GeneralLatest NewsMollywoodNEWS

ദാമ്പത്യത്തിലെ കെട്ടിപ്പിടുത്തം സിനിമയിൽ കാണിക്കാമോ, സിനിമയിലെ പോലെ കെട്ടിപ്പിടിത്തമൊക്കെ ദമ്പതികൾക്കിടയിൽ ഉണ്ടാകുമോ ?

മധ്യവയസ്കനായ ഭർത്താവ് കട്ടിലിൽ കിടക്കുന്നു. ഭാര്യ മുറിയിലേക്ക് കടന്നുവന്ന് താഴെ പായ വിരിച്ചുറങ്ങുന്നു.

പ്രണയവും ദാമ്പത്യവുമെല്ലാം പൊതുസമൂഹത്തിനു മുന്നിൽ വരച്ചിടുന്ന സിനിമകളിൽ ആവിഷ്കരിക്കപ്പെടുന്നത് സദാചാരത്തിന്റെ കണ്ണുകളിൽ കൂടിയാണ്. അതുകൊണ്ടു തന്നെ ദാമ്പത്യത്തിലെ കെട്ടിപ്പിടുത്തം സിനിമയിൽ കാണിക്കാമോ, സിനിമയിലെ പോലെ കെട്ടിപ്പിടിത്തമൊക്കെ ദമ്പതികൾക്കിടയിൽ ഉണ്ടാകുമോ ? എന്നു സിനിമകളിലെ രംഗങ്ങള്‍ ഉദാഹരണമാക്കി ആ ചോദ്യത്തിനുത്തരം പറയുകയാണ് നജീബ് മൂടാടി.

 നജീബ് സോഷ്യൽ മീഡിയ പോസ്റ്റ്

മധ്യവയസ്കനായ ഭർത്താവ് കട്ടിലിൽ കിടക്കുന്നു. ഭാര്യ മുറിയിലേക്ക് കടന്നുവന്ന് താഴെ പായ വിരിച്ചുറങ്ങുന്നു.
നമ്മുടെ സിനിമകളിലെ പതിവ് കാഴ്ചകളിൽ ഒന്നാണിത്. കിടപ്പറയിൽ പോലും ‘സാമൂഹിക അകലം’ പാലിക്കുന്ന ദാമ്പത്യചിത്രീകരണം!.
ദാമ്പത്യത്തിലെ കെട്ടിപ്പിടുത്തം സിനിമയിൽ കാണിക്കാമോ, സിനിമയിലെ പോലെ കെട്ടിപ്പിടിത്തമൊക്കെ ദമ്പതികൾക്കിടയിൽ ഉണ്ടാകുമോ തുടങ്ങിയ ചില ചോദ്യങ്ങൾ കൂടി ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചർച്ചയുമായി ബന്ധപ്പെട്ട് ഉയർന്നു വരുമ്പോൾ നമ്മുടെ സിനിമകൾ ദമ്പതികൾക്കിടയിലെ ഇമ്മാതിരി അടുപ്പങ്ങൾ എത്രത്തോളം പറയാറുണ്ട് എന്ന് അന്വേഷിക്കുന്നതും കൗതുകകരമായിരിക്കും.

read also:അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറി; വനിത പീറ്ററിന്റെ കരണത്തടിച്ചു, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു!! താരദമ്പതിമാർ പുതിയ വിവാദത്തിൽ

എല്ലാ പ്രതിബന്ധങ്ങളെയും തകർത്തുള്ള വിവാഹത്തിൽ അവസാനിക്കുന്ന പ്രണയം നിർബന്ധിത ചേരുവയായ സിനിമകളാണ് നമുക്ക് ബഹുഭൂരിപക്ഷവും. അതുകൊണ്ട് തന്നെ വിവാഹത്തിന് മുമ്പുള്ള പ്രണയത്തിനും കെട്ടിപ്പിടിക്കലുകൾക്കും നമ്മുടെ സിനിമകളിൽ ഒരു പഞ്ഞവുമില്ല. എന്നാൽ ആദ്യരാത്രിയോടെ അവസാനിക്കുന്നതാണ് നമ്മുടെ സിനിമകളിലെ ഈ അടുപ്പങ്ങളൊക്കെയും. ദാമ്പത്യത്തിൽ ഇമ്മാതിരി ഏർപ്പാടുകൾക്കൊന്നും ഒരു സ്ഥാനവും ഇല്ല എന്നാണ് നമ്മുടെ ബഹുഭൂരിപക്ഷം സിനിമകളും വ്യംഗ്യമായെങ്കിലും പറയുന്നത്. വല്ല തെറ്റിദ്ധാരണയും മൂലം അകന്നു കഴിഞ്ഞ ദമ്പതികൾ ഒന്നിക്കുമ്പോഴോ, ഉറ്റവരുടെ മരണം പോലുള്ള കടുത്ത ആഘാതങ്ങൾ ഉണ്ടാവുമ്പോഴോ സർവ്വദുഖവും കടിച്ചമർത്തി നിൽക്കുന്ന കെട്ട്യോന്റെ നെഞ്ചിൽ തലവെച്ചു കരയുന്ന ഭാര്യയും ആശ്വസിപ്പിക്കുന്ന ഭർത്താവും എന്നതിനപ്പുറമുള്ള ഒരു ആലിംഗനവും നമ്മുടെ ബഹുഭൂരിപക്ഷം സിനിമകളിലും ദമ്പതികളായ കഥാപാത്രങ്ങളിൽ കാണാൻ കഴിയില്ല. ഇനി ഏതെങ്കിലും സിനിമയിലെ നായകന് അമ്മാതിരി വല്ല തോന്നലും ഉണ്ടായാൽ ‘ദേ നാണമില്ലല്ലോ മനുഷ്യാ… കുട്ടികൾ കാണും’ എന്ന് പറഞ്ഞു അടുക്കളയിലേക്കോടുന്ന നായികമാരാണ് നമുക്ക് പഥ്യം.

മലയാളത്തിലെ വിജയചിത്രങ്ങളിൽ ഒന്നായ ‘പവിത്ര’ത്തിന്റെ കഥയോർക്കുക. മധ്യവയസ്കരായ ദമ്പതികൾക്ക് വീണ്ടും ഒരു കുഞ്ഞുണ്ടാവുന്നത് വളരെ അപമാനകരമായ ഒന്നായാണ് അവരുടെ ചുറ്റുമുള്ള സമൂഹം കാണുന്നത്. ‘ഇവർക്കിടയിൽ ഇപ്പോഴും…അയ്യേ’ എന്ന മട്ട്. ഒരു കുറ്റവാളിയെ പോലെയാണ് തുടർന്നുള്ള അച്ഛന്റെ ഭാവങ്ങൾ. എന്തിന് പ്രസവത്തിൽ ഭാര്യ മരിക്കുന്നതോടെ അയാൾ അപമാനം സഹിക്കാനാവാതെ നാടുവിട്ടു പോകുന്നുമുണ്ട്!
‘വാത്സല്യം’ സിനിമയിൽ എമ്പാടും മുറികളും മുത്തശ്ശിയുമൊക്കെ ഉള്ള വീടാണെങ്കിലും ഭർത്താവ് കട്ടിലിലും ഭാര്യ മക്കളുമായി നിലത്തുമേ കിടക്കൂ.
“ഇന്ന് മക്കളുടെ ശല്യല്ലാ… ലൈറ്റ് കെടുത്തട്ടെ. കെടുത്തില്ലേലും എനിക്ക് പരാതിയില്ലാ” എന്ന് ഭർത്താവ് പറയുമ്പോൾ
“എനിക്ക് പരാതിയുണ്ട്” എന്ന് ചിരിക്കുന്ന ഭാര്യയല്ലെങ്കിൽ നമ്മുടെ സിനിമകളിലെ സ്ത്രീ സങ്കല്പത്തിന് ചേരില്ല.

ഭർത്താവ്, മക്കൾ, വീട്, ജോലി തുടങ്ങിയ ഉത്തരവാദിത്തങ്ങളുടെ ഭാരം കൊണ്ട് കനത്ത മുഖങ്ങളുമായി ജീവിക്കുന്ന ഒച്ചയമർത്തി സംസാരിക്കുന്ന വീട്ടമ്മമാർ നമ്മുടെ ഏതാണ്ടൊക്കെ സിനിമകളിലെയും സ്ഥിരം കാഴ്ചയാണ്. അങ്ങനെയല്ലാത്ത ഭാര്യയെ ‘ബാംഗ്ലൂർ ഡെയ്സി’ൽ വനിതാ സംവിധായിക ആയിട്ടും നെഗറ്റീവ് ഷേഡിൽ ആണ് അവതരിപ്പിച്ചത് എന്നോർക്കുക.

“എന്തക്രമമാണ്‌ നീയീ കാണിക്കുന്നേ…. ഞാൻ വീട്ടിലേക്ക് വരാം….ആരെങ്കിലും കാണും” ന്ന് അരയിൽ ഉറുക്ക് കെട്ടാൻ വരുന്ന ഭാര്യയെ തെറ്റിദ്ധരിച്ച് പറയുന്ന മണിച്ചിത്രത്താഴിലെ ഇന്നസെന്റ് കഥാപാത്രവും വളിച്ച ചിരിയുമായി നിൽക്കുന്ന കെ. പി. എ. സി. ലളിതയുടെ ഭാര്യയും നമ്മെ ചിരിപ്പിക്കുന്നത് ആ ‘അക്രമം’ ഓർത്താണ്.

read also:ഭാര്യക്ക് പ്രായം കൂടുന്നു; വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി രമേഷ് പിഷാരടി

ദമ്പതികൾക്കിടയിലെ പ്രണയം മനോഹരമായി ആവിഷ്കരിച്ച വി. ജെ. ജെയിംസിന്റെ ‘പ്രണയോപണിഷത്ത്’ സിനിമയായി വന്നപ്പോഴും കഥയിലെ ആ മനോഹാരിത ലഭിച്ചിട്ടില്ല. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പോലെ അപൂർവ്വം മലയാള സിനിമകളിലേ ദാമ്പത്യത്തിലെ പ്രണയവും ശാരീരിക അടുപ്പവുമൊക്കെ കുറച്ചെങ്കിലും ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ളൂ.

ഇത് നമ്മുടെ മലയാളം സിനിമയുടെ മാത്രം അവസ്ഥയല്ല ചില ഹിന്ദി സിനിമകൾ ഒഴിച്ചാൽ ഏതാണ്ടെല്ലാ ഇന്ത്യൻ സിനിമകളിലും ദാമ്പത്യത്തിലെ പ്രണയക്കാഴ്ച്ച ഡയലോഗിനപ്പുറം വല്ലാതെ ഉണ്ടാവാറില്ല. അത്തരം ‘ചാപല്യങ്ങൾ’ ഒന്നുമില്ലാത്ത ‘പക്വതയും പാകതയും’ എത്തിയ പുരുഷന്മാരും ‘ഭാവശുദ്ധി’യുള്ള സ്ത്രീകളും മാത്രമായ ‘ഹലാൽ കാഴ്ചകൾ’ തന്നെയാണ് നമ്മുടെ സിനിമകളിലെ ദമ്പതികളുടെ ചിത്രീകരണം.

വിവാഹത്തോടെ പ്രണയവും പ്രസവത്തോടെ ഇണയോടുള്ള ശാരീരിക താൽപര്യവും കുറഞ്ഞുപോകുന്നത് സ്വാഭാവികമെന്ന് മനോഭാവമുള്ള നമ്മുടെ സമൂഹത്തിന് നേരെ ക്യാമറ വെക്കുന്നത് കൊണ്ടാവുമോ നമ്മുടെ സിനിമകളിലെ ദാമ്പത്യം വരണ്ടതും വിരസവുമായ കാഴ്ചയായിപ്പോകുന്നത്.
(✍️നജീബ് മൂടാടി)

shortlink

Related Articles

Post Your Comments


Back to top button