GeneralLatest NewsMollywoodNEWS

നമ്മുടെ സിനിമയില്‍ കിടപ്പറ രംഗം നടക്കില്ല, ഞാന്‍ തര്‍ക്കിച്ചു ”കിടപ്പറയില്‍ ഇവര്‍ വേറൊന്നും ചെയ്യുന്നില്ല, കെട്ടിപിടിക്കുന്നില്ല, തൊടുന്നു പോലുമില്ല, വെറുതെ ഇരുന്നു കൊണ്ട് സംസാരിക്കുകയാണ്”; സലാം ബാപ്പു

ജമാഅത്തെ ഇസ്‌ലാമിയും സിനിമയും തമ്മിലെന്താണ് ബന്ധം. അക്കാലത്ത്‌ പ്രിന്റ്‌ മീഡിയ മാത്രമാണു ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്തിരുന്നത്

ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി 2000ന്‍റെ തുടക്കത്തില്‍ ഒരു സിനിമ സംവിധാനം ചെയ്ത അനുഭവം പങ്കുവെച്ച്‌ സംവിധായകന്‍ സലാം ബാപ്പു. കിടപ്പറയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ സംസാരിക്കുന്ന ഒരു രംഗം പോലും തനിക്ക് മാറ്റി ചെയ്യേണ്ടിവന്നതായി സലാം ബാപ്പു പറഞ്ഞു. ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രം കണ്ട ശേഷം ഓർമ്മയിൽ വന്ന കാര്യങ്ങളാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്

സലാം ബാപ്പുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്ത ആദ്യ ദിവസം തന്നെ ആമസോണില്‍ കണ്ടു, കേരളത്തിലെ ഇസ്ലാമിലെ പുരോഗമന പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്‌കാരിക സംഘടനയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് സക്കറിയയുടെ പുതിയ സിനിമയുടെ ഇതിവൃത്തം, ഇതിനു മുന്‍പ് ആരും കൈവെക്കാത്ത കഥാപരിസരം. ഹലാല്‍ ലൗ സ്റ്റോറി കണ്ടപ്പോള്‍ സിനിമയില്‍ പറയുന്ന അതേ കാലഘട്ടത്തിലും ഇതേ രീതിയിലും എനിക്ക് ഉണ്ടായ ഒരനുഭവം ഓര്‍ത്തുപോയി, വര്‍ഷങ്ങള്‍ക്കപ്പുറമുള്ള എന്റെ അനുഭവങ്ങളിലേക്ക് ചിത്രം എന്നെ കൂട്ടികൊണ്ടുപോയി‌.

2005 ല്‍ ലാല്‍ ജോസ് സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ എറണാംകുളത്ത് സ്ഥിര താമസമാക്കിയിരുന്ന എന്നെ സുഹൃത്തും സഹോദര തുല്യനുമായ നജീബ്ക്ക (നജീബ് കുറ്റിപ്പുറം) ഒരു ദിവസം വിളിച്ചു,
”സലാം എവിടെയുണ്ട് ? അത്യാവശ്യമായി കോഴിക്കോട് വരെയൊന്ന് വരണം, ഒരു സിനിമയുടെ കാര്യം സംസാരിക്കാനാണ്”.
എത്തേണ്ട സ്ഥലം പറഞ്ഞു തന്നു.
‘കോഴിക്കോട് ജമാഅത്ത് ഇസ്‌ലാമിയുടെ ഹെഡ് ഓഫീസായ ഹിറാ സെന്റര്‍’.
യാത്രയിലുടനീളം എന്റെ മനസ്സ് മുഴുവന്‍ ഒരേ ചിന്തയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയും സിനിമയും തമ്മിലെന്താണ് ബന്ധം. അക്കാലത്ത്‌ പ്രിന്റ്‌ മീഡിയ മാത്രമാണു ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്തിരുന്നത്‌. മീഡിയ വണ്‍ ചാനലൊന്നും ആരംഭിച്ചിരുന്നില്ലല്ലോ.

കോഴിക്കോട് ട്രെയിന്‍ ഇറങ്ങി, ഓട്ടോയില്‍ കയറി ഹിറാ സെന്ററില്‍ വന്നിറങ്ങിയപ്പോള്‍, ഫൈസല്‍ എന്നൊരു ചെറുപ്പക്കാരന്‍ എനിക്ക് വേണ്ടി അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. നജീബ്ക്ക പറഞ്ഞതനുസരിച്ച്‌ ഒരാഴ്ചത്തേക്ക് താമസിക്കാന്‍ റെഡിയായാണ് ഞാന്‍ എത്തിയത്, റൂമില്‍ എത്തി, കുളി കഴിഞ്ഞ്‌ താഴെ മീറ്റിങ് റൂമിലെത്തിയപ്പോള്‍ എനിക്കായ് ഒരുപാട് പേര്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

‘ഞാന്‍ സലാം ‘
എന്ന എന്റെ സ്വയം പരിചയപ്പെടുത്തല്‍ കേട്ട് അവരെ അഭിവാദ്യം ചെയ്തതാണെന്ന് കരുതി എല്ലാവരും കൂട്ടത്തോടെ
‘അലൈക്കും വസ്സലാം’
മറുപടിയായി പറഞ്ഞത് എന്നെ അല്പം അന്താളിപ്പിച്ചു. നജീബ്ക്ക ഓരോരുത്തരെയായി എനിക്ക് പരിചയപ്പെടുത്തി തന്നു.

പി.ടി. അബ്ദുറഹിമാന്‍ സാഹിബ്, ടി.കെ.ഹുസൈന്‍ സാഹിബ്, ഹനീഫ് സാഹിബ്, അഷ്‌റഫ് സാഹിബ്, ഫൈസല്‍ സാഹിബ് പിന്നെ മൂന്നു നാല്‌ പേര് വേറെയും…
ഫാതിഹക്ക് ശേഷം എന്നെ വിളിപ്പിച്ച ലക്ഷ്യം അവര്‍ വ്യക്തമാക്കി.

“അല്‍ ഹലാലു ബയ്യിനുന്‍ വല്‍ ഹറാമു ബയ്യിനുന്‍. ഹലാലായ കാര്യങ്ങള്‍ സുവ്യക്തമാണ്, ഹറാമായ കാര്യങ്ങളും സുവ്യക്തമാണ്.” ഇസ്‌ലാമില്‍ ഹറാം എന്നാല്‍ നിഷിദ്ധവും ഹലാല്‍ എന്നാല്‍ അനുവദനീയവുമാണ്. നിയ്യത്തെന്നാല്‍ ഉദ്ദേശ ശുദ്ധി, നിയ്യത്താണ് ഓരോ കാര്യത്തെയും ഹലാലും ഹറാമും ആക്കുന്നത്. സിനിമയെന്നത് ഹറാമായ ഒരു സമുദായത്തില്‍ നിന്നും ആ കലയെ ഹലാലാക്കി മാറ്റുക എന്ന നിയ്യത്തോടെ ഒരു സിനിമയെടുക്കാന്‍ പ്രസ്ഥാനം ഒരുങ്ങുന്നു.

ചര്‍ച്ചക്ക് തുടര്‍ച്ചയെന്നോണം നജീബ്ക്ക നേരത്തെ തീരുമാനിച്ചുറപ്പിച്ച കാര്യം സുവ്യക്തമാക്കി.
”സന്തുഷ്ട ഇസ്ലാമിക കുടുംബം’ കാമ്ബയിന്റെ ഭാഗമായി നമ്മള്‍ ഒരു ഫിലിം ചെയ്യുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ടെലിഫിലിം.

മറ്റുള്ളവര്‍ ഒന്നു കൂടി കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചു . ജമാഅത്തെ ഇസ്‌ലാമിയുടെ സാംസ്കാരിക സംഘടനയായ തനിമയുടെ ബാനറിലാണ് ടെലിഫിലിം നിര്‍മ്മിക്കുന്നത്, ഭാവിയില്‍ ഫീച്ചര്‍ സിനിമകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യ പടിയായാണു പ്രസ്ഥാനം ഇതിനെ കാണുന്നത്.
‘നമുക്കും ചെയ്യേണ്ടേ സിനിമ, നമുക്കും കാണണ്ടേ സിനിമ’.
നമ്മള്‍ മൂന്നു ദിവസത്തിനുള്ളില്‍ സിനിമ തുടങ്ങണം. സലാം അത് സംവിധാനം ചെയ്തു തരണം. നജീബ്ക്ക കൂട്ടിച്ചേര്‍ത്തു.

ഇത്രയും നേരം ഒന്നും മിണ്ടാതെ കേട്ടിരുന്ന എന്നെ അക്കാര്യം അത്ഭുതപ്പെടുത്തി. എങ്ങിനെ? ഏത് കഥ? ഇതിനുത്തരമായി മേശപ്പുറത്ത് നിന്നും ഒരു പുസ്തകമെടുത്തു. പ്രശസ്ത ഉറുദു സാഹിത്യകാരന്‍ ഇബ്നു ഫരീദിന്റെ ‘ഛൊട്ടീ ബഹു’ എന്ന നോവലിന്റെ മലയാള പരിഭാഷയായ ‘വധു’ എന്ന പുസ്തകമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണമായ IPH ആയിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചത്.
‘ഇതു കൊണ്ടായില്ലല്ലോ സിനിമക്ക് തിരക്കഥ വേണ്ടേ?’ ഞാന്‍ ചോദിച്ചു. തിരക്കഥ പി. എ. എം. ഹനീഫ് സാഹിബ് എഴുതും. പ്രസ്ഥാനത്തിന്റെ തെരുവുനാടകങ്ങള്‍ എഴുതുന്നത് ഇദ്ദേഹമാണ്. കൂടാതെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ മേധാവിയും. ഓരോരുത്തരായി കാര്യങ്ങള്‍ വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ തത്വത്തില്‍ സമ്മതിച്ച്‌ ബാങ്ക്‌ കൊടുത്തപ്പോള്‍ നിസ്കരിക്കാനായി മീറ്റിംഗ് പിരിഞ്ഞു. തിരിച്ചു റൂമിലേക്ക്‌ പോകുമ്ബോള്‍ വായിക്കാനായി വധുവിന്റെ ഒരു കോപ്പിയും ഞാന്‍ കയ്യിലെടുത്തു.

അന്നേദിവസം ഏറെ വൈകിയാണെങ്കിലും ഞാന്‍ സിനിമക്കാധാരമായ പുസ്തകം വായിച്ചു തീര്‍ത്തു, സ്നേഹമില്ലായ്മയുടേയും മുന്‍ വിധികളുടെയും മറവില്‍ രൂപപ്പെടുന്ന കുടുംബ കലഹങ്ങളുടെ മഞ്ഞുമല സൂക്ഷ്മമായ പെരുമാറ്റത്തിലൂടെയും ഇടപെടലിലൂടെയും, ഇളയ മകന്‍ കല്യാണം കഴിച്ചു കൊണ്ടുവരുന്ന ദീനീബോധമുള്ള വധു അലിയിച്ചു കളയുകയും, അതൊരു മാതൃകാ കുടുംബമാകുന്നതുമാണ് വധുവിന്റെ ഇതിവൃത്തം. അതിനവളെ പ്രാപ്തമാക്കുന്നത് ദൈവം ബോധം നല്‍കുന്ന വിട്ടുവീഴ്ച മനോഭാവത്തിലൂടെയാണ്. പുസ്തക വായനക്ക് ശേഷം ഇതെങ്ങിനെ സിനിമയായി രൂപാന്തരപ്പെടും എന്ന ചിന്തയിലായി ഞാന്‍.
പിറ്റേന്ന് വൈകുന്നേരത്തോടെ തിരക്കഥയുടെ ആദ്യരൂപം ഹനീഫക്ക അവതരിപ്പിച്ചു, ഷൂട്ടിങ്ങിനാവശ്യമായ തിരുത്തലുകള്‍ ഞാനും നിര്‍ദ്ദേശിച്ചു. സംഭാഷണമൊരുക്കാന്‍ റിയാസിനെ (മംഗ്ലീഷ് തിരക്കഥാകൃത്ത്‌) വിളിച്ചു വരുത്തി. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം മുഖ്യധാരയില്‍ നിന്നുള്ളവരാകണമെന്ന് ‘തനിമക്ക്’ നിര്‍ബന്ധമുണ്ടായിരുന്നു, അത് പ്രകാരം ക്യാമറാമാന്‍ ജയകൃഷ്‌ണന്‍ ഉണ്ണിത്താന്‍, അനില്‍ ഗോപിനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആനന്ദ്‌ പയ്യന്നൂര്‍, കോസ്റ്റ്യും എസ്‌ ബി അനില്‍, ഗാനരചന കാനേഷ് പൂനൂര്‍, മേക്കപ്പ് ഇടവ നാസര്‍, ആര്‍ട്ട് കോയ, സംഗീതം അക്‌ബര്‍ മലപ്പുറം, സജിത്ത് ശങ്കര്‍, എഡിറ്റര്‍ ഷിബീഷ്‌ കെ. ചന്ദ്രന്‍ അസ്സോസിയേറ്റ് മമ്മാസ് ചന്ദ്രന്‍ (പാപ്പി അപ്പച്ചാ) അഭിനേതാക്കളായി അന്‍സില്‍, കോഴിക്കോട് നാരായണന്‍ നായര്‍, ഗോഡ്‌വിന്‍ ഹെബിക്, ശിഹാബുദ്ധീന്‍ ഇബ്നു ഹംസ, ബിബീഷ്, സാം അരീക്കോട്, ഗീതാ വിജയന്‍, വിദ്യ വിനുമോഹന്‍, കോഴിക്കോട് ശാന്താ ദേവി, ശോഭ ശ്രീധരന്‍, ഗിരിജ രവീന്ദ്രന്‍, സുമി ഉണ്ണി തുടങ്ങിയവരെയും പ്രസ്ഥാന ബന്ധുക്കളെയും തീരുമാനിച്ചു.

പല ലൊക്കേഷനുകളും കണ്ടെങ്കിലും കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയിലെ തറവാട് വീടാണ് എനിക്ക്‌ ബോധിച്ചത്‌. അച്ചുവിന്റെ അമ്മയടക്കം മലയാളത്തിലെ നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത വീട്. സ്വന്തം വീട് പോലെ ഉപയോഗിക്കാമെന്ന് ഗൃഹനാഥന്‍ ഉറപ്പും തന്നു. പിറ്റേന്ന് രാവിലെ 6 മണിക്ക് ആദ്യഷോട്ട് എന്ന നിയ്യത്തോടെ, രാവിലെ 5:30 ന് ഷൂട്ടിങ് യൂണിറ്റ് മൊത്തമായി ആ വീടിന്റെ മുന്നിലെത്തി. ഗേറ്റ് അടഞ്ഞു കിടക്കുന്നു. നിരവധി തവണ ഫോണ്‍ വിളിച്ചു നോക്കി. ആരും എടുക്കുന്നില്ല. അവസാനം ഹിറാ സെന്ററില്‍ വിവരമറിയിച്ചു, അവരും വന്നു ക്ഷമയോടെ പുറത്ത് കാത്തിരുന്നു. ക്ഷമ കെട്ട്‌ കാത്തിരിപ്പ്‌ തുടര്‍ന്നു, 8 മണിക്ക്‌ പ്രഭാത ഭക്ഷണം കഴിച്ചത്‌ മാത്രമാണു ആകെ നടന്നത്‌. അടഞ്ഞു കിടക്കുന്ന ഗേറ്റിനു പുറത്തെ മരച്ചുവട്ടിലും, റോഡ് സൈഡിലെ കലിങ്കിലുമൊക്കെയായി യൂണിറ്റംഗങ്ങള്‍ സഹികെട്ട്‌ ഇരുന്നു. സമയം 9:30 കഴിഞ്ഞപ്പോള്‍ വീട്ടിനകത്ത് ഒരാളനക്കം. ശബ്ദമുണ്ടാക്കി അയാളുടെ ശ്രദ്ധ ക്ഷണിച്ചു. വാതില്‍ തുറക്കപ്പെട്ടു. അയാള്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതാണത്രെ. ആ വീട്ടില്‍ എല്ലാവരും എഴുന്നേല്‍ക്കുന്ന സമയം 10: മണിയാണ്. അയാള്‍ ഗേറ്റ് തുറന്ന് തന്നപ്പോള്‍ ഞങ്ങളെല്ലാവരും ഒരുവിധം അകത്ത് കയറിപറ്റി.
ആദ്യസീന്‍ ഗീതാ വിജയന്റെ അസ്മ എന്ന കഥാപാത്രം യതീംഖാനയില്‍ നിന്നും വിവാഹം കഴിച്ച എളേച്ഛന്‍ (ഭര്ത്താവിന്റെ അനുജന്‍) വധുവിനേയും കൂട്ടി വീട്ടില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ പ്രകടിപ്പിക്കുന്ന അമര്‍ഷമായിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ എല്ലാം റെഡിയായി. ഞാന്‍ ഷോട്ട്‌ വെച്ചു. ആക്ഷന്‍ പറയുന്നതിന് മുന്‍പ് പ്രസ്ഥാനത്തിലെ ഒരാള്‍ വന്നു പറഞ്ഞു.

”അല്ല, ഇതെന്താ ഇങ്ങിനെ മുട്ടിനു താഴെ അസ്മയുടെ കൈകളും തലമുടിയും കാണുന്നുണ്ടല്ലോ, അത് ഔറത്ത് അല്ലെ?” ഔറത്ത് വെളിവാക്കാന്‍ പാടുണ്ടോ?
ഞാന്‍ വിശദീകരിച്ചു
”ദീനീ ബോധമില്ലാത്ത അസ്മക്ക് വധു വീട്ടിലേക്ക് വരുമ്ബോള്‍ ഉണ്ടാകുന്ന പരിവര്‍ത്തനമാണല്ലോ നമ്മുടെ കഥ, മാത്രവുമല്ല അസ്മ കുറച്ചു ഫാഷണബിള്‍ കാരക്ടറുമാണ്. ഷാളിനിടയിലൂടെ കുറച്ചു മുടി കണ്ടാല്‍ കുഴപ്പമുണ്ടോ?”

”കുഴപ്പമാണ്, വിശ്വാസികള്‍ സഹിക്കില്ല”. അദ്ദേഹം അതില്‍ തന്നെ മുറുകെ പിടിച്ചു. പിന്നീട് അതിനെ പറ്റി ചര്‍ച്ചയായി, ഷൂട്ട് തുടങ്ങാനാവാതെ കുറച്ചു സമയം ചര്‍ച്ചകള്‍ നീണ്ടു. അവസാനം അവര്‍ പറഞ്ഞത് പ്രകാരം മനസ്സില്ലാമനസ്സോടെ ഞാന്‍ വിട്ടുവീഴ്ചക്ക് തയ്യാറായി. അസ്മക്കുണ്ടാകുന്ന പരിവര്‍ത്തനത്തിനു ശേഷം ഉപയോഗിക്കേണ്ട വസ്ത്രങ്ങള്‍ ആദ്യമേ നല്‍കി ഷൂട്ടിംഗ് തുടങ്ങി. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥിനി വിഭാഗമായ ജി ഐ ഓ പ്രവര്‍ത്തകര്‍ കൂടി പിന്നീട് ലൊക്കേഷനിലെ സ്ഥിരം സാന്നിദ്ധ്യമായി. അഭിനയിക്കുന്നവരുടെ മുടിയിഴകള്‍ കാണുന്നുണ്ടോന്നു പരിശോധിക്കാന്‍ അവര്‍ സദാ ജാഗരൂകരായി. ഷൂട്ടിങ് തുടരുമ്ബോഴും എന്റെ മനസ്സില്‍ മുഴുവന്‍ കഥയില്‍ അസ്മക്കുണ്ടാകുന്ന ട്രാന്‍സ്ഫെര്‍മേഷന്‍ എങ്ങിനെ ആയിരിക്കണം എന്നായിരുന്നു, വേഷങ്ങളില്‍ ഉണ്ടാകുന്ന പ്രകടമായ മാറ്റമാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്.

മതപരമായ വിലക്കുകള്‍ക്കിടയിലും, ഭരണകൂടത്തിന്റെ രാഷ്ട്രീയ നിയന്ത്രണങ്ങള്‍ക്കിടയിലും, ആണ്‍പെണ്‍ സങ്കലനമില്ലാതെയും കാവ്യാത്മകമായ സിനിമകളിലൂടെ കലാവിഷ്കാരത്തെ സൗന്ദര്യാത്മകമായി ഉപയോഗപ്പെടുത്തിയ ഇറാനിയന്‍ സിനിമകളെ കുറിച്ചോര്‍ത്തു ഞാന്‍. ആക്കാലത്തെ ഫെസ്റ്റിവലുകളില്‍ എന്നെ സ്വാധീനിച്ചിരുന്ന ഇറാനിയന്‍ സംവിധായകരായ അബ്ബാസ് കിരോസ്താമി, മജീദ് മജീദി, മക്ഫല്‍ ബഫ് തുടങ്ങിയവരെയൊക്കെ മനസ്സാ ഒന്നുകൂടി തൊഴുതു ഞാന്‍. പരിമിതികളില്‍ നിന്നു കൊണ്ടാണ് എപ്പൊഴും നല്ല കലാസൃഷ്ടികള്‍ ഉണ്ടായിട്ടുള്ളത് ഞാന്‍ സ്വയം സമാധാനിച്ചു.
വളരെ വേഗത്തില്‍ തന്നെ ഷൂട്ടിങ് പുരോഗമിച്ചു, എല്ലാവരും തൃപ്തി തരുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചു. ഞങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായും ഷൂട്ടിങ്ങില്‍ മുഴുകി.

‘അളിയച്ചാരെ വേഗം വന്നാ നല്ല ചിക്കന്‍ ഫ്രൈയും, ബീഫ്കറിയും നെയ്ച്ചോറും കഴിച്ചിട്ട് പോകാം. പോരുന്ന വഴിക്ക് മൂത്താപ്പനേം കുട്ട്യാളെയും കൂട്ടാന്‍ മറക്കേണ്ട’

ഗൃഹനാഥന്റ ഉച്ചത്തിലുള്ള ഫോണ്‍ വിളി ഇടക്കെപ്പഴോ ലൊക്കേഷനില്‍ മുഴങ്ങികേട്ടു. കുറച്ചു കഴിഞ്ഞ്‌ മൂന്ന് നാല്‌ വണ്ടികള്‍ വീടിന് മുന്നില്‍ വന്നു നിന്നത് ഷൂട്ടിങ്ങിനു കുറച്ചു നേരം തടസം സൃഷ്ടിച്ചു. ഈ വീട്ടില്‍ വിരുന്നുണ്ടായിരുന്നോ, നേരത്തെ പറഞ്ഞില്ലല്ലോ! ഞാന്‍ മനസ്സിലോര്‍ത്തു. വണ്ടിയൊക്കെ മാറ്റി ഷൂട്ടിങ് പുനരാരംഭിച്ചു. അവിടുള്ളവര്‍ ചിക്കന്‍ കാലും കടിച്ച്‌ നടക്കുന്നത് കണ്ടപ്പോള്‍ വിശപ്പ് അറിയാതെ തലപൊക്കി. എങ്കിലും ആ സീന്‍ തീര്‍ത്തിട്ടാവാം ഭക്ഷണമെന്ന് തീരുമാനിച്ചു. രണ്ടരയോടെ സീന്‍ തീര്‍ന്ന് ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ പാത്രങ്ങള്‍ കാലി. ഷൂട്ടിങ് ആയതിനാല്‍ ആ വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം പ്രൊഡക്ഷന്‍ വകയായിരുന്നു നിശ്ചയിച്ചിരുന്നത് എന്ന് മാനേജര്‍ സുജിത്ത് അയിനിക്കല്‍ പറഞ്ഞു. കൂട്ടുകുടുംബത്തിലെ അംഗങ്ങളും വിരുന്നുകാരും കൂടി ആയപ്പോള്‍ പിന്നൊന്നും ബാക്കിയുണ്ടായില്ല, ചിക്കന്‍ കാല് കടിച്ചു നടന്നിരുന്ന കുട്ടികള്‍ അപ്പോഴേക്കും ഉറക്കം ആരംഭിച്ചിരുന്നു, ഇതേസമയം സംഘാടകര്‍ യൂണിറ്റുകാര്‍ക്ക് വേണ്ടിയുള്ള ഭക്ഷണത്തിനായി കോഴിക്കോട്ടെ ഹോട്ടലുകള്‍ കയറിയിറങ്ങുകയായിരുന്നു.

രാത്രി സീനിനുള്ള ലൈറ്റപ് കഴിഞ്ഞ്‌ തയ്യാറായി ഇരിക്കുമ്ബോള്‍ ഗൃഹനാഥന്‍ വന്ന് പറഞ്ഞു 7 മണിക്ക് നിര്‍ത്തണം, ആ സമയം ഉമ്മ ഉറങ്ങാന്‍ കിടക്കും. അതെങ്ങിനെ ശരിയാകും , ഒരുപ്പാട് രാത്രി സീനുകളുണ്ട്, 9 മണി വരെയെങ്കിലും ഷൂട്ട് ചെയ്യണം. അല്ലെങ്കില്‍ പണികിട്ടും. ഹുസൈന്‍ സാഹിബ് പറഞ്ഞു, ‘ഇന്നിനി ഇങ്ങനെ പോകട്ടെ, നാളെ മുതല്‍ എല്ലാം ശരിയാകും’.

പിറ്റേന്ന് മുതല്‍ അവരുടെ സമയവുമായി ഞങ്ങള്‍ താദാത്മ്യം പ്രാപിച്ചിരുന്നു, എങ്കിലും സമയബന്ധിതമായി ഷൂട്ടിംഗ് തീര്‍ക്കാന്‍ യൂണിറ്റില്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീട്ടില്‍ ആരുമില്ല, ഗൃഹനാഥനെ വിളിച്ചപ്പോള്‍ പറഞ്ഞു ‘ഞങ്ങള്‍ ഇത്താടെ വീട്ടിലാ.. ഇന്ന് ഷൂട്ടിംഗ് നടക്കില്ല’ ഉടന്‍ തന്നെ ഞാന്‍ ഷിഫ്റ്റ് പറഞ്ഞു.
പള്ളിയില്‍ പോയി ആദ്യ സീന്‍ എടുത്തു, ആ സീനില്‍ പി ടിയും നജീബ്ക്കയും അഭിനയിച്ചു. അവിടന്ന് പ്രധാന വീടിന് മാച്ച്‌ ചെയ്യുന്ന റൂമുകള്‍ ആദ്യം ലൊക്കേഷന്‍ കണ്ട ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുത്ത് കൊണ്ട് അങ്ങോട്ട് പോയി, ബെഡ് റൂം ലൈറ്റ് അപ് തുടങ്ങി, നേരം വൈകിയെത്തിയ ഭാരവാഹികള്‍ ചോദിച്ചു,

”ബെഡ് റൂമില്‍ എന്താ പരിപാടി”.
ഞാന്‍ സീന്‍ വിവരിച്ചു,
‘രാത്രിയില്‍ നായികയും ഭര്‍ത്താവും റൂമിലിരുന്ന് ഭര്‍ത്താവിന്റെ വീട്ടുകാരെ കുറിച്ച്‌ സംസാരിക്കുകയാണ്’.
അദ്ദേഹം പറഞ്ഞു.

‘സലാം സാഹിബേ, നമ്മുടെ സിനിമയില്‍ കിടപ്പറ രംഗം നടക്കില്ല’,
ഞാന്‍ തര്‍ക്കിച്ചു ”കിടപ്പറയില്‍ ഇവര്‍ വേറൊന്നും ചെയ്യുന്നില്ല, കെട്ടിപിടിക്കുന്നില്ല, തൊടുന്നു പോലുമില്ല, വെറുതെ ഇരുന്നു കൊണ്ട് സംസാരിക്കുകയാണ്”.

‘അത് ശരിയാവില്ല, സ്ത്രീയും പുരുഷനും ഒരു മുറിയില്‍ അടച്ചിരിക്കുന്നത് നമ്മുടെ സിനിമയില്‍ കാണിക്കാന്‍ പറ്റില്ല, അത് തെറ്റായ സന്ദേശം നല്‍കും . അത് നമ്മുടെ വിശ്വാസികള്‍ക്ക് സഹിക്കാന്‍ പറ്റില്ല’.
‘സിനിമയില്‍ ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരല്ലേ അതിനെന്താ കുഴപ്പം’ ? ഞാനും വിട്ടില്ല.
”ഒരന്യ സ്ത്രീയും പുരുഷനും ഒരു മുറിയില്‍ അടച്ചിരിക്കാന്‍ പാടില്ല”. അയാള്‍ ശഠിച്ചു. ഞാന്‍ ഷൂട്ടിംഗ് നിര്‍ത്തി വെച്ചു.

പി. ടി. എന്റെ അടുത്തെത്തി തന്മയത്വത്തോടെ പറഞ്ഞു, ”ഇത്തരത്തിലുള്ള സീനുകളെ പ്രസ്ഥാനം എന്നും വിമര്‍ശിച്ചിട്ടുള്ളതാണ്, അതേ സീനുകള്‍ തന്നെ നമ്മുടെ സിനിമയില്‍ വന്നാല്‍ പൊതുസമൂഹത്തോട് എന്ത് മറുപടി പറയും, ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരില്‍ സലാം സാഹിബിന് ഈ സീന്‍ ഇതേ രീതിയില്‍ ഷൂട്ട് ചെയ്യാം, എന്നാല്‍ ഈ ഒരൊറ്റ കാരണം കൊണ്ട് നമ്മുടെ വധു വെളിച്ചം കാണാതെ പോയെന്നിരിക്കും….” ആ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. ആ സീന്‍ ഞാന്‍ വേറെ രീതിയില്‍ ഷൂട്ട് ചെയ്തു. അവര്‍ക്ക് സന്തോഷമായി. പി ടി എന്നെ ആശ്വസിപ്പിച്ചു, ‘കലയിലല്ലേ നമുക്ക് വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ കഴിയൂ’, ഞാന്‍ എന്റെ ദേഷ്യം പ്രകടിപ്പിച്ചു, ”ഇത് കലയല്ല, കലയെ കൊല ചെയ്യുകയാണ്. ഒന്നാമത് നിങ്ങള്‍ക്ക് പറഞ്ഞ പണിയല്ല സിനിമാ പിടുത്തം. എനിക്കിതെങ്ങിനെയെങ്കിലും ഒന്ന് തീര്‍ത്താല്‍ മതി, ഏറ്റെടുത്തു പോയില്ലേ”.
പി. ടി. അബ്ദുറഹിമാന്‍ സാഹിബ് മറുത്തൊന്നും പറഞ്ഞില്ല. എന്റെ പ്രതികരിക്കാനുള്ള അവകാശത്തെ അംഗീകരിച്ചു തന്നു. അവരും പരിമിതിയില്‍ നിന്ന് വീര്‍പ്പ്‌ മുട്ടുകയാണല്ലോ. കലയോടും സാഹിത്യത്തോടും കാലികമായി സംവദിക്കുമ്ബോള്‍ സ്വതന്ത്ര ആഖ്യാനത്തില്‍ മതത്തെയും വിശ്വാസത്തെയും തൃപ്തിപ്പെടുത്തുക എളുപ്പമല്ലെന്ന് എനിക്ക് ബോദ്ധ്യമായി. എന്നെ ഏറെ അലട്ടിയിരുന്ന കഥയുടെ നട്ടെല്ലായ അസ്മയുടെ പരിവര്‍ത്തനം വേഷവിതാനത്തിനപ്പുറം സംഭാഷണ നിയന്ത്രണങ്ങളിലൂടെ ഞാന്‍ പരിഹരിച്ചു. എങ്കിലും വീടകത്ത് രോഗിയായി കിടക്കുമ്ബോള്‍ പോലും സിനിമയെ ഹലാലാക്കാന്‍ അസ്മ ധരിച്ചിരിക്കുന്ന സ്കാഫ്‌ ഒരു കല്ലുകടിയായി എന്റെ ഉള്ളില്‍ നിറഞ്ഞു.

എല്ലാ പ്രതിസന്ധികള്‍ക്കിടയിലും വധു (https://youtu.be/lZLXmNqnLII) പൂര്‍ത്തിയായി. പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച്‌ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി സിനിമയെ കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ ഏറെ പ്രോത്സാഹനപ്രദമായിരുന്നു.

സക്കറിയയുമായുള്ള ബന്ധം അന്ന് തുടങ്ങിയതാണ്. അക്കാലത്ത് വിദ്യാര്‍ത്ഥിയായിരുന്ന സക്കറിയ വധുവിന്റെ ഷൂട്ടിങ് പരിസരങ്ങളില്‍ പ്രസ്ഥാനത്തിന്റെ ഭഗവാക്കായി കൂടെത്തന്നെയുണ്ടായിരുന്നു. പിന്നീട് വ്യക്തിപരമായി ഏറെ അടുത്ത ഞങ്ങള്‍ ഒരുമിച്ച്‌ നിരവധി സിനിമാ യാത്രകള്‍ ചെയ്തു. സുഡാനി ഫ്രം നൈജീരിയയിലൂടെ അഭിമാനമായ സക്കറിയ ഹലാല്‍ ലവ്‌ സ്റ്റോറിയിലൂടെ തന്റെ കഴിവ് ഒന്ന് കൂടി അടയാളപ്പെടുത്തി. നന്ദി സക്കറിയ, ഹലാല്‍ ലവ്‌ സ്റ്റോറിയിലൂടെ പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ട് പോയതിന്.

NB : സിനിമയില്‍ സഹസംവിധായകനായതില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്റെ ഉപ്പ ബാപ്പു ഹാജിയായിരുന്നു. നിയമത്തിലും ധനതത്വശാസ്ത്രത്തിലും ജേര്‍ണലിസത്തിലും ബിരുദമെടുത്ത മകന്‍ വഴിതെറ്റി സിനിമയിലെത്തിയതിന്റെ എതിര്‍പ്പായിരിക്കാം, അവരുടെ പ്രതീക്ഷ തകര്‍ന്നതിലുള്ള ദേഷ്യവുമാകാം കാരണം. വധുവിന്റെ ഷൂട്ടിങ് എല്ലാം കഴിഞ്ഞ്‌ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഉപ്പയും കൂട്ടുകാരും ചേര്‍ന്ന് വധുവിന്റെ സീഡിയുമായി വീടുകളില്‍ കയറിയിറങ്ങി വില്പന നടത്തുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ”സന്തുഷ്ട ഇസ്ലാമിക കുടുംബം’ കാമ്ബയിന്റെ ഭാഗമായി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു, സിഡി വില്പന. അബുദാബിയിലെ ജീവിതം ഉപ്പാനെ കമ്യൂണിസ്റ്റ്കാരനില്‍ നിന്നും ഇസ്‌ലാമിക ജീവിതത്തിലേക്ക് പതുക്കെ പരിവര്‍ത്തന വിധേയമായി കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. വധുവിനെ കുറിച്ച്‌ ഉപ്പയുടെ കൂട്ടുകാരും, നാട്ടുകാരും പറഞ്ഞ നല്ല അഭിപ്രായങ്ങളിലൂടെ എന്റെ ഉപ്പ എന്നിലെ സംവിധായകനെ ഉള്‍കൊള്ളാന്‍ തുടങ്ങുകയായിരുന്നു. അതുവരെ ഹറാമായ സിനിമയുടെ ഭാഗമായിരുന്ന എന്നെ വധുവിലൂടെ ഹലാലായ സംവിധായകനായി ഉപ്പയും നാട്ടുകാരും അംഗീകരിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരിചയക്കാരുടെയും വീടുകളില്‍ പോകുമ്ബോള്‍ അവിടെയെല്ലാം വധുവിന്റെ ഒരു സിഡി ഉണ്ടാകും. കാണുന്നവരെല്ലാം സിനിമയെ കുറിച്ച്‌ അക്കാലത്ത് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു.

ആ വര്‍ഷത്തെ ജീവന്‍ ടിവി ടെലിവിഷന്‍ അവാര്‍ഡില്‍ വധുവിന് മികച്ച രണ്ടാമത്തെ സിനിമക്കും, മികച്ച നടിയായി ഗീത വിജയനും രണ്ടാമത്തെ നടാനായി കോഴിക്കോട് നാരായണന്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു, എനിക്ക് സംവിധാനത്തിനുള്ള സ്പെഷ്യല്‍ മെന്‍ഷനും ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button