CinemaGeneralLatest NewsNEWS

അമ്മ തരുന്ന മഴയിൽ ഇടിമിന്നലുകൾ ഉണ്ടാവാറില്ല: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രഘുനാഥ് പലേരി

ഇത്തിരി നനവുണ്ടെങ്കിലും അടുത്ത സൂര്യോദയ ശേഷവും എടുത്തങ്ങ് ഇടും

‘ഗൃഹാതുരത്വം’ എന്ന വാക്കിനെ അനുസ്മരിപ്പിക്കുന്ന ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി പ്രശസ്ത തിരക്കഥാകൃത്തും, ചെറു കഥാകൃത്തുമായ രഘുനാഥ് പലേരി. വേറിട്ട എഴുത്തുകള്‍ വായകനക്കാര്‍ക്ക് സമ്മാനിച്ചു കൊണ്ട് മുഖ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രഘുനാഥ് പലേരിയുടെ മറ്റൊരു മനോഹരമായ എഴുത്ത് വായിക്കാം

അലക്കു കല്ലിൽ അമ്മ വസ്ത്രങ്ങൾ അടിച്ചു തിരുമ്പുമ്പോൾ ചുറ്റും വളർന്നു നിൽക്കുന്ന വലിയ ചേമ്പിലകളിലേക്ക് വെള്ളം മഴച്ചാറൽപോലെ തെറിക്കും. ആനച്ചെവിയുടെ വലുപ്പമുള്ള ചേമ്പിലകൾക്ക് ആ അലക്കുമഴ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ അടുത്ത് എന്തെങ്കിലും സഹായത്തിനായി നിൽക്കുന്ന എനിക്കും കിട്ടും ആ മഴ.
“മാറി നിൽക്ക് നീ നനയും..” എന്നമ്മ പറയും.
ഞാൻ മാറിയിട്ടില്ല ഇന്നു വരെ.
അതാണ് അതിൻറെ രസം.
അമ്മ തരുന്ന മഴയിൽ ഇടിമിന്നലുകൾ ഉണ്ടാവാറില്ല. അതെന്തുകൊണ്ടാണെന്ന് ഇതുവരെ ചിന്തിച്ചിട്ടുമില്ല. എല്ലാം ഒരു അലക്കലല്ലേ. ദിവസവും നമ്മൾ നമ്മളെ തന്നെ അലക്കിയിടുകയല്ലേ. ഉണങ്ങിക്കിട്ടിയാൽ ഭാഗ്യം. ഇത്തിരി നനവുണ്ടെങ്കിലും അടുത്ത സൂര്യോദയ ശേഷവും എടുത്തങ്ങ് ഇടും. സകല നനവും മനസ്സ് ഉണക്കിക്കോളും. അങ്ങിനല്ലേ ഡേവിഡും, ബാൽജിയും വസന്തയും രാഘവൻനായരും സുബ്രമണ്യനും പത്മാവതിയും മുരളിയും പ്രഭാകരനും അരവിയും അജിയും അൻവറും ഉപ്പച്ചിയും ഷാനവാസും പുടിനും എല്ലാം പൂത്തുലഞ്ഞു നിന്നതും നിൽക്കുന്നതും.
അലക്കി കഴിഞ്ഞാൽ അമ്മ എല്ലാം അഴലിൽ വിരിച്ചിടും. അടുപ്പിച്ചു കെട്ടിയ അഴലുകളിൽ ആടിയാടി ഉണങ്ങുന്ന വസ്ത്രങ്ങൾക്കിടയിലൂടെ നടക്കണം. അതൊരു സുഖമാണ്. ആ സുഖം വ്യക്തമാക്കുന്ന വാക്കുകൾ ഭാഷയിൽ ഇല്ല. കണ്ണിലെ തിളക്കമായി മാത്രമേ അതെഴുതാൻ കഴിയൂ. അതറിയണമെങ്കിൽ അതറിയുന്നവരുടെ കണ്ണിലേക്ക് നോക്കണം. അങ്ങിനെ കണ്ണിലേക്ക് നോക്കി ആനന്ദവും പരമാനന്ദവും ദർശിക്കുന്നവർ ഇപ്പോൾ അപൂർവ്വമാവാം. ഒരുപക്ഷെ നിറയെ ഉണ്ടാവാം.
അറിയില്ല.
ആറിയിടുന്ന വസ്ത്രങ്ങളിൽ മഴ വീഴുമ്പോൾ വെപ്രാളത്തോടെ ഒരു ഓട്ടമുണ്ട്. ഓടിച്ചാടി സകലതും എടുത്ത് തോളിലും കൈയ്യിലും ഇട്ട് തിടമ്പേറ്റിയ ആനയെപോലെ അകത്തെത്തുമ്പോഴേക്കും നെറ്റിയിലും ദേഹത്തും തലമുടിയിലും മഴ തലോടിയിട്ടുണ്ടാവും.
എന്നാൽ എനിക്കേറ്റവും ഇഷ്ടം പറമ്പിലെ കുറ്റിച്ചെടികൾക്ക് മുകളിൽ വിടർത്തി വിരിച്ച് ആറിയിടുന്ന വസ്തങ്ങൾ കാണുന്നതാണ്. അവയങ്ങിനെ വെയിലേറ്റ് പെട്ടെന്നുണങ്ങും. ഉണങ്ങും നേരം അവയ്ക്കരികിലൂടെ നടന്നാൽ ഒരു പ്രത്യേക വാസന അനുഭവപ്പെടും. നനവും ചൂടും വസ്ത്രത്തോട് യാത്ര പറയുന്ന സംസാരത്തരികളുടെ മണമാവാം അത്. എന്തോ, അത് വ്യക്തമാക്കാനും ഭാഷയിൽ വാക്കുകൾ ഞാൻ കാണുന്നില്ല.
ഭാഷ ഒരു പ്രണയ ഭാവമാണ്. തെളിവോടെ പ്രകടിപ്പിക്കാനോ അനുഭവിക്കാനോ ഇന്നുവരെ സാധിക്കാത്തൊരു വിക്രസ്സാണ് പ്രണയം എന്നത് പ്രണയത്തിൽ സ്വയം അലക്കിയെടുക്കുന്നവർക്കല്ലേ അറിയൂ.
…………………
ചിത്രത്തിൽ, പരസ് പരം പ്രണയിച്ചു നിൽക്കുന്ന വസ്ത്രങ്ങളും കാറും.

shortlink

Related Articles

Post Your Comments


Back to top button