുസ്തകമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളുടെ കൗമാരമോ യൗവനമോ ഏതെങ്കിലുമൊന്ന് 1980നെ തൊട്ടുകടന്നുപോയിരുന്നെങ്കിൽ, അന്നേ നിങ്ങൾക്കു സിനിമാതാൽപര്യമുണ്ടായിരുന്നുവെങ്കിൽ നിങ്ങളിലേക്ക് ആ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വിടരാതിരുന്നിട്ടുണ്ടാവില്ല. അതിനുശേഷം ഫാസിൽ എന്ന സംവിധായകൻ സാക്ഷാത്ക്കരിച്ച അനുരാഗത്തിരശ്ശീലകൾ എത്രത്തോളം സാഫല്യം നേടി എന്നതു മറ്റൊരു വിഷയമാണ്.
ആ സിനിമ കണ്ട കുറേ പേരെങ്കിലും ചോദിച്ചിട്ടുണ്ട്:
തൊട്ടാലലിയുന്ന,
ഇളംതണുപ്പുള്ള,
ഏതു പൂവും വിടർത്തുന്ന…
അതെന്താണ്?
മഞ്ഞോ അതോ പ്രണയമോ?
നേരത്തെ പറഞ്ഞ പ്രണയസാക്ഷരതയിൽ ഇതിന്റെ ഉത്തരമുണ്ട്.
Post Your Comments